ഇരുനൂറിലധികം വീടുകളിൽ നിന്ന് കവർന്നത് 58 കോടി രൂപ; മോഷണരീതി തുറന്ന് പറഞ്ഞ് ജെന്നിഫർ
Mail This Article
ഫ്ലോറിഡ∙ ഇരുനൂറിലധികം വീടുകളിൽ അതിക്രമിച്ച് കയറി 7 മില്യൻ ഡോളർ (58 കോടി രൂപ) മോഷ്ടിച്ച കഥ തുറന്ന് പറഞ്ഞ് യുവതി. യുഎസിൽ 'ലോക്ക്ഡ് ഇൻ വിത്ത് ഇയാൻ ബിക്ക്' എന്ന ഷോയിൽ പങ്കെടുത്ത ജെന്നിഫർ ഗോമസാണ് തന്‍റെ മോഷണരീതികളും തന്ത്രങ്ങളും താൻ കവർച്ച ചെയ്യാൻ പോകുന്ന വീട്ടിൽ എന്താണ് തിരയുകയെന്നും വെളിപ്പെടുത്തിയത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ കവർച്ച നടത്തിയ സ്ഥലത്ത് പ്രവേശിക്കാനും പോകാനും സമർത്ഥയതിനാൽ ക്യാറ്റ് ബർഗ്ലർ (പൂച്ചയെ പോലെ പമ്മി നടന്നുള്ള മോഷണം) എന്ന പേരിലാണ് ജെന്നിഫർ ഗോമസ് അറിയപ്പെട്ടിരുന്നത്.
2011നും 2020നും ഇടയിൽ മോഷണക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞിരുന്ന ജെന്നിഫർ ഗോമസ്, ഫ്ലോറിഡയിലെ സമ്പന്നമായ വീടുകളെയാണ് കൂടുതലും ലക്ഷ്യമിട്ടിരുന്നത്. സമ്പന്നമായ ജീവിതരീതിയുള്ളവരുടെ വീടുകൾ ജെന്നിഫർ പ്രത്യേകമായി നോക്കിവയ്ക്കുമായിരുന്നു. കൂടാതെ, വസ്ത്രധാരണത്തിലും ശ്രദ്ധിക്കുന്ന ജെന്നിഫർ വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങളും വളർത്തുമൃഗങ്ങളുടെ പെരുമാറ്റവും പഠിക്കും. വീടുകളിൽ എളുപ്പത്തിൽ പ്രവേശിക്കാൻ അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചിരുന്നു.
‘‘എന്‍റെ മാതാപിതാക്കൾ ഡോക്ടർമാരായിരുന്നതിനാൽ സമ്പന്നരായ ആളുകൾ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് എനിക്ക് ധാരാളം കാര്യങ്ങൾ അറിയാമായിരുന്നു. അവരുടെ വീടുകളിൽ പലപ്പോഴും സ്വകാര്യത സംരക്ഷിക്കുന്നതിനായി വേലി ഉണ്ടായിരിക്കും. അതിനാൽ അവരുടെ വീട്ടുമുറ്റത്ത് എത്തുമ്പോൾ എനിക്ക് മറഞ്ഞിരിക്കാം’’– ജെന്നിഫർ പറഞ്ഞു. ജയിലിലെ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്ത് വന്നതിൽ പിന്നെ ജെന്നിഫർ ടിക്ക്ടോക്കിൽ സജീവമാണ്. വീടിന് പുറത്ത് നിന്ന് നിങ്ങൾക്ക് പറയാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ നിന്ന് മോഷ്ടാവിന് ധാരാളം വിവരങ്ങൾ ലഭിക്കും. നിങ്ങളുടെ വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും പരസ്യപ്പെടുത്തുന്നത് നിർത്തണമെന്ന് ജെന്നിഫർ കൂട്ടിച്ചേർത്തു.