ഭാരം കുറയ്ക്കാൻ പ്രാചീനകാല പോരാളികളുടെ 'വാരിയർ ഡയറ്റ്'; പരീക്ഷിക്കാം
Mail This Article
ജീവിതം ഒരു പോരാട്ടമാണെന്നും നാം മനുഷ്യരെല്ലാം അതിലെ വീരരായ പോരാളികളും ആണെന്നാണല്ലോ വയ്പ്പ്. എന്നാൽ പിന്നെ ഭാരം കുറച്ച് ഫിറ്റ്നസ് വീര്യം കൈവരിക്കാനും ആ പോരാട്ട ശക്തി ഒന്ന് പുറത്തെടുത്താലോ? പറഞ്ഞു വരുന്നത് പണ്ടുകാലത്തെ യോദ്ധാക്കളുടെയും യുദ്ധ പോരാളികളുടെയും ഭക്ഷണ ശീലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന 'വാരിയർ ഡയറ്റിനെ' കുറിച്ചാണ്. ഇടവിട്ടുള്ള ഉപവാസത്തിൽ അധിഷ്‌ഠിതമായ ഈ 'വാരിയർ ഡയറ്റ്' വികസിപ്പിച്ചത് ഇസ്രയേലി സ്പെഷ്യൽ ഫോഴ്‌സസിലെ മുൻ അംഗം ഒറി ഹോഫ്‌മെല്ലറാണ്.
Read Also : ഓട്ടം ആരോഗ്യ സംരക്ഷണത്തെ എത്രത്തോളം സഹായിക്കും?
24 മണിക്കൂറിനെ ഭക്ഷണം കഴിക്കുകയും ഉപവാസം ഇരിക്കുകയും ചെയ്യുന്ന രണ്ട് ഘട്ടങ്ങളായി തിരിച്ചാണ് ഈ ഭക്ഷണക്രമത്തിന് രൂപം നൽകിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് സുദീർഘമായ ഉപവാസത്തിൻ്റെ അണ്ടർ ഈറ്റിങ് ഘട്ടമാണ്. 20 മണിക്കൂർ നീളുന്ന ഈ ഘട്ടത്തിൽ കാര്യമായ ഭക്ഷണമൊന്നും കഴിക്കാൻ പാടില്ല. വിശപ്പിനെ പിടിച്ച് നിർത്താൻ ചെറിയതോതിൽ പഴങ്ങളോ പച്ചക്കറികളോ ആകാം.
ആദ്യത്തെ 20 മണിക്കൂറിന് ശേഷം വൈകുന്നേരത്തോടെ നാലു മണിക്കൂർ നേരത്തേക്ക് വിശപ്പടങ്ങുന്ന രീതിയിൽ ഭക്ഷണം കഴിക്കാം. ലീൻ പ്രോട്ടിനുകൾ, ഹോൾ ഗ്രെയ്‌നുകൾ, ആരോഗ്യകരമായ കൊഴുപ്പ്, പച്ചക്കറികൾ എന്നിവയെല്ലാം ഈ നാലു മണിക്കൂർ സമയത്തിൽ കഴിക്കേണ്ടതാണ്.
അണ്ടർ ഈറ്റിങ് ഘട്ടത്തിൽ ശരീരം ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പിനെ ഊർജ്ജത്തിന്നായി കത്തിക്കുകയും ഓവർ ഈറ്റിങ് ഘട്ടത്തിൽ ഗ്ലൂക്കോസ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ്. ഹോർമോൺ തോതുകളെ സ്വാധീനിക്കാനും ഇടവിട്ടുള്ള ഉപവാസത്തിന് സാധിക്കും. ഉപവസിക്കുന്ന അവസരത്തിൽ നോറെപ്പിനെഫ്രിൻ, ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ എന്നിവയുടെ തോത് ശരീരത്തിൽ ഉയരും. ഇവ കൊഴുപ്പ് കത്തിക്കുന്നതിലും പേശികൾ സംരക്ഷിക്കുന്നതിലും ചയാപചയം മെച്ചപ്പെടുത്തുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു. മൊത്തത്തിലുള്ള കലോറി ഉപയോഗം കുറയുന്നതും ശരീരഭാരം കുറയ്ക്കും. ദഹനസംവിധാനത്തിന് വിശ്രമം നൽകാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഈ ഡയറ്റിലൂടെ സാധിക്കും. ധാരണശേഷി മെച്ചപ്പെടുത്താനും മാനസിക ഏകാഗ്രത വർദ്ധിപ്പിക്കാനും 'വാരിയർ ഡയറ്റ്' വഴി വയ്ക്കുമെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു.
അതേ സമയം വാരിയർ ഡയറ്റ് എല്ലാവർക്കും അനുയോജ്യമാകണമെന്നും നിർബന്ധമില്ല. ഉപവാസത്തോടുള്ള ഓരോരുത്തരുടെ ശരീരത്തിൻ്റെ പ്രതികരണവും വ്യത്യസ്‌തമായിരിക്കും. ഇതിനാൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം മാത്രമേ നിലവിലുള്ള ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ പാടുള്ളൂ.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം - വിഡിയോ