ADVERTISEMENT

പെട്ടെന്നെത്തി നമ്മുടെ ജീവന്‍ തന്നെ കവരാവുന്ന ഒരു സംഗതിയാണ് ഹൃദയാഘാതം. ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് തടസ്സപ്പെടുത്തുന്ന ഈയവസ്ഥയെ സംബന്ധിച്ച് പലപ്പോഴും നമ്മുടെ ശരീരം ചില സൂചനകളൊക്കെ നമുക്ക് നല്‍കാറുണ്ട്. പലരും ഈ സൂചനകളെ അത്ര ഗൗരവത്തോടെ സമീപിക്കാറില്ല എന്ന് മാത്രം. അത്തരത്തില്‍ ഹൃദയാഘാതത്തെ സംബന്ധിച്ച് ശരീരം നല്‍കുന്ന ഒരു അപകടസൂചനയാണ് അമിതമായ  കോട്ടുവായ.

കോട്ടുവായയും ഹൃദയവും  തമ്മിലെന്ത് ബന്ധം എന്ന് അതിശയിക്കാന്‍ വരട്ടെ. പലപ്പോഴും ഉറക്കമില്ലായ്മയുടെ ഒരു ലക്ഷണമായിട്ടാണ് നാം കോട്ടുവായയെ  കാണുന്നത്. എന്നാല്‍ നല്ല ഉറക്കം കിട്ടിയിട്ടും ക്ഷീണമൊന്നും ഇല്ലാത്തപ്പോഴും ദിവസങ്ങളോളം കോട്ടുവായ വന്നാല്‍ സൂക്ഷിക്കുക. അത് ഗൗരവകരമായ ഒരു ആരോഗ്യ പ്രശ്‌നത്തിന്റെ  ലക്ഷണമാകാം. 

പഠനങ്ങളനുസരിച്ച് വായ്‌ക്കോട്ട നമ്മുടെ രക്തത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ അമിതമായ കോട്ടുവായ വേഗസ് നാഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ അടി വശത്ത് നിന്ന് ഹൃദയത്തിലേക്കും വയറിലേക്കും എത്തുന്ന നാഡിയാണ് വേഗസ് നാഡി. ഹൃദയത്തിന് ചുറ്റും രക്തസ്രാവമുണ്ടാകുമ്പോഴുണ്ടാകുന്ന ഒരു പ്രതികരണമെന്ന നിലയില്‍ ചിലപ്പോള്‍  കോട്ടുവായ വരാം. പക്ഷാഘാതവുമായിട്ടും ഇത് ബന്ധപ്പെട്ടിരിക്കുന്നു. 

പക്ഷാഘാതത്തിനു മുന്‍പും ശേഷവും അമിത കോട്ടുവായ വരാം. മരവിപ്പ്, വായ കോടല്‍, കൈകള്‍ക്ക് തളര്‍ച്ച, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ഇതിന്റെ ഒപ്പം വരുന്ന ലക്ഷണങ്ങളാണ്. വ്യായാമം ചെയ്യുമ്പോള്‍ ഒരു പാട് കോട്ടുവായ ഇടുന്നത്, പ്രത്യേകിച്ച് ചൂടുള്ള ദിനങ്ങളില്‍ അങ്ങനെ സംഭവിക്കുന്നത് ഹൃദയാഘാതത്തിന് മുന്നോടിയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഹൃദയാഘാതവും പക്ഷാഘാതവുമായി മാത്രമല്ല അമിതമായ കോട്ടുവായ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ട്യൂമര്‍, ചുഴലിദീനം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, കരള്‍ രോഗം, താപനില നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവുകേട് എന്നിവയുടെ എല്ലാം ലക്ഷണമാണ് കോട്ടുവായ. കാരണമൊന്നുമില്ലാതെ വല്ലാതെ കോട്ടുവായ ഇടുന്നുണ്ടെങ്കില്‍ ഉടനെതന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

English Summary : Excessive yawning can be a warning sign of an impending heart attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com