ADVERTISEMENT

വിവാഹത്തിനു മുൻപ് ചിരി മനോഹരമാക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടയിൽ യുവാവിനു ദാരുണാന്ത്യം. ശസ്ത്രക്രിയയ്ക്കായി നൽകിയ അനസ്തീഷ്യയുടെ ഡോസ് കൂടിയതാണു മരണത്തിനു കാരണമെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ 28കാരൻ ലക്ഷ്മി നാരായണ വിഞ്ജമാണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഹൈദരാബാദ് ഇന്റർനാഷനല്‍ ഡെന്റൽ ക്ലിനിക്കിലായിരുന്നു സംഭവം.

ശസ്ത്രക്രിയയ്ക്കു മുമ്പേ ബോധം നഷ്ടപ്പെടുത്തുന്ന വിദ്യ എന്നതിലുപരിയായി അനസ്തീസിയയെക്കുറിച്ചു പൊതുസമൂഹത്തിനു വ്യക്തമായ അവബോധമില്ല. മയക്കുരീതികൾ വ്യത്യസ്തം ശസ്ത്രക്രിയയുടെ പ്രത്യേകതകളനുസരിച്ചു വിവിധതരം അനസ്തീസിയകൾ ഉപയോഗിക്കാറുണ്ട്. ശരീരം മുഴുവൻ മരവിപ്പിക്കുന്ന ജനറൽ അനസ്തേഷ്യ മുതൽ ഏതു ശരീരഭാഗത്താണോ ശസ്ത്രക്രിയ ചെയ്യുന്നത് അവിടം മാത്രം മരവിപ്പിക്കുന്ന റീജിയണൽ (ലോക്കൽ) അനസ്തീസിയ വരെയുണ്ട്. ജനറൽ അനസ്തീസിയയിൽ മാത്രമേ രോഗിയെ മുഴുവനായി ബോധം കെടുത്തുകയുള്ളൂ. അനസ്തീസിയയ്ക്കു മുമ്പ്, രോഗിയെ പൂർണമായ പരിശോധനയ്ക്കു വിധേയമാക്കുന്നു. ലബോറട്ടറി പരിശോധനാഫലവും മുൻരോഗവിവരങ്ങളും മനസിലാക്കിയ ശേഷം ഉചിതമായ അനസ്തീസിയാ രീതി ഉപയോഗിക്കുന്നു. പലപ്പോഴും മുഴുവൻ ബോധം കെടുത്താതെ, സ്പൈനൽ അനസ്തീസിയ, എപ്പിഡ്യൂറൽ അനസ്തീസിയ, പ്രത്യേകം അവയവങ്ങളെ മാത്രം മരവിപ്പിക്കുന്ന റീജിയണൽ ബ്ലോക്ക് എന്നിവ ഉപയോഗിക്കുന്നു.‌

ജനറൽ അനസ്തീസിയയുടെ ഗുണം
ജനറൽ അനസ്തീസിയ നൽകുമ്പോൾ ആദ്യമായി രോഗിക്ക് ഒരു മരുന്നു നൽകി ഉറക്കുന്നു. രോഗിയെ ചെറുതായി ഉറക്കിയതിനു ശേഷം ഹൃദയമിടിപ്പു കൂടാതിരിക്കാനുള്ള മരുന്നുകൾ നൽകുന്നു. ശ്വാസോച്ഛ്വാസം പൂർണമായും നിയന്ത്രണവിധേയമാക്കി ശരീരം പൂർണമായും റിലാക്സ് ആക്കുന്നു.

രോഗിയുടെ നില പരിശോധിച്ചതിനുശേഷം വായ്/മൂക്ക് വഴി ഒരു ട്യൂബ് ശ്വാസനാളത്തിലേക്ക് ഇറക്കുന്നു. ട്യൂബിന്റെ സ്ഥാനം ശരിയാക്കിയതിനു ശേഷം പുറത്തുള്ള മെഷീനുമായി ട്യൂബ് ബന്ധിപ്പിക്കും. തുടർന്ന് ഇതിലൂടെ ഓക്സിജൻ, നൈട്രസ് ഓക്സൈഡ്, അനസ്തീസിയയ്ക്കുള്ള വിവിധ വാതകങ്ങൾ എന്നിവ നൽകുന്നു. രോഗിയുടെ മയക്കത്തിന്റെ സമയം ദീർഘിപ്പിക്കാനായി ചില പ്രത്യേക മരുന്നുകൾ കൂടി നൽകും. ഓപ്പറേഷൻ നടക്കുന്ന സമയം മുഴുവനും മോണിട്ടറിങ് സംവിധാനങ്ങളുപയോഗിച്ചു രോഗിയുടെ ശ്വാസോച്ഛ്വാസം, ശ്വാസകോശങ്ങളിലെത്തുന്ന ഓക്സിജന്റെ ശതമാനം എന്നിവയെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഓപ്പറേഷനുശേഷം മയക്കം വിട്ടുമാറാനുള്ള മരുന്നു കൊടുക്കുന്നു. തല ഉയർത്താൻ പറ്റുന്ന അവസ്ഥയിലെത്തുമ്പോൾ ട്യൂബ് എടുത്തു മാറ്റുന്നു.

