മസിൽ പെരുപ്പിക്കണോ? എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ ഒഴിവാക്കാം
Mail This Article
മസിൽ വളർത്താനും നിലനിർത്താനും എന്തെല്ലാം കഴിക്കണം എന്നതിനെ പറ്റി നമുക്ക് അത്യാവശ്യം ധാരണയുണ്ട്. എന്നാൽ എന്ത് കഴിക്കരുത് എന്ന കാര്യത്തിൽ പലർക്കും അത്ര പിടിയില്ല. പ്രോട്ടീനും കാർബോഹൈഡ്രേറ്റും ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ സന്തുലിത ഭക്ഷണക്രമവും വ്യായാമവും പേശികളുടെ വളർച്ചയെ സഹായിക്കും. എന്നാൽ ഇനി പറയുന്ന ആറ് തരം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ് :
1. സംസ്കരിച്ച മാംസം
പ്രോട്ടീൻ്റെ സമ്പുഷ്ട സ്രോതസ്സുകളിൽ ഒന്നാണ് മാംസം. പ്രോട്ടീൻ പേശികളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ് താനും. എന്നാൽ എല്ലാം മാംസവും ഒരു പോലെയല്ല. സംസ്ക്കരിച്ച മാംസവും ചുവന്ന മാംസവും ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അർബുദ സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി ശുപാർശ ചെയ്യുന്നു. പേശി വളർച്ചയ്ക്കും ഇവ ഒഴിവാക്കി തൊലിയുരിച്ച ചിക്കൻ പോലുള്ള പക്ഷി മാംസത്തിലുള്ള ലീൻ പ്രോട്ടീനുകളെ ആശ്രയിക്കേണ്ടതാണ്.
2. ട്രാൻസ് ഫാറ്റ്
ആരോഗ്യകരമായ കൊഴുപ്പ് പേശീ വളർച്ചയ്ക്ക് നല്ലതാണെങ്കിലും ട്രാൻസ് ഫാറ്റുകൾ ഗുണം ചെയ്യില്ല.ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, പേസ്ട്രി, കേക്ക്, കുക്കി, മഫിൻ, ഫ്രോസൺ പിറ്റ്സ, ബിസ്കറ്റ്, സിനമൺ റോളുകൾ എന്നിവയിലെല്ലാം ട്രാൻസ് ഫാറ്റുകളാണ് അമിതമായി അടങ്ങിയിരിക്കുന്നത് ഇവയെല്ലാം ഒഴിവാക്കി പകരം നട്സ്, നട് ബട്ടർ, അവോക്കാഡോ എന്നിവയിലെല്ലാമുള്ള ആരോഗ്യകരമായ കൊഴുപ്പ് ഉപയോഗിക്കുന്നത് പേശീ വളർച്ചയെ സഹായിക്കുമെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു.
3. അമിതമായ പഞ്ചസാര
കാൻഡി, ഡോനട്ട്, മധുരം ചേർന്ന സ്നാക്സുകൾ, ശീതള പാനീയങ്ങൾ എന്നിവയെല്ലം ആവശ്യമില്ലാത്ത തോതിൽ പഞ്ചസാര ഉള്ളിലെത്തിക്കും. ഇവയിലെ കാർബോഹൈഡ്രേറ്റ് ശരീരത്തിന് അത്ര നല്ലതല്ല. ഇതിന് പകരം ഹോൾ ഗ്രെയ്നുകൾ, പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ പരമാവധി ഉൾപ്പെടുത്തേണ്ടതാണ്.
4. മദ്യം
ശരീരം മദ്യത്തെ ഒരു വിഷ വസ്തുവായാണ് കാണുന്നത്. ഇതിനാൽ മദ്യം അകത്ത് ചെന്നു കഴിഞ്ഞാൽ മറ്റ് എന്തിനേക്കാലും ആദ്യം മദ്യത്തെ നീക്കം ചെയ്യാൻ ശരീരം ശ്രമിക്കും. ഇത് പേശീ വളർച്ചയ്ക്ക‌് ആവശ്യമായ പോഷണങ്ങൾ ചയാപചയം ചെയ്യാനുള്ള ശരീരത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഊർജ്ജത്തിന്റെ തോതിനെയും ബാധിക്കുന്ന മദ്യം ശരീരത്തിലെ നിർജലീകരണവും വർധിപ്പിക്കും. പേശീ വളർച്ചയിൽ ഇതെല്ലാം പ്രതികൂല ഫലം ഉളവാക്കും.
5. സോസുകൾ, രുചി വർദ്ധനയ്‌ക്കുള്ള പദാർത്ഥങ്ങൾ
സോസുകൾ, രുചി വർദ്ധനയ്‌ക്കുള്ള പദാർത്ഥങ്ങൾ, സാലഡ് ടോപ്പിങ്ങുകൾ എന്നിവയെല്ലാം നാവിനെ രസിപ്പിച്ചേക്കാം. പക്ഷേ പേശി വളർച്ചയ്ക്ക് അവ അത്ര ഫലപ്രദമല്ല. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലവാരം കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉചിതം .
6.നിലവാരം കുറഞ്ഞ സപ്ലിമെൻ്റുകൾ
പേശി വളർത്താൻ വർക്ക് ഔട്ടിനൊപ്പം ചില സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണം ചെയ്യാറുണ്ട്. എന്നാൽ ഇവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തി മാത്രമേ കഴിക്കാവൂ. ഇല്ലെങ്കിൽ ഗുണത്തേക്കാലേറെ ദോഷമാകും സംഭവിക്കുക.
കുടവയർ കുറയ്ക്കാൻ മൂന്ന് വഴികൾ: വിഡിയോ