മൂന്നു മാസം കൊണ്ട് 11 കിലോ കുറച്ച് ആകാശ് ജോൺ; പിന്നിലെ രഹസ്യം ഇങ്ങനെ
Mail This Article
വ്യത്യസ്ത രീതിയിലുള്ള രുചി ആസ്വദിക്കുക, ആവോളം ആഹാരം കഴിക്കുക ശരീരഭാരം കൂടാൻ വേറേ കാരണം അന്വേഷിക്കണോ. തിരുവനന്തപുരം സ്വദേശിയായ സോഫ്റ്റ്‍വെയർ ആർക്കിടെക്ട് ആകാശ് ജോണിന്റെ ശരീരഭാരം 91 കിലോയ്ക്കു മുകളിലെത്തിച്ചത് ഈ ‘ഫുഡടി’ തന്നെയാണ്. ഫലമോ വിളിക്കാതെ നടുവേദന കൂട്ടിനെത്തി.
നടുവേദനയെ ഒഴിവാക്കണമെങ്കിൽ ശരീരഭാരം കുറയ്ക്കാതെ തരമില്ലെന്നായി. പിന്നെ രണ്ടും കൽപിച്ച് ആ ഇഷ്ടവിനോദത്തിനു മൂന്നു മാസം ചെറിയ ഗ്യാപ് കൊടുത്തു. ഒപ്പം കുറച്ചു വ്യായാമങ്ങളെയും കൂടെക്കൂട്ടി. അങ്ങനെ മൂന്നു മാസംകൊണ്ട് ശരീരഭാരം 11 കിലോ കുറച്ച് 80 കിലോയിലേക്ക് എത്തി.
ഡയറ്റും വർക്ഔട്ടും
ഇഷ്ട ഭക്ഷണങ്ങളോടും തൽക്കാലം ബൈ പറഞ്ഞു കൊണ്ടുള്ള ഒരു ഡയറ്റാണ് ക്രമീകരിച്ചത്. എന്നാൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം കഴിക്കുന്നുമുണ്ടായിരുന്നു. പക്ഷേ കഴിക്കുന്നതിന്റെ അളവ് കൃത്യമായി ശ്രദ്ധിച്ചിരുന്നു. കാർബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീൻ അളവ് കൂട്ടിയുള്ള ഭക്ഷണക്രമമായിരുന്നു പിന്തുടർന്നത്. ചോറിന്റെ അളവ് കുറച്ച് പകരം കറികളുടെ അളവു കൂട്ടി. മധരപ്രിയനായിരുന്നെങ്കിലും മൂന്നു മാസത്തേക്ക് മധുരം കണ്ടില്ലെന്നു വയ്ക്കേണ്ടി വന്നു– ആകാശ് പറയുന്നു. ഫിറ്റ്നസിനായി ഞാൻ ആശ്രയിച്ചിരുന്ന ഫാറ്റ് ലോസ് ഗ്രൂപ്പ് ആഴ്ചയിൽ ഒരിക്കൽ ചീറ്റ് മീലിനുള്ള അവസരം തന്നിരുന്നു. അതിനാൽ തീരെ സഹിക്കാൻ കഴിയാതെ വരുമ്പോൾ ചോക്കളേറ്റ് കഴിച്ചിരുന്നു. പക്ഷേ ഇഷ്ടഭക്ഷണങ്ങളായ കേക്ക്, ഐസ്ക്രീം എന്നിവ പാടേ ഉപേക്ഷിച്ചിരുന്നു.
ദിവസവും ചെയ്യേണ്ട വർക്ഔട്ടുകളെ സംബന്ധിച്ച നിർദേശം ഗ്രൂപ്പിൽ നൽകുമായിരുന്നു. HIITയും ശരീരത്തിന്റെ ഓരോ ഭാഗത്തിനും വേണ്ട വർക്ഒൗട്ടുകൾ കൃത്യമായി ചെയ്തിരുന്നു. ഇതിന്റെയൊക്കെ ഫലമാകാം മൂന്നു മാസം കൊണ്ട് 11 കിലോ കുറയ്ക്കാൻ സാധിച്ചത്.
ഇപ്പോൾ കാണുന്നവരെല്ലാം നല്ല മാറ്റം വന്നിട്ടുണ്ട്. ഈ ശരീരഭാരംതന്നെ പിന്തുടർന്നാൽ മതിയെന്നൊക്കെ പറയുന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ എന്റെ കഠിനാധ്വാനത്തിനു പലം കണ്ടതിന്റെ ഒരു സന്തോഷവുമുണ്ട്– ആകാശ് പറഞ്ഞു.
Content Summary: Weight loss tips of Akash John