ഇന്ത്യൻ വംശജൻ കാനഡയിൽ കൊല്ലപ്പെട്ടു
Mail This Article
സറേ∙ പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ഇന്ത്യൻ വംശജൻ വെള്ളിയാഴ്ച കാനഡയിലെ സറേയിൽ വെടിയേറ്റ് മരിച്ചു. 2019 ൽ വിദ്യാർഥി വീസയിൽ കാനഡയിലെത്തിയ യുവരാജ് ഗോയലാണ് (28) കൊല്ലപ്പെട്ടത്. കനേഡിയൻ പെർമനന്‍റ് റസിഡന്‍റ് (പിആർ) കരസ്ഥമാക്കിയ യുവരാജ് സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു.
അച്ഛൻ രാജേഷ് ഗോയൽ ഒരു വിറക് കച്ചവടം നടത്തുന്നു, അമ്മ ശകുൻ ഗോയൽ ഒരു വീട്ടമ്മയാണ്. യുവരാജിന് ക്രിമിനൽ റെക്കോർഡില്ലെന്നും കൊലപാതക കാരണം അന്വേഷണത്തിലാണെന്നും റോയൽ കനേഡിയൻ പൊലീസ് പറഞ്ഞു.
ജൂൺ 7 ന് രാവിലെ 8:46 ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ 164 സ്ട്രീറ്റിലെ 900-ബ്ലോക്കിൽ വെടിവയ്പ്പ് നടക്കുന്നതായി സറേ പൊലീസിന് കോൾ ലഭിച്ചു. ഇതേതുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യുവരാജിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സറേയിൽ നിന്നുള്ള മൻവീർ ബസ്‌റം (23), സാഹിബ് ബസ്ര (20), ഹർകിരത് ജുട്ടി (23), ഒന്‍റാറിയോയിലെ കെയ്‌ലോൺ ഫ്രാങ്കോയിസ് (20) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.