ഹൂസ്റ്റണിൽ നായ്ക്കളുടെ ആക്രമണം; 69കാരന് ദാരുണാന്ത്യം
Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഏക്കർ ഹോംസ് ഏരിയയിൽ ബുധനാഴ്ച അയൽവാസിയുടെ നായ്ക്കളുടെ ആക്രമണത്തിൽ 69കാരനു ദാരുണാന്ത്യം. അന്റോയിൻ ഡ്രൈവിന്റെയും വെസ്റ്റ് ലിറ്റിൽ യോർക്ക് റോഡിന്റെയും കവലയ്ക്ക് സമീപമുള്ള ഷെറാട്ടൺ ഓക്സ് ഡ്രൈവിലെ ഒരു വീട്ടിൽ പുലർച്ചെ നാലു മണിക്കാണ് സംഭവമെന്ന് ഹൂസ്റ്റൺ പൊലീസ് ഡിപാർട്ട്മെന്റ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ വിശദവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Also read : നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു
മുറ്റത്ത് ബഹളം കേട്ടപ്പോൾ വീട്ടിനുള്ളിലായിരുന്ന കൊല്ലപ്പെട്ടയാൾ പുറത്ത് വന്നു. തന്റെ നായയെ അയൽവാസിയുടെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. സ്വന്തം നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റു നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് വരുന്നതിനു മുൻപുതന്നെ മരണം സംഭവിച്ചിരുന്നു. നായ്ക്കൾ ഇയാളുടെ ശരീരം കടിച്ചു കീറിയെന്നും പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച നായ്ക്കളിൽ ഒന്നിനെ വെടിവച്ചു പരുക്കേൽപ്പിച്ചു. സ്റ്റാഫോർഡ്ഷയർ ടെറിയർ മിക്സുകളായ എല്ലാ നായ്ക്കളെയും പിടികൂടി അനിമൽ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു.
നായ്ക്കൾ എങ്ങനെയാണ് പ്രകോപിതരായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. എന്തെങ്കിലും കുറ്റം ചുമത്തുമോ എന്ന് വ്യക്തമല്ല.
English Summary : Houston man, 69 mauled to death by neighbor's dogs.