ADVERTISEMENT

കാലവർഷത്തിനു മുന്നോടിയായി പലയിടത്തും എത്തിയ ഇടിമിന്നൽ അപ്രതീക്ഷിതമായി പലരുടെയും ജീവൻ തട്ടിയെടുക്കുന്ന ദുരന്തവാർത്തകൾ കേട്ടിരിക്കെ വൈദ്യുതി ഷോക്കും ജീവൻ അപഹരിക്കുന്നു. അകമ്പടിയായി ഇടിമിന്നൽ എത്തുന്നതോടെ മഴക്കാലത്തു വൈദ്യുതി സംബന്ധ അപകടങ്ങൾ ഏറെയാണ്. നനവുള്ള കൈകൊണ്ട് സ്വിച്ചിൽ തൊടുമ്പോൾ, ഫ്രിജ് തുറക്കുമ്പോൾ, ടിവി ഓൺ ചെയ്യുമ്പോൾ, തേപ്പുപെട്ടി പ്രവർത്തിപ്പിക്കുമ്പോൾ എല്ലാം ഷോക്കടിക്കാം.

മുൻകരുതലുകൾ

വൈദ്യുതി മീറ്ററിൽനിന്നു തന്നെ ശ്രദ്ധ തുടങ്ങണം. വീട്ടിൽ എല്ലാവരും മെയിൻ സ്വിച്ച് സ്‌ഥാപിച്ചിരിക്കുന്ന സ്‌ഥലവും അപകടമുണ്ടായാൽ ഓഫ് ചെയ്യുന്ന വിധവും അറിഞ്ഞിരിക്കണം.

വൈദ്യുതി മീറ്ററും ഫ്യൂസും സ്‌ഥാപിച്ചിരിക്കുന്ന ഭാഗം നനയാതെ സൂക്ഷിക്കണം. നനഞ്ഞ കൈകൊണ്ട് വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. വൃക്ഷങ്ങളുടെ ശാഖകൾ വൈദ്യുതി കമ്പികളിൽ തട്ടി ഷോക്ക് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ വൈദ്യുതി ബോർഡ് അധികൃതരോടു പറഞ്ഞ് മുറിച്ചുമാറ്റുക. വയറിങ് മോശമാണെങ്കിൽ ചുവരുകൾ നനയുമ്പോൾ ഷോക്ക് ഉണ്ടാകും. നല്ലയിനം കേബിളുകൾ വയറിങ്ങിന് ഉപയോഗിക്കുക. മെയിൻ സ്വിച്ചിനോട് അനുബന്ധിച്ച് ‘എർത്ത് ലീക്കേജ് സർകീട്ട് ബ്രേക്കർ’ ഘടിപ്പിക്കുക. വൈദ്യുതി കമ്പികൾ പൊട്ടികിടക്കുന്നുണ്ടെങ്കിൽ ഉടൻ അടുത്തുള്ള വൈദ്യുതി ഓഫിസിൽ അറിയിക്കുക.

