ADVERTISEMENT

ആരോഗ്യം നിലനിർത്താൻ എന്തൊക്കെ കഷ്ടപ്പാടാണല്ലേ. ഭക്ഷണം, ഉറക്കം, വ്യായാമം എന്നിങ്ങനെ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. ആരോഗ്യസംരക്ഷണത്തിൽ ഓട്ടത്തിനു പ്രാധാന്യമുണ്ടോ? രാവിലെ എഴുന്നേറ്റ് ഗ്രൗണ്ടിനു ചുറ്റും ഓടിയെന്നു കരുതി എന്തെങ്കിലും പ്രയോജനമുണ്ടോ? അങ്ങനെ ചെറുതും വലുതുമായ പല സംശയങ്ങളും ഓട്ടം സംബന്ധിച്ചുണ്ടാകാം. ഓടുന്നതിന്റെ ഗുണങ്ങൾ അറിയണ്ടേ?

ഓടാം, ആരോഗ്യത്തിലേക്ക് 
ഓട്ടം ശീലമാക്കിയാൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടും. വിവിധ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും മാനസികാരോഗ്യവും ആത്മവിശ്വാസവും വർധിക്കുകയും ചെയ്യും.

ഓടുമ്പോൾ മസിലുകളിലേക്ക് കൂടുതൽ രക്തം പ്രവഹിക്കുകയും അതുവഴി ഓക്സിജനും പോഷകങ്ങളും പേശികളിലേക്ക് എത്തുകയും ഹൃദയതാളം വർധിക്കുകയും ചെയ്യും. ശ്വാസകോശപേശികളുടെ ആരോഗ്യം വർധിക്കുന്നതിനാൽ ശ്വസനവും സുഗമമാകുന്നു.

running-warrengoldswain-istockphoto
Representative image. Photo Credit: :warrengoldswain/istockphoto.com

അസ്ഥികൾ നിർമിക്കുന്ന ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനാൽ കൂടുതൽ അസ്ഥി കോശങ്ങൾ നിർമിക്കാൻ ശരീരത്തെ ഉത്തേജിപ്പിക്കുകയും തകർക്കുന്ന കോശങ്ങളുടെ പ്രവർത്തനം തടയുകയും ചെയ്യുന്നു. ദൃഢ പേശികൾ കൂടുതൽ പ്രതിരോധ ശേഷിയുള്ളതും ഒടിവിനുള്ള സാധ്യത കുറവുമാണ്.

സ്ഥിരമായ ഓട്ടം രക്തസമ്മർദവും ഹൃദയമിടിപ്പും കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കാലറി കത്തിച്ചു കളയാൻ സഹായിക്കുന്ന ഏറ്റവും നല്ല വ്യായാമമാണ് ഓട്ടം. കൊഴുപ്പ് കുറയ്ക്കുകയോ ശരീരഭാരം കുറയ്ക്കുകയോ ചെയ്യുകയോ ആണ് ലക്ഷ്യമെങ്കിൽ ഓട്ടം തീർച്ചയായും സഹായിക്കും.

run-pain-FOTOKITA-istockphoto
Representative image. Photo Credit:FOTOKITA/istockphoto.com

ഓട്ടക്കാരുടെ ശ്രദ്ധയ്ക്ക്
അമിതമായാൽ ഓട്ടവും ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായി ഓടുന്നതും പരിശീലിക്കുന്നതും ഗുണകരമല്ല. ആവശ്യമായ വിശ്രമം ഉറപ്പാക്കണം. ഓടുമ്പോൾ പേശികളുടെ കൊഴുപ്പ് നഷ്ടപ്പെടുന്നതിനാൽ പ്രോട്ടീൻ ധാരാളമായി കഴിക്കുക. പരിശീലനത്തിനിടയിൽ ഇടവേളയെടുക്കുക. ഓടുന്നതിന് മുൻപ് ഹെവി ഭക്ഷണം ഒഴിവാക്കുക. ഓട്ടം തുടങ്ങുന്നതിന് മുൻപ് ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ടെന്ന് ഉറപ്പുവരുത്തുക. ഓട്ടക്കാർക്കായി രൂപകൽപന ചെയ്ത ഉയർന്ന നിലവാരമുള്ള ശ്വസിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും പ്രധാനമാണ്.

വിവരങ്ങൾക്ക് കടപ്പാട് – ഡോ. അബ്ദുല്ല ഖലീൽ

dr-abdullah-khaleel
ഡോ. അബ്ദുള്ള ഖലീൽ

(മലയാള മനോരമ–സിൽമണി മലപ്പുറം മാരത്തണിന്റെ മെഡിക്കൽ പാർട്ണർ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലെ കൺസൽറ്റന്റ്  ആർത്രോസ്കോപിക് ആൻഡ് സ്പോർട്സ് ഇൻജുറി സർജനും സ്പോർട്സ് മെഡിസിൻ വിഭാഗം മേധാവിയുമാണ്)

ഏതു പ്രായത്തിലും നടുവേദന അകറ്റാൻ ഇവ ചെയ്യാം: വിഡിയോ

English Summary:

Benefits of Running

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com