ADVERTISEMENT

ഡാലസ്  ∙ 15-ാമത് ക്നാനായ കാത്തലിക് കോൺഗ്രസ്‌ ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ) നാഷനൽ കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെസിസിഎൻഎ. എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (കെസിഎസ്എസ്എ ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവെൻഷൻ  ജൂലൈ 4,5,6,7 തീയതികളിൽ ലോക പ്രശസ്തമായ സാൻ അന്റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് നടത്തപ്പെടുന്നത് .

ഇത്തവണത്തെ കൺവൻഷന്റെ തീം : "ഒരുമയിൽ തനിമയിൽ വിശ്വാസനിറവിൽ!" എന്നതാണ്. ഈ കാലഘട്ടത്തിൽ വളരെയധികം പ്രതിസന്ധികളിലൂടെയും  വെല്ലുവിളികളിലൂടെയും കടന്നു പോകുമ്പോഴും, തങ്ങളുടെ പൂർവ്വികർ സംരക്ഷിച്ചു പകർന്നു നൽകിയ ക്നാനായത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അത് പുതുതലമുറയിലേക്കു പകർന്നു നൽകുമെന്നും ദൃഢമായി പ്രഖ്യാപിച്ചുകൊണ്ട്  പ്രിസിഡന്റ് ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം വിവിധ മേഖലകളിലായി മുപ്പത്തഞ്ചിൽപ്പരം കൺവൻഷൻ കമ്മറ്റികൾ കൺവൻഷന്റെ വിജയത്തിനായി അക്ഷീണം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. ആതിഥേയ യൂണിയറ്റായ സാൻ അന്റോണിയയിൽ നിന്നുള്ള ജെറിൻ കുര്യൻ പടപ്പമാക്കിലാണ് കൺവെൻഷൻ ചെയർപേഴ്സൺ.

അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമുള്ള 20  യൂണിറ്റുകളിൽ നിന്നും അംഗ സംഘടനകളിൽ നിന്നുമായി  900 ത്തോളം റജിസ്ട്രേഷനുകൾ ലഭിച്ചുട്ടുണ്ട്. റജിസ്ട്രേഷനുകൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ജൂൺ ആദ്യവാരത്തോടെ റജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ 1000നു മുകളിൽ റജിസ്ട്രേഷൻ(നാലായിരത്തോളം അംഗങ്ങൾ) ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൺവൻഷനിൽ റജിസ്ട്രർ ചെയ്ത എല്ലാവർക്കും കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി. അതോടോപ്പം ഇതിനായി സഹകരിച്ച എല്ലാ യൂണിറ്റ് അംഗസംഘടന ഭാരവാഹികളെയും കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മറ്റി അഭിനന്ദിച്ചു .

യുവജന പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ കൺവെൻഷൻ ശ്രദ്ധയാകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ഇത്തവണ ആയിരത്തോളം യുവജനങ്ങൾ ഇതുവരെ റജിസ്റ്റർ ചെയ്തു കഴിഞ്ഞു.  നമ്മളുടെ യുവജനങ്ങൾക്ക് അടുത്തിടപെഴുകുവാനും നമ്മുടെ ക്നാനായ തനിമയും ഒരുമയും സാഹോദര്യവും അടുത്തറിയുവാനും അനുഭവിക്കാനും ഉതകുന്ന ഈ സുവർണ്ണാവസരം ഉപയോഗിക്കുവാൻ  ക്നാനായ മാതാപിതാക്കൾ തങ്ങളുടെ മക്കളെ  പ്രോൽസാഹിപ്പിക്കണമെന്നു കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി  അഭ്യർഥിച്ചു. 33 വയസ്സ് പിന്നിട്ട അവിവിവാഹാതിരായ യുവജനങ്ങൾക്കായി ഇത്തവണ പ്രത്യേകമായ പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങുന്നു .

യൂണിറ്റുകൾ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, കൺവൻഷൻ റാലി, പ്രബന്ധങ്ങൾ, പ്രമേയങ്ങൾ, മെഗാ ചെണ്ടമേളം, പൂർവികരെ ആദരിക്കൽ, യുവജനങ്ങൾക്കുള്ള പ്രത്യക വിനോദ പരിപാടികൾ  തുടങ്ങിയവ ഉണ്ടായിരിക്കും. കാര്യപരിപാടികളുടെ വിശദവിവരം ജൂൺ മാസം പകുതിയോടെ പ്രസിദ്ധീകരിക്കും. കൺവൻഷന്റെ തിരശ്ശീലയുയരുന്ന ജൂലൈ 4 നു രാത്രി 9ന് എന്റർടൈൻമെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന  റിമി ടോമി ലൈവ് മെഗാ ഷോ  "മ്യൂസിക്കൽ ആൻഡ് കോമഡി നൈറ്റ് " ഉണ്ടായിരിക്കും.