Representative image. Photo Credit:Portra/istockphoto.com
Representative image. Photo Credit:Portra/istockphoto.com

അനസ്തീസിയയും അപകടങ്ങളും
ഏതുതരം അനസ്തീസിയയിലും അപൂർവമായി അപകടങ്ങൾ സംഭവിക്കാം. മുഴുവൻ ബോധം കെടുത്താതെ നൽകുന്ന റീജിയണൽ അനസ്തീസിയ (ഉദാ: സ്പൈനൽ, എപ്പിഡ്യൂറൽ, റീജിയണൽ ബ്ലോക്ക്) താരതമ്യേന സുരക്ഷിതമാണ്. എന്നാൽ വേണ്ടത്ര മുൻകരുതലുകൾ ഏതുതരം അനസ്തീസിയയ്ക്കും ആവശ്യമാണ്. അനസ്തീസിയയ്ക്കു നൽകുന്ന മരുന്നിന്റെ അളവു കൂടുകയോ കുറയുകയോ ചെയ്യുന്നതു ഹൃദയമിടുപ്പിൽ വ്യത്യാസം വരുത്തും. ഇതിനെത്തുടർന്നു ഹൃദയസ്തംഭനം സംഭവിക്കാം. കൃത്യ സമയത്തു ഹൃദയം പുനർജീവിപ്പിക്കാൻ സാധിക്കാതെ പോയാൽ തലച്ചോറിലെ കോശങ്ങളിൽ വേണ്ടത്ര രക്തമെത്താതാവുകയും നാശം സംഭവിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണു രോഗികളെ ദീർഘകാലം അബോധാവസ്ഥയിലാക്കുന്നത്.

രോഗികൾ അറിയാൻ
ഓപ്പറേഷനു മുമ്പു രോഗികൾ അനസ്തീസിയ പരിശോധനയ്ക്ക് എത്തുമ്പോൾ മറക്കാതെ താഴെ പറയുന്ന കാര്യങ്ങൾ ഡോക്ടറെ ബോധിപ്പിക്കണം.
1 മുമ്പു ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കിൽ ആ വിവരം അറിയിക്കണം. ആ സമയത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ അതും പറയണം.
2 അതിയായ രക്തസമ്മർദം, കരൾ രോഗങ്ങൾ, കിഡ്നി രോഗങ്ങൾ, ആസ്മ, പ്രമേഹം, ഹൃദ്രോഗം, നെഞ്ചുവേദന, പുളിച്ചു തികട്ടൽ, തൈറോയിഡ് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അപസ്മാരം എന്നിവ ഉണ്ടെങ്കിൽ പ്രത്യേകം അറിയിക്കുക.
3 ഉറക്കസമയത്തു വല്ലാതെ കൂർക്കം വലിക്കുന്നവർ അക്കാര്യം പറയണം. അതുപോലെ വയ്പു പല്ല്, ഇളകിയ പല്ല് എന്നിവ പ്രത്യേകം ഡോക്ടറെ അറിയിക്കണം.
4 ഏതെങ്കിലും മരുന്നിന് അലർജി വന്നിട്ടുണ്ടെങ്കിൽ അതു തീർച്ചയായും അനസ്തീസിയയ്ക്കു മുമ്പു ഡോക്ടറോടു പറയുക.
5 അപൂർവമായി കാണുന്ന പോർഫൈറിയ, ഫിയോക്രോമോസൈറ്റോമ എന്നീ രോഗങ്ങൾ അനസ്തീസിയ സമയത്ത് അപകടങ്ങൾ സൃഷ്ടിക്കാവുന്നതാണ്. ഈ അസുഖങ്ങൾ ഉള്ളവർ മുൻകൂട്ടി പറയേണ്ടതാണ്.
6 രക്തം കട്ടയാവുന്നതിൽ തകരാറുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധയിൽ പെടുത്തണം.
7 പലപ്പോഴും രോഗകൾ അവസാനം ആഹാരം കഴിച്ചതു മറച്ചുവയ്ക്കുക പതിവാണ്. ഓപ്പറേഷനു മുമ്പ് അവസാനം ഭക്ഷണം കഴിച്ച സമയവും വിശദാംശങ്ങളും വ്യക്തമായി പറഞ്ഞില്ലെങ്കിൽ അനസ്തീസിയ സമയത്ത് ആസ്പിരേഷൻ എന്ന ഗുരുതരമായ അപകടം വരാനിടയുണ്ട്. ആസ്പിരേഷൻ എന്നാൽ, കഴിച്ച ഭക്ഷണം തികട്ടി പുറത്തു വരികയും അതു ശ്വാസനാളത്തിലേക്കു പോകുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതു ഗുരുതരമായ ന്യൂമോണിയ പോലുള്ള രോഗാവസ്ഥകൾ ഉണ്ടാക്കും

