വേദന കുറയ്ക്കാൻ വൈദ്യുതി തരംഗങ്ങൾ ഫലപ്രദമെന്ന് കണ്ടെത്തൽ
Mail This Article
വിട്ടുമാറാത്ത പുറം വേദനയുടെയും കാലു വേദനയുടെയും തീവ്രത കുറയ്ക്കാനായി നട്ടെല്ലിലൂടെ ചെറിയ തോതിലുള്ള വൈദ്യുതി കടത്തി വിടുന്ന ചികിത്സ രീതി മൂന്ന് ദശകങ്ങള്‍ മുന്‍പ് ആരംഭിച്ചിരുന്നു. 1989ല്‍ കുറഞ്ഞ ഫ്രീക്വന്‍സിയുള്ള തരംഗങ്ങള്‍(50 ഹേര്‍ട്സ്) നട്ടെല്ലിലൂടെ കടത്തി വിട്ടുള്ള ചികിത്സയ്ക്ക് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കി. എന്നാല്‍ 2015ല്‍ 10,000 ഹേര്‍ട്സ് വരെ ഫ്രീക്വന്‍സിയുള്ള റേഡിയോ തരംഗങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ എഫ്ഡിഎ പച്ചക്കൊടി കാട്ടി. ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ള തരംഗങ്ങള്‍ കുറഞ്ഞ നേരത്തേക്ക് കുറഞ്ഞ ആംപ്ലിറ്റ്യൂഡിലാണ് ഇതിനായി കടത്തി വിടുക. ചെറിയ ഫ്രീക്വന്‍സിയുള്ള വൈദ്യുതിയേക്കാള്‍ വലിയ ഫ്രീക്വന്‍സിയുള്ള തരംഗങ്ങളാണ് വേദന നിയന്ത്രിക്കാന്‍ ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വകലാശാല സാന്‍ ഡിയാഗോ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍.
തരംഗങ്ങള്‍ കടത്തി വിടുമ്പോൾ വേദന കുറയുന്ന തോന്നല്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. 2004നും 2020നും ഇടയില്‍ സ്പൈനല്‍ കോര്‍ഡ് സ്റ്റിമുലേഷന്‍(എസ് സി എസ്) ചികിത്സ ലഭിച്ച 237 രോഗികളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ 94 രോഗികള്‍ക്ക്(40 സ്ത്രീകളും 54 പുരുഷന്മാരും) ഹൈ ഫ്രീക്വന്‍സി എസ് സി എസ് ലഭിച്ചപ്പോള്‍ 70 സ്ത്രീകളും 73 പുരുഷന്മാരും ഉള്‍പ്പെടെ 143 പേര്‍ക്ക് ലോ ഫ്രീക്വന്‍സി എസ് സി എസാണ് ലഭിച്ചത്.
ചികിത്സയ്ക്കായി ഇലക്ട്രോഡുകള്‍ വച്ച് മൂന്നും ആറും മാസങ്ങള്‍ക്ക് ശേഷം ഗവേഷകര്‍ രോഗികളുടെ വേദന കുറയുന്നതിന്‍റെ തോത്(പെര്‍സീവ്ഡ് പെയ്ന്‍ റിഡക്ഷന്‍-പിപിആര്‍) അളന്നു. ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് കൂടുതല്‍ പിപിആര്‍ നല്‍കിയതെന്ന് ഇതിലൂടെ കണ്ടെത്തുകയായിരുന്നു.
വേദന സംഹാരികള്‍ കുറച്ച് ഉപയോഗിക്കേണ്ടി വന്നതും ഉയര്‍ന്ന ഫ്രീക്വന്‍സി ഉപയോഗിച്ചവരിലാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരിലാണ് ഹൈ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ വഴി വേദന കുറഞ്ഞതായ തോന്നല്‍ കൂടുതലായി ഉണ്ടായതെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Content Summary : Radiofrequency spinal cord stimulation shows improved longer-lasting pain relief: Study