കൺവൻഷന്റെ രണ്ടാം ദിനം ജൂലൈ 5ന് രാവിലെ 9 മണിക്ക് 20 യൂണിറ്റുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്ര നടക്കും. ക്നാനായ മന്ന ആൻഡ് മങ്ക കോംപെറ്റീഷൻസും, യൂണിറ്റ്തല കലാപരിപാടികൾ എന്നിവ അന്നേദിവസം അരങ്ങേറും. കൂടാതെ വിവിധ യൂത്ത് പ്രോഗ്രാമുകളും പ്രശസ്ത സ്റ്റാൻഡ് അപ്പ് കോമേഡിയസിന്‍റെ പെർഫോർമൻസും നടക്കും. മൂന്നാം ദിനം ജൂലൈ 6ന് സ്പോർട്സ് മത്സരങ്ങൾ, സെമിനാറുകൾ, പാനൽ ഡിസ്കഷൻസ്, യൂണിറ്റ് കലാപരിപാടികൾ, മത്സരങ്ങൾ, കെസിവൈഎൽഎൻഎ അവതരിപ്പിക്കുന്ന  മിസ്റ്റർ ആൻഡ് മിസ്സിസ് ക്നാ /  ബാറ്റിൽ ഓഫ് സിറ്റീസ്, വിവിധങ്ങളായ ഔട്ട്ഡോർ യൂത്ത്‌ പരിപാടികൾ തുടങ്ങി ഒട്ടേറെ പ്രോഗ്രാമുകൾ നടത്തപ്പെടും .

കൺവൻഷന്റെ സമാപന ദിവസമായ ജൂലൈ 7നു  കൺവൻഷന്റെ  മെഗാചെണ്ടമേളം അരങ്ങേറും. ആറംഗ സെൻട്രൽ ചെണ്ടമേള കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റുകളിലും ചെണ്ടമേളം പ്രാക്ടീസ് ചെയ്തു വരുന്നു.  ചെണ്ടമേളത്തോടനുബന്ധിച്ചു അമേരിക്കയിൽ  ആദ്യകാലത്തു  കുടിയേറിയ ക്നാനായ  സഹോദരങ്ങളെ  ആദരിക്കും.  വിവിധ എന്ററർടൈന്മെന്റ്  പ്രോഗ്രാംസ് സമാപന സമ്മേളനം, അവാർഡ് ദാനം, ഫോർമൽ ബാൻക്വിറ്റ് ഡിന്നർ എന്നിവയോടെ 15-ാമത് കെസിസിഎൻഎ കൺവൻഷനു തിരശ്ശീല വീഴും .

എല്ലാ ദിനവും വിശുദ്ധ കുർബാനയോടെയാണ് പ്രോഗ്രാമുകൾ ആരംഭിക്കുന്നത്. കൺവെൻഷനു വേണ്ടി അമേരിക്കയിലെയും കാനഡയിലെയും നഗരങ്ങളിൽ നിന്നും എത്തിച്ചരുന്നവർക്കായി  ട്രാൻസ്‌പോർട്ടേഷൻ കമ്മറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് . വിശദമായ എയർപോർട്ട് പിക്കപ്പ് ആൻഡ് ഡ്രോപ് ഷെഡ്യൂൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും .

വളരെ മികച്ചതും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മേഖലകളിലെ  പ്രഫഷനലുകളടങ്ങിയ  സെക്യൂരിറ്റി ടീം 4000 ല്പരം മെംബേർസ് പങ്കെടുക്കുന്ന കൺവെൻഷന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പനായി പ്രവർത്തിക്കുന്നു. കൂടാതെ ഫസ്റ്റ്-എയ്ഡ്, അക്കമഡേഷൻ, കലാ മത്സരങ്ങൾ, കലാപരിപാടികൾ, സ്പോർട്സ് ആൻഡ് ഗെയിംസ് തുടങ്ങി മുപ്പത്തഞ്ചോളം കമ്മറ്റികൾ കൺവെൻഷന്റെ സകലമേഖലകളുടെയും വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

 ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള ക്നാനായ സമുദായ നേതാക്കളും  ആത്മീയാചാരന്മാരും പ്രതിഭകളും ലോകത്തിലെ ഏറ്റവും വലിയ ക്നാനായ സമുദായ കൺവൻഷനിൽ  പങ്കെടുക്കുവാൻ എത്തിച്ചേരും. കൺവെൻഷന്റെ വിജയത്തിനായി സാമ്പത്തികമായി സഹായിക്കുവാൻ സന്മനസ്സുകാട്ടിയ, ഡയമണ്ട്, ഗോൾഡ്, സിൽവർ, മെഗാ, ഗ്രാൻഡ്  സ്പോൺസെർഴ്സിനെ കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മറ്റി  പ്രസിഡന്റ്‌ ഷാജി എടാട്ടും, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സൺ പുറയമ്പള്ളിയിലും, ജനറൽ സെക്രട്ടറി അജീഷ് താമറത്തും, ജോയിന്റ് സെക്രട്ടറി ജോബിൻ കക്കാട്ടിലും, ട്രഷറർ സാമോൻ പല്ലാട്ടുമഠവും, വൈസ് പ്രസിഡന്റ്‌ ഫിനു തൂമ്പനാലും, ജോയിന്റ് ട്രഷറർ നവോമി മാന്തുരുത്തിയിലും അവരുടെ കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയെ അഭിനദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

English Summary:

KCCNA National Family Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com