ADVERTISEMENT

മിസിസാഗ∙ കാനഡയിലെ പൊതു തിരഞ്ഞെടുപ്പിൽ  രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികൾ ആകാൻ ശ്രമിക്കുന്ന മലയാളികളിൽ  ഒരാൾ വേറിട്ട ശൈലിയിലൂടെ ശ്രദ്ധേയനാകുന്നു -  പ്രവീൺ വർക്കി. ലണ്ടൻ വെസ്റ്റ് റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർഥിയാകുന്നതിനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവർത്തകനായ പ്രവീൺ. 

കോവിഡ് കാലത്ത്, വ്യത്യസ്ത മേഖലകളിൽനിന്നുള്ള വിദഗ്ധരുടെയും സന്നദ്ധ പ്രവർത്തകരുടെയുമെല്ലാം കൂട്ടായ്മയായ ഒന്റാറിയോ ഹീറോസ് എന്ന സംഘടന രൂപീകരിച്ചു നടത്തിയ സാമൂഹിക പ്രവർത്തനങ്ങളിലൂടെയാണ് പ്രവീൺ വർക്കി മലയാളികൾക്കിടയിൽ സുപരിചിതനായത്. മിസിസാഗ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പ്രവീൺ വർക്കി ഒരു സൗഹൃദ സംഗമം ഒരുക്കിയാണ് സ്ഥാനാർഥിയാകാനുള്ള താൽപ്പര്യം ലണ്ടനിലുള്ള മലയാളി സമൂഹത്തോട് പങ്കുവെച്ചത്. അന്ന് പങ്കെടുത്തവരുടെ പൂർണ്ണ വിശ്വാസം  ഉറപ്പിച്ചാണ് മത്സര രംഗത്ത് ഇറങ്ങാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചത്. അടുത്ത ഘട്ടമായി ഇന്ന് റൈഡിങ്ങിലെ   ആളുകൾക്കായി ഫാമിലി ഡേ ആഘോഷം ഒരുക്കുകയാണ്.

കാനഡയിലെ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവിനൊപ്പം പ്രവീൺ വർക്കി.
കാനഡയിലെ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ലീഡറുമായ പിയേർ പൊളിയേവിനൊപ്പം പ്രവീൺ വർക്കി.

റൈഡിങ്ങിലെ വിവിധ കമ്മ്യൂണിറ്റികളുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.  കുട്ടികൾക്കായി വിവിധ കലാപരിപാടികളും ബിസിനസുകാർക്കായി എക്സിബിഷനും സഹിതമാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ആഘോഷത്തിന്‍റെ ഒരു ദിനം സമ്മാനിക്കാൻ കലാ സാംസ്കാരിക പരിപാടികളും ഒരുക്കുന്നുണ്ട്.

വരാനിരിക്കുന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇറങ്ങുന്നതായി പ്രഖ്യാപനം നടത്തിയ മൂന്ന് മലയാളികളിൽ ഒരാളാണ് പ്രവീൺ.  സോഷ്യൽ വർക്കർ, കണ്ണൂരിലെ പേരാവൂർ സ്വദേശി. നാട്ടിലെ കുടിയേറ്റ മേഖലയിൽ കൃഷിയിടങ്ങളിൽ പൊന്നു വിളയിച്ച കുടുംബമായ പെരുമ്പുന്ന വടക്കേമുളഞ്ഞിനാല്‍ വി‌. ഡി വർക്കിയുടെയും മേരിയുടെയും മകൻ. പഠനശേഷം കർണാടകയിലാണ് ആദ്യം സോഷ്യൽ വർക്ക് ജോലി ആരംഭിച്ചത്. യു. കെയിൽ കൾച്ചറൽ ആൻഡ് യൂത്ത് എക്സ്ചേഞ്ച് ഭാഗമായി കുറച്ചുകാലം സേവനം. 12 വർഷം മുമ്പാണ് കാനഡയിൽ എത്തിയത്. ലോങ്ങ് ടേം കെയർ ഹോംസിലും ആശുപത്രികളിലും ഒക്കെയായി സോഷ്യൽ വർക്ക് ജോലി തുടരുന്നതിനിടയാണ് സാമൂഹിക രംഗത്ത്  ഹീറോസിലൂടെ സജീവമായത്. വിവിധ കമ്മ്യൂണിറ്റികളെ കോർത്തിണക്കിയുള്ള പരിപാടികളാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അതാകട്ടെ രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവെപ്പ് കൂടിയായി മാറുകയായിരുന്നു. കാനഡയിലെ ഇപ്പോഴത്തെ പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിന് ശ്രമിക്കുന്ന തലത്തിൽ വരെ എത്തി ഈ യാത്ര.

ഇതിനിടെ മിസിസാഗ- മാൾട്ടൺ പ്രവിശ്യ പാർലമെൻറ് അംഗം ദീപക്ക് ആനന്ദ ഏർപ്പെടുത്തിയ റീമാർക്കബിൾ സിറ്റിസൺ ഉൾപ്പെടെയുള്ള പുരസ്കാരവും തേടിയെത്തി. സോഷ്യൽ വർക്കർ ആയ ഭാര്യ രശ്മി ജോർജും മക്കൾ ഡനിലോ വർക്കി പ്രവീൺ, അബിഗെൽ ജസീന്ത പ്രവീൺ, സേവ്യർ ജോർജ് പ്രവീൺ എന്നിവർ അടങ്ങുന്നതാണ് കുടുംബം.

ശനിയാഴ്ച രാവിലെ പതിനൊന്നു മുതൽ വൈകിട്ട് അഞ്ചു വരെ ലണ്ടന്  സമീപം മിഡിൽസക്സ് കൗണ്ടിയിലെ ഡെലവെയർ കമ്യുണിറ്റി സെന്ററിലാണ് ഫാമിലി ഡേയും കമ്മ്യൂണിറ്റി മീറ്റ് ആൻഡ് ഗ്രീറ്റും  നടക്കുക. പ്രവേശനം സൗജന്യം.   കുടുംബമായി ആസ്വദിക്കാവുന്ന കലാ പരിപാടികൾക്കുപുറമെ കുട്ടികൾക്കായി മാജിക് ഷോ, ബൗൺസിങ് കാസിൽ  ഫേസ് പെയിന്റിംഗ് എന്നിവയുമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: https://praveenvarkey.ca/events/

English Summary:

Praveen is preparing to become a Conservative candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com