പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിക്ക് ഈ നാലു കാര്യങ്ങള്‍ പ്രധാനം
Mail This Article
പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെയും ലൈംഗികാരോഗ്യത്തെയും സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ പലരും തങ്ങളുടെ പ്രത്യുത്പാദനപരമായ ആരോഗ്യത്തെ കുറിച്ച് അത്ര ബോധവാന്മാരല്ല.
മാറുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമെല്ലാം പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ നേരിട്ട് ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട് ഉയരുന്ന സമ്മര്‍ദം പുരുഷന്മാരുടെ ശാരീരിക മാനസിക ആരോഗ്യത്തെ മാത്രമല്ല ലൈംഗിക ശേഷിയെയും കവര്‍ന്നെടുക്കുന്നു. മോശം ഭക്ഷണം, ആവശ്യത്തിന് വ്യായാമമില്ലാത്ത അവസ്ഥ എന്നിവയെല്ലാം പുരുഷന്മാരുടെ പ്രത്യുത്പാദനശേഷിയെ ബാധിക്കുന്ന മറ്റ് ഘടകങ്ങളാണ്. ഇതിനു പുറമേയാണ് മദ്യം, പുകയില, പുകവലി തുടങ്ങിയവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍. കീടനാശിനികള്‍, റേഡിയോആക്ടീവ് കെമിക്കലുകള്‍ എന്നിങ്ങനെ വിഷലിപ്ത വസ്തുക്കളും ലൈംഗികാരോഗ്യത്തിന് ദോഷകരമാണ്.
പുരുഷന്മാരുടെ ലൈംഗികാരോഗ്യവും പ്രത്യുത്പാദനശേഷിയും നിലനിര്‍ത്താന്‍ ഇനി പറയുന്ന നാലു കാര്യങ്ങള്‍ സുപ്രധാനമാണ്.
1. വെല്ലുവിളികളെ കുറിച്ച് അവബോധം
ബീജങ്ങളുടെ എണ്ണക്കുറവ്, ടെസ്‌റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണ്‍ കുറവ്, വന്ധ്യത തുടങ്ങിയവയെ കുറിച്ച് അവബോധം പകരേണ്ടത് അത്യാവശ്യമാണ്. എച്ച്‌ഐവി, സിഫിലിസ്, ഹെപറ്റൈറ്റിസ് ബി, ക്ലമിഡിയ, ഗൊണേറിയ, ഹെര്‍പിസ്, എച്ച്പിവി തുടങ്ങിയ ലൈംഗിക രോഗങ്ങളെ കുറിച്ചും അവബോധമുണ്ടാകണം. രോഗം വന്നാല്‍ പുറത്ത് പറയാന്‍ മടി കാണിക്കുന്നവരാണ് അധികവും. ശരീരത്തിലെ മറ്റ് ഏത് അവയവങ്ങള്‍ക്കും രോഗം ബാധിക്കുന്നത് പോലെ തന്നെയാണ് ഇതെന്നും കൃത്യ സമയത്തെ വൈദ്യസഹായത്തോടെ രോഗത്തെ മറികടക്കാനാകുമെന്നും തിരിച്ചറിയണം.
2. ഊര്‍ജ്ജസ്വലമായ ജീവിതശൈലി
കംപ്യൂട്ടറുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലറ്റുകളുടെയും ലോകത്ത് നിത്യവുമുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ വല്ലാതെ പരിമിതപ്പെട്ടിട്ടുണ്ട്. നീന്തല്‍, ഓട്ടം, സൈക്ലിങ്ങ്, മറ്റ് കായിക പ്രവര്‍ത്തികള്‍ തുടങ്ങിയവ ഊര്‍ജ്ജസ്വലമായ ജീവിതശൈലിക്ക് സഹായകമാണ്. നിത്യവുമുള്ള വ്യായാമം പ്രതിരോധശേഷി വളര്‍ത്തുകയും ഹോര്‍മോണ്‍ തോത് നിലനിര്‍ത്തുകയും ചെയ്യും. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവര്‍ക്ക് പ്രത്യേകിച്ചും ഇത് ഗുണകരമാണ്. ഇത്തരത്തിലുള്ള ചെറിയ ജീവിതശൈലീ മാറ്റങ്ങള്‍ സമ്മര്‍ദം കുറയ്ക്കുകയും ബീജോത്പാദനത്തെ ബാധിക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കുകയും ചെയ്യും.
3. ആരോഗ്യകരമായ ഭക്ഷണം
പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. സംസ്‌കരിച്ച ഭക്ഷണവും ജങ്ക് ഫുഡും ശരീരത്തിന്റെ ഹോര്‍മോണ്‍ തോതിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ അവ പരിമിതപ്പെടുത്തുക. പോഷകസമ്പുഷ്ടമായ ഭക്ഷണക്രമം പ്രത്യുത്പാദനപരമായ ആരോഗ്യത്തെ മാത്രമല്ല, ആകമാനമുള്ള നിങ്ങളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും.
4. ശുചിത്വം
പ്രത്യുത്പാദനശേഷി നിര്‍ണയിക്കുന്നതില്‍ ശുചിത്വത്തിനും നിര്‍ണായക സ്ഥാനമുണ്ട്. ബീജോത്പാദനത്തിന് ശരീരോഷ്മാവിനെക്കാൾ താഴെയുള്ള താപനില ആവശ്യമായതിനാലാണ് പുരുഷ ലൈംഗിക അവയവങ്ങള്‍ ശരീരത്തിന് പുറത്ത് പ്രത്യേക സഞ്ചിയില്‍ സ്ഥിതി ചെയ്യുന്നത്. ലൈംഗികാവയവങ്ങളും ചുറ്റുപാടുകളും ശുചിയാക്കി വയ്ക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമായ അടിവസ്ത്രങ്ങളും ഉപയോഗിക്കേണ്ടതാണ്.
English Summary : Men reproductive health care tips