ADVERTISEMENT

ഷാർജ∙ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപക, അനധ്യാപക ജീവനക്കാരെ ആവശ്യമുണ്ടെന്ന് അറിയിച്ച്  തട്ടിപ്പിന് ശ്രമം. സമൂഹമാധ്യമത്തിലൂടെ ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാനുള്ള റിക്രൂട്ടിങ് ഏജൻസി എന്ന പേരിലാണ് വീസയ്ക്കും വിമാന ടിക്കറ്റിനും മറ്റുമായി വൻതുക ആവശ്യപ്പെട്ട് തട്ടിപ്പ് ശ്രമം നടത്തുന്നത്. ഇത്തരത്തിൽ ഒരു റിക്രൂട്ടിങ് ഏജൻസിയെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും തട്ടിപ്പിൽപ്പെടാതെ ജാഗ്രത പാലിക്കണമെന്നും സ്കൂളുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര അറിയിച്ചു.  ജോലി ആവശ്യങ്ങൾക്കായി  ആരിൽ നിന്നും പണം സ്വീകരിക്കുന്നത് ഇന്ത്യൻ അസോസിയേഷന്‍റെ രീതിയല്ലെന്നും വ്യക്തമാക്കി.

∙ മികച്ച ശമ്പളം; താമസ സൗകര്യം: വാഗ്ദാനപ്പെരുമഴ
വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്കിലുമുൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് വൻ ശമ്പളമടക്കമുള്ള ആകർഷകമായ പാക്കേജുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പിനുള്ള നീക്കം നടത്തിയത്. ഒന്നിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും അത്തരം പ്ലാറ്റ്‌ഫോമുകളും ഞങ്ങളുടെ പേരിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് ബയോഡാറ്റ  സ്വീകരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം അനധികൃത നീക്കങ്ങൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നിസാർ തളങ്കരയും ജനറൽ സെക്രട്ടറി ശ്രീപ്രകാശും അറിയിച്ചു

ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വ്യാജ അറിയിപ്പ്.  ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഷാർജ ഇന്ത്യൻ സ്കൂളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വ്യാജ അറിയിപ്പ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്

സ്കൂൾ ജീവനക്കാർക്ക് സാധാരണ ലഭിക്കുന്നതിലും കൂടുതൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളുമാണ് ദുബായ് ജോബ് എന്ന വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ തട്ടിപ്പ് നടത്തുന്നവർ വാഗ്ദാനം ചെയ്യുന്നത്. കുട്ടികളെ സ്കൂൾ ബസിലെത്തിക്കുക, തിരിച്ചുകൊണ്ടുവിടുക, അവരുടെ ബാഗുകളും മറ്റും സൂക്ഷിക്കുക തുടങ്ങിയ വളരെ എളുപ്പമുള്ള ജോലിക്ക് 2,200 ദിർഹമാണ് പ്രതിമാസ ശമ്പളം!. സൗജന്യ താമസം, വാരാന്ത്യ അവധി, ദിവസവും 10 മണിക്കൂർ ജോലി എന്നിവയടങ്ങുന്നതാണ് പാക്കേജ്!!. 20 മുതൽ 45 വയസ്സ് പ്രായമുള്ള, അൽപ്പം ഇംഗ്ലിഷ് സംസാരിക്കാനറിയാവുന്നവർക്ക് താത്പര്യമുണ്ടെങ്കിൽ പാസ്പോർട് കോപ്പി അയച്ചുകൊടുത്താൽ വീസയും ജോലിയും നൽകുമെന്നാണ് വാഗ്ദാനം. 

∙കൈക്കലാക്കുന്നത് വൻ തുക; പലരും കുടുങ്ങി
വീസ, വിമാന ടിക്കറ്റ്, ഇൻഷുറൻസ്, മെഡിക്കൽ എന്നിവയ്ക്കെല്ലാം കൂടി ആകെ 96,000 രൂപയാണ് നൽകേണ്ടത്. 35,000 രൂപ മുൻകൂറായി നൽകണം. ബാക്കി തുക രണ്ട് തവണയായും. എന്നാൽ വീസ ലഭിച്ച ശേഷം മുഴുവൻ തുകയും നൽകിയാലേ യാത്ര പുറപ്പെടാനാകൂ. വാട്സാപ്പ് ഗ്രൂപ്പ് വഴി പാസ്പോർട് കോപ്പി അയച്ചുകൊടുക്കണം.  ഇവരുടെ തട്ടിപ്പിൽപ്പെട്ട് നാട്ടിലുള്ള ഒട്ടേറെ പേർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്ന് നിസാർ തളങ്കര പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പിൽ നൽകിയിട്ടുള്ള ഫോൺ നമ്പരിലേക്ക് വിളിച്ചാൽ വോയിസ് മെസേജിലേയ്ക്കാണ് കോൾ പോകുന്നത്. ആൺകുട്ടികള്‍ക്കും പെൺകുട്ടികൾക്കും പ്രത്യേകം കെട്ടിടങ്ങളുള്ള ഷാർജ ഇന്ത്യൻ സ്കൂളുകളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിക്കുന്നത്. മലയാളികളടക്കം ഒട്ടേറെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി‍ഡന്‍റ് നിസാർ തളങ്കര. ജനറൽ സെക്രട്ടറി ശ്രീപ്രകാശ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി‍ഡന്‍റ് നിസാർ തളങ്കര. ജനറൽ സെക്രട്ടറി ശ്രീപ്രകാശ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ജോലി–വീസാ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ്  പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച്  നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.  സൈബർ കുറ്റകൃത്യത്തിലേ‍ർപ്പെട്ട വൻ സംഘത്തെ യുഎഇ പൊലീസ് ഇടയ്ക്കിടെ പിടികൂടാറുണ്ട്.

∙ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.html) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു. 

English Summary:

Alert: Fraudulent Activity Using Sharjah Indian School's Name

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി‍ഡന്‍റ് നിസാർ തളങ്കര. ജനറൽ സെക്രട്ടറി ശ്രീപ്രകാശ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി‍ഡന്‍റ് നിസാർ തളങ്കര. ജനറൽ സെക്രട്ടറി ശ്രീപ്രകാശ്. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com