ADVERTISEMENT

ഭാരം കുറയ്‌ക്കാനായി ഡയറ്റും വര്‍ക്ക്‌ ഔട്ടുമൊക്കെ തുടങ്ങിയവര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്‌ 'വെയ്‌റ്റ്‌ ലോസ്‌ പ്ലേറ്റോ'. അതായത്‌ വര്‍ക്ക്‌ ഔട്ട്‌ തുടങ്ങി ആദ്യ കുറച്ച്‌ ആഴ്‌ചകളില്‍ നല്ല തോതില്‍ ഭാരം കുറയുന്നതായി നമുക്ക്‌ അനുഭവിച്ചറിയാന്‍ സാധിക്കും. എന്നാല്‍ പെട്ടെന്ന്‌ ഒരു ദിവസം ഈ ഭാരം കുറയല്‍ പ്രക്രിയ മെല്ലെയാകും. പ്രത്യേകിച്ച്‌ വലിയ മാറ്റങ്ങളൊന്നും പിന്നീട്‌ കുറച്ച്‌ നാളത്തേക്ക്‌ ശരീരഭാരത്തില്‍ ദൃശ്യമാകുകയേ ഇല്ല. ഭാരം കുറയല്‍ പ്രക്രിയ ഒരു സമതലത്തിലെത്തുന്ന ഈ ഘട്ടത്തെയാണ്‌ 'വെയ്‌റ്റ്‌ ലോസ്‌ പ്ലേറ്റോ' എന്ന്‌ പറയുന്നത്‌. 

Representative image. Photo Credit:AndreyPopov/istockphoto.com
Representative image. Photo Credit:AndreyPopov/istockphoto.com

തണുപ്പ്‌ കാലമെത്തുന്നതോടെ പലര്‍ക്കും പല കാരണങ്ങളാല്‍ വെയ്‌റ്റ്‌ ലോസ്‌ പ്ലേറ്റോയെ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്‌. തണുപ്പ്‌ കാലത്ത്‌ നാം നല്ലൊരു പങ്കും വീടുകള്‍ക്കുള്ളില്‍ തന്നെ ചെലവഴിക്കുന്നതാണ്‌ ഒരു കാരണം. ഈ കാലം ദീപാവലി, ക്രിസ്‌മസ്‌ എന്നിങ്ങനെ പല ഉത്സവാഘോഷങ്ങള്‍ വരുന്നതിനാല്‍ അധികമായി ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്‌. അധികം വെയില്‍ കൊള്ളാതിരിക്കുന്ന അവസ്ഥ ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ തോത്‌ കുറയ്‌ക്കും. ഇത്‌ ചയാപചയത്തെയും ഊര്‍ജ്ജ വിനിയോഗത്തെയും ബാധിച്ച്‌ കൊഴുപ്പ്‌ കത്തുന്നതിന്റെ വേഗം മന്ദഗതിയിലാക്കും. തണുപ്പിനെ നേരിടാന്‍ ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ്‌ സൂക്ഷിച്ചു വയ്‌ക്കാനുള്ള പ്രവണതയും ശരീരത്തിനുണ്ട്‌. 

ഇക്കാരണങ്ങള്‍ കൊണ്ട്‌ തണുപ്പ്‌ കാലത്തെ ഭാരം കുറയ്‌ക്കല്‍ യജ്ഞം അല്‍പം വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഇനി പറയുന്ന ചില കാര്യങ്ങള്‍ ഇക്കാര്യത്തില്‍ സഹായകമാണെന്ന്‌ ഹെക്‌സാഹെല്‍ത്ത്‌ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അമന്‍ പ്രിയ ഖന്ന ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

1. പ്രോട്ടീന്‍ ഭക്ഷണം വര്‍ദ്ധിപ്പിക്കാം
ചയാപചയത്തെ മെച്ചപ്പെടുത്താനും വിശപ്പിനെ നിയന്ത്രിക്കാനും പേശികളുടെ ഘനം സംരക്ഷിക്കാനും ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീനിന്റെ അംശം ഉള്‍പ്പെടുത്തുക

2. ലോ കാര്‍ബ്‌ ഡയറ്റ്‌
വിശപ്പിനെ നിയന്ത്രിക്കാനും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും ഭാരക്കുറവ്‌ നിലനിര്‍ത്താനും കാര്‍ബോഹൈഡ്രേറ്റ്‌ കുറഞ്ഞ  ലോ കാര്‍ബ്‌ ഭക്ഷണക്രമം പിന്തുടരുക. 

Representative image. Photo Credit: RossHelen/istockphoto.com
Representative image. Photo Credit: RossHelen/istockphoto.com

3. ഫൈബര്‍ നിറഞ്ഞ ഭക്ഷണം
ദഹനം മെല്ലായാക്കാനും വിശപ്പ്‌ കുറയ്‌ക്കാനും അമിതമായി കലോറി കഴിക്കുന്നത്‌ തടയാനും ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. 

4. ഇടവിട്ടുള്ള ഉപവാസം
ഇടവിട്ടുള്ള ഉപവാസം 10 ആഴ്‌ച കൊണ്ട്‌ ഒന്ന്‌ മുതല്‍ 13 ശതമാനം വരെ ശരാശരി ഭാരം കുറയാന്‍ സഹായിക്കുമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. 

5. വീടിനുള്ളിലും വ്യായാമം
പുറത്തിറങ്ങിയുള്ള വ്യായാമ മുറകള്‍ തണുപ്പ്‌ കാലത്ത്‌ ബുദ്ധിമുട്ടാണെങ്കില്‍ വീടുകള്‍ക്കുള്ളിലോ ജിമ്മുകളിലോ വ്യായാമം തുടരാവുന്നതാണ്‌. സ്‌ട്രെങ്‌ത്‌ പരിശീലനം പതിവായി ചെയ്യുന്നത്‌ ചയാപചയം മെച്ചപ്പെടുത്തി ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. 

Photo Credit : michelangeloop / Shutterstock.com
Photo Credit : michelangeloop / Shutterstock.com

6. സമ്മര്‍ദ്ദ നിയന്ത്രണം
സമ്മര്‍ദ്ദ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന കോര്‍ട്ടിസോളിന്റെ ഉത്‌പാദനം കുറയ്‌ക്കുന്നതും ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവ സമ്മര്‍ദ്ദ നിയന്ത്രണത്തില്‍ സഹായകമാണ്‌. 

7. ശ്രദ്ധാപൂര്‍വമുള്ള ഭക്ഷണം
ആഘോഷ വേളകളില്‍ കണ്ണില്‍ കണ്ടതെല്ലാം കഴിക്കാനുള്ള പ്രവണത ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കലോറിയും പോഷണമൂല്യവും അറിഞ്ഞ്‌ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. 

8. ഉറക്കത്തിന്റെ നിലവാരം
ആവശ്യത്തിന്‌ ഉറക്കം ലഭിക്കുന്നത്‌ വിശപ്പിനെയും ചയാപചയത്തെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ഗുണപരമായി സ്വാധീനിക്കും. എന്നും കൃത്യസമയത്ത്‌ ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നത്‌ ഭാരനിയന്ത്രണ ശ്രമങ്ങള്‍ക്ക്‌ കരുത്ത്‌ പകരും. 

ഭാരനിയന്ത്രണത്തില്‍ കാലാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഡയറ്റീഷ്യന്റെയും ഹെല്‍ത്ത്‌ ട്രെയ്‌നറുടെയും വിദഗ്‌ധ നിര്‍ദ്ദേശങ്ങളും തേടാവുന്നതാണ്‌.  

English Summary:

How to lose weight during winters?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com