മനസ്സിന്റെ ഏകാഗ്രത നിലനിർത്താൻ ഗോമുഖാസനം: വിഡിയോ
Mail This Article
പിരിമുറുക്കം (Stress) വന്ന മനസ്സ് വ്യക്തിക്കു മാത്രമല്ല ചുറ്റുവട്ടമുള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നു. മാനസികവും ശാരീരികവും സാമൂഹികവുമായ സ്വസ്ഥതയാണു സത്യത്തിൽ ആരോഗ്യം. ഈ ശുദ്ധീകരണത്തിലേക്കു വ്യക്തികളെ നയിക്കുന്ന ശാസ്ത്രീയ വ്യായാമ പദ്ധതിയാണു യോഗ. ക്രിയകളും ആഹാരക്രമവും ഇതിനുള്ള വഴിയും. ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്താൻ യോഗ ഉത്തമമാണ്. ശരീരത്തിനു മാത്രമല്ല മനസ്സിനുമുള്ള വ്യായാമമാണിത്. വിവിധ ആസനങ്ങൾ ചെയ്യുമ്പോൾ പേശികൾ സങ്കോചിച്ചും വികസിച്ചും രക്ത പ്രവാഹം വർധിക്കും. കൂടിയ അളവിൽ ജീവവായു ഓരോ കോശങ്ങളിലും എത്തുന്നു. ഗോമുഖാസനം (Gomukhasanam) ചെയ്യാം മനസിന്റെ ഏകാഗ്രത വീണ്ടെടുക്കാം.
ചെയ്യുന്ന വിധം
ഇരു കാലുകളും മുന്നോട്ടു നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി വലതുകാൽ മടക്കി ആ കാലിന്റെ ഉപ്പൂറ്റി ഇടത്തെ തുടയുടെ പുറകിൽ പൃഷ്ടഭാഗത്തായി ചേർത്തുവയ്ക്കുക. അതുപോലെ ഇടതുകാലും മടക്കി ആ കാലിന്റെ ഉപ്പൂറ്റി വലത്തെ തുടയോടു ചേർത്തു വയ്ക്കുക. രണ്ടു കാലുകളുടെയും മുട്ടുകൾ ഒന്നിനു മുകളിൽ മറ്റൊന്നു വരത്തക്കവിധം വേണം വയ്ക്കുവാന്‍.ഇനി ഇടതുകൈ ശരീരത്തിന്റെ പുറകിൽ കൂടി കൊണ്ടുവന്ന് പുറത്തു മടക്കിവയ്ക്കുക. അതോടൊപ്പം വലതുകൈ മുകളിലേക്കുയർത്തി പുറകോട്ടു മടക്കി ഇടതുകയ്യുടെ വിരലുകൾ തമ്മിൽ കോർത്തു പിടിക്കുക. ഈ അവസ്ഥയില്‍ വലതു കൈമുട്ട് തലയോടു ചേർന്നിരിക്കണം. ഇനി വലതുകൈമുട്ടിലേക്ക് തല ഉയർത്തിനോക്കി 1:2 എന്ന തോതിൽ ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. ഇതുപോലെ കൈകാലുകൾ തിരിച്ചുവച്ചും ചെയ്യേണ്ടതാണ്. മാറിമാറി ഒന്നോ രണ്ടോ തവണ കൂടി ആവര്‍ത്തിക്കുക.
ഗുണങ്ങൾ
മനസ്സിന്റെ ഏകാഗ്രത നിലനിർത്തുന്നതിനു സഹായിക്കുന്നു. സ്ത്രീകളുടെ ഹെർണിയ രോഗത്തിനു ശമനം കാണപ്പെടുന്നു. ആസ്മ രോഗത്തിനു ശമനം ഉണ്ടാകുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങൾ കുറയുന്നു. നവോന്മേഷം കൈവരുന്നു, ശരീരത്തിൽ കൂടുതൽ പ്രാണവായു ഉൾക്കൊള്ളുന്നതിനു സഹായിക്കുന്നു. നെഞ്ചിനുണ്ടാകുന്ന കനം കുറഞ്ഞു കിട്ടുന്നു.
വിഡിയോ