Representative image. Photo Credit: SanyaSM/istockphoto.com
Representative image. Photo Credit: SanyaSM/istockphoto.com

പ്രസവശസ്ത്രക്രിയയും അനസ്തീസിയയും
ഇന്നു പ്രസവശസ്ത്രക്രിയയ്ക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് റീജിയണൽ അനസ്തീസിയയാണ്. അരയ്ക്കു കീഴോട്ടു മാത്രം മരവിപ്പിക്കുകയാണു ചെയ്യുന്നത്. റീജിയണൽ അനസ്തീസിയയിൽ രണ്ട് തരമുണ്ട്. ഒന്ന് സ്പൈനൽ അനസ്തീസിയ, രണ്ട് എപ്പിഡ്യൂറൽ അനസ്തീസിയ. ഇതിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നതും ചിലവു കുറഞ്ഞതും സ്പൈനൽ അനസ്തീസിയയാണ്. സ്പൈനൽ അനസ്തീസിയ തന്നാൽ നടുവേദന വിട്ടുമാറില്ല എന്ന ഭീതി പലർക്കുമുണ്ട്. സിസേറിയൻ വേണ്ടി വരുമ്പോൾ പലരും ജനറൽ അനസ്തീസിയ വേണമെന്നു നിർബന്ധിക്കുന്നത് ഈ കാരണം മൂലമാണ്. വേണ്ട രീതിയിൽ വിദഗ്ധമായി ചെറിയ സൂചി ഉപയോഗിച്ചു സ്പൈനൽ അനസ്തീസിയ നൽകിയാൽ യാതൊരു വേദനയും ഉണ്ടാകില്ല. രോഗിയെ കിടത്തിയോ ഇരുത്തിയോ അനസ്തീസിയ നൽകാം. വളയുന്നതരം നേർത്തു സൂചിയാണ് ഉപയോഗിക്കുന്നതിനാൽ വേദനയോ മറ്റോ ഉണ്ടാകില്ല. സിസേറിയന്, സ്പൈനൽ അനസ്തീസിയ നൽകിയാൽ ഗർഭിണിക്ക് ഓപ്പറേഷൻ സമയത്തു തന്റെ ബുദ്ധിമുട്ടുകൾ ഡോക്ടറെ അറിയിക്കുന്നതിനു സാധിക്കുന്നു. സ്പൈനൽ അനസ്തീസിയയിൽ സുഷുമ്നാനാഡിയുടെ ആവരണത്തിലെ സി എസ് എഫ് ദ്രാവകത്തിലാണു മരുന്നു കുത്തി വെയ്ക്കുന്നത്. എപ്പിഡ്യൂറൽ അനസ്തീസിയയിൽ സുഷുമ്നാനാഡിയുടെ ആവരണത്തിനു പുറത്തുള്ള പ്രത്യേക ഇടത്തിലേക്ക് ഒരു ട്യൂബ് കടത്തിയാണു മരുന്നു നൽകുന്നത്.

പാർശ്വഫലങ്ങൾ ശ്രദ്ധിക്കാം
സിസേറിയനിൽ ജനറൽ അനസ്തീസിയ നൽകുന്നതു ചില പാർശ്വഫലങ്ങൾക്കു കാരണമാകാം. ഇതിൽ വിവിധതരം മരുന്നുകൾ ഒരുമിച്ചുപയോഗിക്കുന്നതിനാൽ മരുന്ന് അലർജി ഉണ്ടാക്കാം. നിരവധി ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു കൊണ്ടു നൽകുന്നതിനായതിനാൽ ഈ ഉപകരണങ്ങൾക്കുണ്ടാകുന്ന തകരാറുകൾ നവജാത ശിശുവിന്റെയോ അമ്മയുടേയോ ആരോഗ്യത്തെ ബാധിക്കാം. ജനറൽ അനസ്തേഷ്യയിൽ രക്തനഷ്ടം കൂടുതൽ സംഭവിക്കാം. എന്നാൽ റീജിയണൽ അനസ്തീസിയയിൽ ഇതു കുറവാണ്. ജനറൽ അനസ്തീസിയ നൽകിയുള്ള സിസേറിയനിൽ കുഞ്ഞിനു ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതുപോലെ ജനറൽ അനസ്തീസിയ നൽകിയവരിൽ ശസ്ത്രക്രിയയ്ക്കു ശേഷം ഗർഭിണി ഛർദിക്കാനുള്ള സാധ്യതയും കൂടുതലാണ്.

നെഞ്ചുവേദന അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത്: വിഡിയോ

English Summary:

What Every Patient Should Know Before Receiving Anesthesia: Navigating the Risks and Types

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com