കുടവയര്‍ വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ് പലവിധ രോഗങ്ങളിലേക്കും നയിക്കാം. ശരീരത്തിന്‍റെ മൊത്തത്തിലുള്ള കൊഴുപ്പ് കുറച്ച് കൊണ്ട് മാത്രമേ കുടവയറിന് പരിഹാരം കാണാന്‍ സാധിക്കൂ. കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കാര്‍ഡിയോ വ്യായാമങ്ങള്‍ പരിചയപ്പെടാം. ഇതില്‍ നിന്ന് ഒരാള്‍ക്ക് സൗകര്യപ്രദമായ ഒന്നോ രണ്ടോ വ്യായാമങ്ങള്‍ തിരഞ്ഞെടുത്ത് നിത്യജീവിതത്തിന്‍റെ ഭാഗമാക്കാവുന്നതാണ്.
1. ഓട്ടം
ഏറ്റവും ഫലപ്രദമായ കാര്‍ഡിയോ വ്യായാമങ്ങളില്‍ ഒന്നാണ് ഓട്ടം. മിതമായ വേഗത്തില്‍ തുടര്‍ച്ചയായി ചെയ്താല്‍ കാലറിയും കൊഴുപ്പും കത്തിച്ചു കളയാന്‍ ഓട്ടം സഹായിക്കും. ഇത് കുടവയര്‍ കുറയ്ക്കാനും സഹായകമാണ്.
2. കെറ്റില്‍ബെല്‍ സ്വിങ്
പ്രധാനപ്പെട്ട പേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമമാണ് കെറ്റില്‍ബെല്‍ സ്വിങ്. വളരെ കുറഞ്ഞ ചെലവില്‍ വീട്ടില്‍ തന്നെ കെറ്റില്‍ബെല്‍ വാങ്ങി വച്ച് ഈ വ്യായാമം ചെയ്യാം. ഗ്ലൂട്ട് മസിലുകള്‍, ക്വാഡ്രിസെപ്സ്, ഹാംസ്ട്രിങ്സ് എന്നിവയെയും ഇത് ശക്തിപ്പെടുത്തും. ഈ വ്യായാമം ചെയ്യുമ്പോൾ ശരീരഭാഗങ്ങളെയെല്ലാം, പ്രത്യേകിച്ച് അരക്കെട്ടിനെ ശരിയായി ഉപയോഗപ്പെടുത്താന്‍ മറക്കരുത്.
3. സൈക്ലിങ്
കാലറി നല്ല രീതിയില്‍ കത്തിച്ച് കളയാന്‍ സഹായിക്കുന്ന കാര്‍ഡിയോ വ്യായാമമാണ് സൈക്ലിങ്. വീട്ടിനുള്ളില്‍ ഉറപ്പിച്ചിരിക്കുന്ന എക്സര്‍സൈസ് സൈക്കിളോ പുറത്ത് ഓടിക്കാവുന്ന സാധാരണ സൈക്കിളോ ഇതിന് ഉപയോഗിക്കാം. വയറിലെ പേശികള്‍ക്ക് നല്ല വര്‍ക്ക് ഔട്ട് സൈക്ലിങ് വഴി ലഭിക്കുന്നതാണ്.
4. പടി കയറ്റം
കാലറിയും കുടവയറും നല്ല രീതിയില്‍ കുറയ്ക്കുന്ന മറ്റൊരു കാര്‍ഡിയോ വ്യായാമമാണ് പടികയറ്റം. കാലുകളിലെ പേശികളെയും ഇത് ശക്തിപ്പെടുത്തുന്നു. 90 ശതമാനം പ്രയത്നമിട്ട് 30 സെക്കന്‍ഡ് നേരത്തേക്ക് പടികയറുകയും തുടര്‍ന്ന് ഒന്നോ രണ്ടോ മിനിറ്റ് വിശ്രമിക്കുകയും ചെയ്യുന്ന ഇന്‍റര്‍വെല്‍ ട്രെയ്നിങ്ങും കുടവയര്‍ കുറയ്ക്കാന്‍ ഫലപ്രദമാണ്.
5. സ്കിപിങ്
ചെലവ് കുറഞ്ഞ മറ്റൊരു കാര്‍ഡിയോ വ്യായാമമാണ് റോപ് ജംപിങ് എന്ന് വിളിക്കുന്ന സ്കിപിങ്. തുടക്കക്കാര്‍ വേഗത്തിലും പതിയെയുമുള്ള റോപ് ജംപിങ് മാറി മാറി ചെയ്യുന്നത് ഗുണം ചെയ്യും. കാലറിയും കുടവയറുമെല്ലാം നല്ല തോതില്‍ കുറയ്ക്കാന്‍ സ്കിപിങ് സഹായകമാണ്.
Content Summary: 5 Cardio Workouts to lose belly fat