ADVERTISEMENT

പ്രായം നാൽപതുകളിലെത്തുമ്പോൾ ശരീരത്തിൽ മെറ്റബോളിസത്തിലും ഹോർമോൺ സന്തുലനത്തിലുമെല്ലാം നിരവധി മാറ്റങ്ങൾ വരും. കൊഴുപ്പ് കളയുന്നത് ഒരു വെല്ലുവിളിയാണെങ്കിലും സ്ത്രീകൾക്ക് കൊഴുപ്പിനെ കത്തിച്ചു കളയാൻ ജീവിതശൈലിയിൽ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടു വരുന്നതിലൂടെ സാധിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഉപാപചയപ്രവർത്തനങ്ങൾ (Metabolism) മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില മാർഗങ്ങൾ ഇതാ.

∙സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ്
സ്ത്രീകളിൽ പ്രായമേറുംതോറും മസിൽ മാസ് കുറയാൻ തുടങ്ങും. ഇത് ഉപാപചയപ്രവർത്തനവും സാവധാനത്തിലാക്കും. പതിവായുള്ള ഫിറ്റ്നസ് ശീലങ്ങളില്‍ സ്ട്രെങ്ങ്ത് ട്രെയ്നിങ്ങ് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഭാരമുയർത്തുന്ന വ്യായാമങ്ങൾ (weight-bearing exercise) മസിൽ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും മസിൽമാസിനെ നിയന്ത്രിതമായ രീതിയില്‍ നിലനിർത്തുകയും ചെയ്യും. ഇത് ഉപാപചയ പ്രവർത്തനം വേഗത്തിലാക്കുന്നതോടൊപ്പം ശക്തിയും ബോൺ ഡെൻസിറ്റിയും കൂട്ടുകയും ചെയ്യും. 

Representative image. Photo Credit: Dacharlie/istockphoto.com
Representative image. Photo Credit: Dacharlie/istockphoto.com

∙ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്ങ്
ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്ങ് (HIIT), കൊഴുപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും ഫലപ്രദമായ ഒരു മാർഗമാണ്. കഠിനവ്യായാമങ്ങളും അതിനുശേഷം ഇടയ്ക്ക് അൽപം വിശ്രമിക്കുകയും ചെയ്യുന്നത് കാലറി കത്തിച്ചു കളയാൻ സഹായിക്കും. കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന നാൽപതുകളിലുള്ള സ്ത്രീകൾ എച്ച്ഐഐടി വർക്കൗട്ടുകൾ വ്യത്യസ്ത ഫിറ്റ്നെസ് ലെവലിൽ ചെയ്യുന്നത് ഗുണകരമാണ്. 

∙ഉറക്കം 
ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഉറക്കത്തിന് ഒരു പ്രധാനപങ്കുണ്ട്. ആവശ്യത്തിന് ഉറക്കം, തടസ്സമില്ലാതെ ലഭിക്കേണ്ടത് പ്രധാനമാണ്. ഉറക്കമില്ലായ്മ, ഹോർമോൺ അസന്തുലനത്തിനും കാലറി കൂടിയ ഭക്ഷണങ്ങൾ കഴിക്കാനുള്ള ആസക്തിയിലേക്കും നയിക്കും. ഉപാപചയപ്രവർത്തനങ്ങൾ സാവധാനത്തിലാകും. എല്ലാ രാത്രിയിലും 7 മുതൽ 9 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം ലഭിക്കുന്നത് കൊഴുപ്പിനെ കത്തിച്ചു കളയാനും സൗഖ്യമേകാനും സഹായിക്കും. 


Representative image. Photo Credit: RossHelen/istockphoto.com
Representative image. Photo Credit: RossHelen/istockphoto.com

∙മൈൻ‍ഡ്ഫുൾ ഈറ്റിങ്ങ്
പ്രായമാകുംതോറും ശരീരത്തിന്റെ മെറ്റബോളിസം സ്വാഭാവികമായും സാവധാനത്തിലാകും. നാം ഭക്ഷണം കഴിക്കുന്നു എന്നതും എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. ഭക്ഷണം സാവകാശം ആസ്വദിച്ചു കഴിക്കുന്ന രീതിയാണ് മൈൻഡ്ഫുൾ ഈറ്റിങ്ങ്. വയറു നിറയുന്നതും മനസ്സിലാക്കാൻ പറ്റും. ഭക്ഷണം നിയന്ത്രിതമായ അളവിൽ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക, പഴങ്ങളും പച്ചക്കറികളും ലീൻ പ്രോട്ടീനും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. 

∙വെള്ളം കുടിക്കാം
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിനു പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉപാപചയപ്രവർത്തനം നിയന്ത്രിക്കാനും വയറു നിറഞ്ഞതായ തോന്നൽ ഉണ്ടാക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സഹായിക്കും. മധുരപാനീയങ്ങൾക്കു പകരം വെള്ളമോ ഹെർബൽ ടീയോ കുടിക്കുന്നത് കാലറി കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രവർത്തനത്തെയും ഇത് സഹായിക്കും. 

Representative image. Photo Credit: Prostock-Studio/istockphoto.com
Representative image. Photo Credit: Prostock-Studio/istockphoto.com

∙സമ്മർദം അകറ്റാം
ഗുരുതരമായ സമ്മർദം ശരീരഭാരം കൂടുന്നതിനു കാരണമാകും; പ്രത്യേകിച്ചും വയറിന്റെ ഭാഗത്ത്. നാൽപതു വയസു കഴിഞ്ഞ സ്ത്രീകളിൽ ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കുന്നതിൽ സ്ട്രെസ് നിയന്ത്രണം പ്രധാനമാണ്. ധ്യാനം, യോഗ, ശ്വസനവ്യായാമങ്ങൾ തുടങ്ങിയവ പരിശീലിപ്പിക്കുക. സന്തോഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക ഇവയെല്ലാം പ്രധാനമാണ്. ഇത് സ്ട്രെസ് നിയന്ത്രിക്കാൻ മാത്രമല്ല, ഹോർമോൺ സന്തുലനത്തിനും കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.

പട്ടിണി കിടന്നാൽ അമിതവണ്ണം കുറയുമോ: വിഡിയോ 

English Summary:

Tips for women after 40 to reduce body weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com