ADVERTISEMENT

നടത്തവും ഓട്ടവും പോലുള്ള എയറോബിക്‌ വ്യായാമങ്ങള്‍ നമ്മുടെ ഹൃദയാരോഗ്യത്തെ വര്‍ധിപ്പിക്കുമെന്നത്‌ ശരിയാണ്‌. എന്നാല്‍ പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന്‌ ഭാരം ഉയര്‍ത്തുന്ന തരം വെയ്‌റ്റ്‌ ട്രെയിനിങ്‌ അത്യാവശ്യമാണ്‌; പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌. 

 

30 വയസ്സിന്‌ ശേഷം ഓരോ വര്‍ഷവും നമ്മുടെ പേശികളുടെ ഭാരം 1-2 ശതമാനം വച്ച്‌ കുറയുമെന്നാണ്‌ കണക്ക്‌. ഇതിനെ തടുക്കാനും സന്ധികളെ കരുത്തുറ്റതാക്കാനും വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ പരിശീലിക്കേണ്ടതുണ്ട്‌. ഇത്‌ പ്രായവുമായി ബന്ധപ്പെട്ട പല രോഗങ്ങളെയും അകറ്റി നിര്‍ത്താനും സഹായിക്കും. 

 

സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്‌, റസിസ്‌റ്റന്‍സ്‌ ട്രെയ്‌നിങ്‌, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ എന്നിങ്ങനെയും അറിയപ്പെടുന്ന വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ കൊണ്ട്‌ സ്‌ത്രീകള്‍ക്കുള്ള മറ്റ്‌ ഉപയോഗങ്ങള്‍ ഇനി പറയുന്നവയാണ്‌. 

 

1. പേശികളുടെ ഭാരവും കരുത്തും വര്‍ധിക്കും
പേശികളുടെ ഭാരം വര്‍ധിപ്പിക്കാനും പോസ്‌ചര്‍ മെച്ചപ്പെടുത്താനും നല്ല കടഞ്ഞെടുത്ത പോലുള്ള ശരീരം ലഭിക്കാനും ആകമാനമുള്ള കരുത്ത്‌ വര്‍ധിപ്പിക്കാനും വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ സഹായകമാണ്‌. 10 ആഴ്‌ചത്തെ റസിസ്റ്റന്‍സ്‌ ട്രെയ്‌നിങ്‌ പ്രോഗ്രാമില്‍ പങ്കെടുത്ത സ്‌ത്രീകളുടെ പേശികളുടെ കരുത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി ജേണല്‍ ഓഫ്‌ സ്‌ട്രെങ്‌ത്‌ ആന്‍ഡ്‌ കണ്ടീഷനിങ്‌ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. 

 

2. എല്ലുകളുടെ ആരോഗ്യം
നിരന്തരമായ വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ എല്ലുകളുടെ സാന്ദ്രത മെച്ചപ്പെടുത്തി ഓസ്‌റ്റിയോപോറോസിസ്‌ പോലുള്ള രോഗങ്ങളുടെ സാധ്യതയും കുറയ്‌ക്കുന്നു. സ്‌ത്രീകളില്‍ ആര്‍ത്തവവിരാമം സംഭവിച്ച ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗമാണ്‌ എല്ലുകളെ ദുര്‍ബലമാക്കുന്ന ഓസ്‌റ്റിയോപോറോസിസ്‌. എല്ലുകളുടെ വളര്‍ച്ചയ്‌ക്കും കരുത്തിനും ആരോഗ്യത്തിനും വെയ്‌റ്റ്‌ ട്രെയ്‌നിങ്‌ സഹായിക്കുന്നു. 

 

3. ചയാപചയം വര്‍ധിപ്പിക്കും
ഫാറ്റ്‌ കോശസംയുക്തങ്ങളേക്കാള്‍ സജീവമായ കോശങ്ങളാണ്‌ പേശികളിലേത്‌. ഇത്‌ കൂടുതല്‍ കാലറി കത്തിച്ചു കളയാന്‍ സഹായിക്കുന്നു. വെയ്‌റ്റ്‌ ലിഫ്‌റ്റിങ്ങിലൂടെ പേശികള്‍ വളര്‍ത്തുന്നത്‌ പേശികള്‍ വിശ്രമിക്കുമ്പോള്‍ പോലും കാലറി കത്താന്‍ കാരണമാകും. ഇത്‌ സ്‌ത്രീകളെ ഭാരവും കൊഴുപ്പും കുറയ്‌ക്കാനും ശരീരം ഒതുക്കമുള്ളതാക്കാനും സഹായിക്കും. 

 

4. ഹോര്‍മോണല്‍ സന്തുലനം
നിത്യവും സ്‌ട്രെങ്‌ത്‌ ട്രെയ്‌നിങ്‌ ചെയ്യുന്നത്‌ ഹോര്‍മോണല്‍ സന്തുലനം നിലനിര്‍ത്താനും സഹായകമാണ്‌. ഇന്‍സുലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളെ ഗുണപരമായി സ്വാധീനിക്കാനും ഭാരം ഉയര്‍ത്തല്‍ സഹായിക്കും. ഇവ ചയാപചയത്തിലും  സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിലും മുഖ്യ പങ്ക്‌ വഹിക്കുന്നു. പോളി സിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം ഉള്ള സ്‌ത്രീകളുടെ ഇന്‍സുലിന്‍ സംവേദനത്വത്തെയും ഹോര്‍മോണല്‍ സന്തുലനത്തെയും ഗുണപരമായി സ്വാധീനിക്കാന്‍ റസിസ്റ്റന്‍സ്‌ ട്രെയ്‌നിങ്‌ സഹായിക്കുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. 

 

5. മാനസികാരോഗ്യം മെച്ചപ്പെടുത്തും
സ്‌ത്രീകളുടെ മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താന്‍ വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌ വ്യായാമങ്ങള്‍ സഹായിക്കുമെന്നും പല പഠനങ്ങളും തെളിയിക്കുന്നു.

Content Summary: Weightlifting important for women's health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com