ഭക്ഷണപ്രിയനായ നാഗചൈതന്യയുടെ ഫിറ്റ്നസ് രഹസ്യം
Mail This Article
തെലുങ്ക് സൂപ്പര്‍ താരം നാഗചൈതന്യ അറിയപ്പെടുന്ന ഒരു ഭക്ഷണപ്രിയനാണ്. ഇഷ്ട ഭക്ഷണവിഭവങ്ങൾ മുന്നിലെത്തിയാൽ പിന്നെ വലിയ നിയന്ത്രണങ്ങളൊന്നും താരം കാത്തുസൂക്ഷിക്കാറില്ല. എന്നിരുന്നാലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ നാഗചൈതന്യ പുലര്‍ത്തുന്ന കണിശത നടന്‍റെ സ്ക്രീന്‍ സാന്നിധ്യം പല മടങ്ങ് വര്‍ധിപ്പിക്കുന്നു.
ആഴ്ചയില്‍ അഞ്ച് ദിവസം നീളുന്ന അതിതീവ്ര വര്‍ക്ക്ഔട്ടുകളാണ് നാഗചൈതന്യയുടെ സൂപ്പര്‍ ഫിറ്റായ ശരീരത്തിന്‍റെ രഹസ്യം. യോഗ, ഭാരപരിശീലനം, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഈ വര്‍ക്ക് ഔട്ട് ക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സമ്മര്‍ദ നിയന്ത്രണത്തിനായി ഇടയ്ക്ക് നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങളും നാഗചൈനത്യ ചെയ്യാറുണ്ട്. വര്‍ക്ക്ഔട്ടിലെ സ്ഥിരതയാണ് തന്‍റെ ഫിറ്റ്നസിന് പിന്നിലെന്ന് നാഗചൈതന്യ പറയുന്നു. എപ്പോഴെങ്കിലും വര്‍ക്ക് ഔട്ട് മുടക്കേണ്ടി വന്നാല്‍ അതില്‍ കുറ്റബോധം തോന്നുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വര്‍ക്ക്ഔട്ട് കഴിഞ്ഞാല്‍ പിന്നെ പാചകമാണ് നാഗചൈതന്യയുടെ മറ്റൊരു ഇഷ്ടപ്പെട്ട പരിപാടി. നന്നായി കഴിക്കാന്‍ നന്നായി പാചകം ചെയ്യണമെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. നാഗചൈതന്യയുടെ പാചകത്തോടുള്ള പ്രിയം പല ഇന്‍സ്റ്റാഗ്രാം വിഡിയോകളിലൂടെയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. റസ്റ്ററന്റ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബത്തിൽ നിന്നായതിനാൽ ഭക്ഷണത്തോടുള്ള തന്റെ പ്രിയം സ്വഭാവികമാണെനും നാഗചൈതന്യ പറയുന്നു. രാജ്യാന്തര കുക്കറി ഷോകളുടെ ആരാധകനായ താരം ചൈനീസ് വിഭവങ്ങളും ഏറെ ഇഷ്ടപ്പെടുന്നു.
ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള ദിവസമായി നാഗചൈതന്യ തിരഞ്ഞെടുത്തിരിക്കുന്നത് ഞായറാഴ്ചയാണ്. ഈ ദിവസം വയർ നിറയെ കഴിച്ചാൽ ആ കുറ്റബോധം കൊണ്ട് ആ ആഴ്‌ച മുഴുവനും നന്നായി വിയർപ്പൊഴുക്കി വർക്ഔട്ട് ചെയ്യാൻ തോന്നുമെന്നാണ് നടന്റെ ഫിലോസഫി.
Content Summary: Naga Chaithanya's Fitness tips