പ്രസവശേഷം 30 കിലോ കുറച്ചതെങ്ങനെ? ഡയറ്റും ടിപ്സുകളുമായി പാർവതി കൃഷ്ണ
Mail This Article
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് പാർവതി കൃഷ്ണ. പ്രസവശേഷം 30 കിലോയോളം ശരീരഭാരം കുറച്ചതെങ്ങനെയെന്ന് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് പാർവതി തന്റെ യുട്യൂബ് ചാനലിലൂടെ. ഗർഭിണിയായിരുന്ന സമയത്ത് 86 കിലോ ഉണ്ടായിരുന്ന ശരീരഭാരം ഇപ്പോൾ 56 കിലോയാക്കിയെന്നും താരം പറയുന്നു. ഒരു ഓൺലൈൻ വെയ്റ്റ് ലോസ് ഗ്രൂപ്പു വഴിയാണ് താരം തന്റെ ഭാരം കുറച്ച് ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുന്നത്.
തന്റെ ഡയറ്റിനെക്കുറിച്ച് പാർവതി പറയുന്നു
‘ആ ടീം ശരിയായ നിർദേശങ്ങൾ നൽകിയിരുന്നു, എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്നതു സംബന്ധിച്ച്. ഗ്രൂപ്പിൽ ചേരുന്ന സമയത്ത് ബ്രെസ്റ്റ് ഫീഡിങ് ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിന് ഇപ്പോൾ രണ്ടര വയസ്സായി. ബ്രെസ്റ്റ് ഫീഡിങ് നിർത്തിയിട്ട് രണ്ടു മൂന്ന് മാസമേ ആയിട്ടുള്ളൂ. അപ്പോൾ പാൽ കൂടാനും പാലിന്റെ അളവ് കുറയാതിരിക്കാനുമുള്ള ആഹാരങ്ങളൊക്കെ അവർ നിർദേശിച്ചിരുന്നു. ഞാൻ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന ഡയറ്റ് പ്ലാനിൽ കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കണമെന്നാണ്. എന്നാൽ ഇവിടെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് നമുക്ക് ഇഷ്ടമുള്ള ആഹാരങ്ങളൊക്കെ ഉൾപ്പെടുത്താം എന്നതായിരുന്നു. ആകെ ഒഴിവാക്കിയത് പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും ജങ്ക്ഫുഡും മാത്രമാണ്. അതും പൂർണമായിട്ടല്ല, മിതമായി കുറച്ചു കുറച്ചു കൊണ്ടു വന്നു പതിയെ ഒഴിവാക്കുകയായിരുന്നു. കാരണം പെട്ടെന്ന് ഇങ്ങനെയുള്ള ഫുഡ് പൂർണമായി ഒഴിവാക്കുമ്പോൾ ഡിപ്രഷനുള്ള സാധ്യത ചിലരിൽ കൂടാൻ സാധ്യതയുണ്ട്.
കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് മുൻപ് വെയ്റ്റ് കുറയ്ക്കണമെന്ന് വാശിയായിരുന്നു. കുഞ്ഞിന് സോളിഡ് ഫുഡ് നൽകാൻ തുടങ്ങിയ സമയത്താണ് വെയ്റ്റ് ലോസ് ജേർണി ആരംഭിക്കുന്നത്. ആ സമയത്ത് ഞാൻ 65 കിലോ ഉണ്ടായിരുന്നു. അതിനു ശേഷം വെയ്റ്റ് കുറയാൻ കുറച്ച് പാടായിരുന്നു. കാരണം എന്റെ ഉയരത്തിന് അനുസരിച്ച് 64 കിലോ വരെ ഭാരം ആകാമായിരുന്നു. പക്ഷേ എന്റെ ശരീരം പെട്ടെന്ന് വെയ്റ്റ് കൂടാനുള്ള സാധ്യതയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് വീണ്ടും വെയ്റ്റ് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.
ഈ രണ്ടു വർഷവും എല്ലാ മാസത്തിലെയും ഒരാഴ്ച ഇവരുടെ ഒരു ഡയറ്റ് പ്ലാൻ കീപ് ചെയ്യാറുണ്ട്. ഷൂട്ടുള്ള സമയത്തൊക്കെ ഞാൻ നല്ലപോലെ ആഹാരം കഴിക്കും. പക്ഷേ കറക്റ്റായിട്ട് ഡയറ്റ് ചെയ്യുന്ന സമയത്ത് ഒരിക്കലും ഞാൻ ഡയറ്റ് ബ്രേക്ക് ചെയ്യില്ല. ഇഷ്ടമുളള ആഹാരങ്ങളൊക്കെ കഴിക്കാറുമുണ്ട്. ഇടയ്ക്കിടയ്ക്ക് ഡയറ്റ് ചെയ്യാറുമുണ്ട്.