ഒരു പ്ലഗ് പോയിന്റിൽ ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ഘടിപ്പിക്കരുത്. ശരിയായ എർത്തിങ് ഉറപ്പു വരുത്തണം. ഇതിനു നിശ്‌ചിത കനത്തിലുള്ള ചെമ്പുകമ്പി തന്നെ ഉപയോഗിക്കണം. ഇടിമിന്നലുള്ള അവസരങ്ങളിൽ വൈദ്യുതി ലൈനിനു കീഴിൽ നിൽക്കരുത്. ഇടിയും മിന്നലും ഉള്ള സമയത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക. അതുപോലെ കോഡ്‌ലെസ് ഫോണും അപകടകാരിയാണ്. ലാൻഡ് ഫോൺ കണക്ഷൻ മഴ തീരുന്നതുവരെ ഊരിയിടുന്നതും നല്ലതാണ്. കോഡ്‌ലെസ് ഫോണിന്റെ വൈദ്യുതി ബന്ധവും ഊരിയിടുക. ഷോക്ക് ഏൽക്കാൻ ഏറ്റവും സാധ്യതയുള്ള ഉപകരണമാണ് ഇസ്‌തിരിപ്പെട്ടി. മുറുകെ പിടിക്കുന്നതിനാൽ ഷോക്ക് ഏൽക്കുമ്പോൾ പെട്ടെന്നു കൈമാറ്റാൻ കഴിയില്ല. ഇസ്‌തിരിയിടുമ്പോൾ കാലിൽ റബർ ചെരിപ്പ് ധരിക്കുക. മെറ്റൽ ഭാഗങ്ങളിൽ കൈകൊണ്ട് തൊടരുത്. ഇടിമിന്നൽ സമയത്ത് ഇസ്‌തിരിപ്പെട്ടി പ്രവർത്തിപ്പിക്കരുത്. എർത്തുള്ള സോക്കറ്റുകളിൽ മാത്രം ഉപകരണം പ്രവർത്തിപ്പിക്കുക. ഇടിയും മഴയും ഉള്ള സമയത്ത് ടിവി കാണേണ്ട എന്ന തീരുമാനം കർശനമായി നടപ്പാക്കുക. ടിവിയുടെ വൈദ്യുതി ബന്ധം വേർപെടുത്തിയശേഷം മാത്രം കേബിൾ കണക്‌ടർ ടിവിയിൽനിന്നു വേർപെടുത്തുക. മഴയുള്ളപ്പോൾ ആന്റിനയിൽ ഒരുവിധ അറ്റകുറ്റപ്പണിയും വേണ്ട. കണക്‌ടർ ഇൻസുലേഷനുള്ളതാണെന്ന് ഉറപ്പാക്കുക. ആന്റിനകളിൽ നിന്നുള്ള കണക്ഷൻ മിന്നലിനു സാധ്യതയുള്ളപ്പോഴേ ടിവിയിൽ നിന്നു വിച്‌ഛേദിക്കണം. കണക്ഷൻ പിൻ ഘടിപ്പിച്ച വയർ അലക്ഷ്യമായി തറയിൽ ഇടരുത്.

വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ മഴ നനയാതെ സംരക്ഷിക്കണം. മോട്ടോറിനു പ്രത്യേകമായി മെയിൻ സ്വിച്ചും സ്‌റ്റാർട്ടറും ഉണ്ടായിരിക്കണം. ‘എർത്ത് ലീക്കേജ് സർകീട്ട് ബ്രേക്കറും സ്‌ഥാപിക്കാം. കിണറിനകത്തു സ്‌ഥാപിക്കുന്ന മോട്ടോറുകൾ പിവിസി/ഫൈബർ പെട്ടികൾ ഉപയോഗിച്ച് മൂടണം.

ഷോക്കടിച്ചാൽ

ഷോക്കേറ്റാലുടൻ ഏറ്റവും പ്രധാനം ഷോക്കേറ്റ വ്യക്‌തിയിൽനിന്നു വൈദ്യുതി ബന്ധം വിച്‌ഛേദിക്കലാണ്. സ്വിച്ച് ഓഫ് ആക്കിയും ഉണങ്ങിയ കമ്പ് ഉപയോഗിച്ച് വൈദ്യുതി കമ്പി തട്ടിമാറ്റിയും ഇത് സാധ്യമാക്കാം. ഒരിക്കലും നേരിട്ട് പിടിച്ചുമാറ്റാൻ ശ്രമിക്കരുത്.. ഷോക്കേറ്റ് ബോധരഹിതനായാൽ ഉടൻ കൃത്രിമശ്വാസം നൽകണം. പൾസ് ഇല്ലെങ്കിൽ ഹൃദയ പ്രവർത്തനം പുനരുജ്‌ജീവിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com