ഡയറ്റ് പ്ലാൻ
തലേദിവസം ആറ് ബദാം വെളളത്തിലിട്ടു വയ്ക്കും. പിറ്റേന്ന് രാവിലെ 6.30– 7 മണി ആകുമ്പോൾ ഈ ബദാം കഴിക്കും. ഒൻപതു മണിക്കു മുൻപ് പ്രാതൽ കഴിച്ചിരിക്കും. ദോശ, ഇഡ്ഡലി, പുട്ട് തുടങ്ങിയ ആഹാരങ്ങളൊക്കെ കഴിക്കാം. തേങ്ങ ഒഴിവാക്കാൻ പറഞ്ഞിരുന്നു. നമ്മൾ എന്തൊക്കെ കഴിച്ചു, എത്ര വെള്ളം കുടിച്ചു, എക്സർസൈസ് എന്തൊക്കെ ചെയ്തു എന്നുള്ളതിന്റെയെല്ലാം ഫോട്ടോസ് അയച്ചു കൊടുക്കണം.
പതിനൊന്നു മണിക്ക് വാട്ടർമെലൺ, കട്ട് ഫ്രൂട്ട്സ്, വാട്ടർമെലൺ ജ്യൂസ് കുടിക്കാം. ജ്യൂസ് ഉണ്ടാക്കാനായി അധികം മധുരമില്ലാത്ത പഴങ്ങളായ പപ്പായ, കുക്കുമ്പർ, നാരങ്ങ, പേരയ്ക്ക, വാട്ടർമെലൺ, അവക്കാഡോ, മുന്തിരി, സ്ട്രോബെറി, ബ്ലാക്ബെറി തുടങ്ങിയവ തിരഞ്ഞെടുത്താൻ നല്ലത്.
ഉച്ചയ്ക്ക് ബ്രൗൺ റൈസ് കഴിക്കാം അല്ലെങ്കിൽ ചപ്പാത്തി. എനിക്ക് ചപ്പാത്തിയാണ് കൂടുതലിഷ്ടം അതിന്റെ കൂടെ സാലഡ്സ് കഴിക്കാം. കുക്കുമ്പർ ഒരു അഞ്ച് സ്ലൈസെങ്കിലും കഴിച്ചാൽ നന്നായിരിക്കും. നോൺവെജ് ആണെങ്കിൽ ഫ്രൈ ആയിട്ടുള്ളത് ഒഴിവാക്കി കറി ആയി ഉപയോഗിക്കാം. രാവിലത്തെയും വൈകിട്ടത്തെയും കാപ്പിയും ചായയും ഒഴിവാക്കണം. ആ സമയത്ത് ഗ്രീൻ ടീ കുടിച്ചിരുന്നു. അത് ഭയങ്കര എഫക്ടീവായി തോന്നിയിരുന്നു. സ്നാക്കിനു പകരം വാട്ടർ മെലണ്‍ കട്ട് ചെയ്തു കഴിക്കുമായിരുന്നു. ജങ്ക് ഫുഡും സ്നാക്കുകളും ഒഴിവാക്കിയിരുന്നു.
രാത്രി 8 മണിക്കു മുൻപായി കഴിച്ചിരിക്കും. ആ സമയത്ത് ചപ്പാത്തിയാണ് കഴിച്ചിരുന്നത്. വൈകുന്നേരം 4 മണി ആകുമ്പോൾ വ്യായാമം ചെയ്യും. 3000 സ്റ്റെപ്പിൽ നിന്ന് പതിനായിരം സ്റ്റെപ്പ് വരെ എത്തിയിരുന്നു. ഈ റുട്ടീൻ ഫോളോ ചെയ്തതിനുശേഷം വയറിനു നല്ല സുഖം തോന്നിയിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴും വൈകിട്ട് കിടക്കുമ്പോഴും ഉറങ്ങാനും ഒക്കെ നല്ല സുഖമായിരുന്നു. 65 ൽ എത്തിയ ശേഷം വെയ്റ്റ് കുറയ്ക്കുക എന്നത് അത്ര സിംപിൾ അല്ലായിരുന്നു. പക്ഷേ ഈ ഒരു ഡയറ്റ് റുട്ടീൻ ഫോളോ ചെയ്ത തോടെ ഒരു 7–8 കിലോ കുറയാൻ ബുദ്ധിമുട്ട് വന്നിരുന്നില്ല. ഏകദേശം ഒരു 5 മാസം എടുത്തു 7 കിലോ കുറയാനായി. പക്ഷേ ആദ്യത്തെ ഒരു മൂന്ന് മാസം കൊണ്ട് 20 കിലോയോളം വെയ്റ്റ് കുറയ്ക്കാൻ പറ്റി. ഇപ്പോൾ ഞാന്‍ വളരെ ഹാപ്പിയാണ്. ഈ ഡയറ്റ് പ്ലാൻ ഞാൻ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കണ്ടിന്യൂ ചെയ്യാറുണ്ട്’.– പാർവതി വിഡിയോയിൽ പറഞ്ഞു.
Content Summary: Weight loss tips of Parvathy R Krishna