ADVERTISEMENT

ലോകത്ത് ഓരോ വര്‍ഷവും പുതുതായി നാല് ലക്ഷം പേര്‍ക്ക് വൃക്കയില്‍ അര്‍ബുദം ബാധിക്കുന്നതായും 1.7 ലക്ഷം പേര്‍ ഇത് മൂലം മരണപ്പെടുന്നുണ്ടെന്നും കണക്കാക്കുന്നു. റീനല്‍ സെല്‍ കാര്‍സിനോമ എന്നറിയപ്പെടുന്ന ഈ അര്‍ബുദത്തിന്‍റെ സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ രണ്ട് മടങ്ങ് അധികമാണ്. എന്നാല്‍ മുന്‍ കൂട്ടിയുള്ള രോഗനിര്‍ണയം വൃക്ക അര്‍ബുദത്തില്‍ നിന്നുള്ള അതിജീവന നിരക്ക് 1954ല്‍ 34 ശതമാനമായിരുന്നത് 2015ല്‍ 75 ശതമാനമായി ഉയര്‍ത്തി. ഉയര്‍ന്ന രക്തസമ്മര്‍ദം,  അമിത ശരീരഭാരം, പുകവലി എന്നിവയാണ് വൃക്ക അര്‍ബുദത്തിന്‍റെ  പൊതുവായ മൂന്ന് കാരണങ്ങള്‍. ഡയബറ്റിസ് മെല്ലിറ്റസ്, റീനല്‍ ഫെയ്ലര്‍, റീനല്‍ സിസ്റ്റിക് രോഗം, വൈറല്‍ ഹെപറ്റൈറ്റിസ്, വൈറ്റമിന്‍ ഡി തോത്, അലസമായ ജീവിതശൈലി എന്നിവയും വൃക്ക അര്‍ബുദ സാധ്യത ഉയര്‍ത്തുന്നു. 

 

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ മുതിര്‍ന്നവരില്‍ 40 ശതമാനത്തെയും ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിക്കുന്നുണ്ട്. നിരന്തരമായ നീര്‍ക്കെട്ടിന്‍റെ അവസ്ഥ രക്തസമ്മര്‍ദം ശരീരത്തില്‍ സൃഷ്ടിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ശരീരം എപ്പോഴും യുദ്ധസമാനമായ അവസ്ഥയില്‍ തുടരുന്നത് കോശങ്ങളില്‍ ആവശ്യത്തിന് ഓക്സിജന്‍ എത്താത്ത സാഹചര്യമൊരുക്കും. ഇത് കോശ വളര്‍ച്ചയുടെ താളം തെറ്റിക്കാനും വൃക്കയില്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്നും കരുതപ്പെടുന്നു. 

 

ഉയര്‍ന്ന രക്തസമ്മര്‍ദം രക്തധമനികളുടെ ഏറ്റവും ഉള്ളിലുള്ള ആവരണമായ എന്‍ഡോതീലിയത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ഓക്സിജനില്‍ നിന്ന് രൂപം കൊള്ളുന്ന റിയാക്ടീവ് ഓക്സിജന്‍ സ്പീഷ്യസ്(ആര്‍ഒഎസ്) എന്ന കെമിക്കലുകളുടെ ഉത്പാദനത്തിനും ഇത് കാരണമാകും. ഈ ആര്‍ഒഎസുകളും അര്‍ബുദത്തിന് കാരണമാകുന്ന മുഴകളുടെ വളര്‍ച്ചയിലേക്ക് നയിക്കാം. 

 

സോണോഗ്രാഫി പരിശോധനയിലൂടെയാണ് വൃക്കകളിലെ അര്‍ബുദം തിരിച്ചറിയുന്നത്. ശരീരത്തിന്‍റെ വശങ്ങളില്‍ നെഞ്ചിന്‍കൂടിനും ഇടുപ്പിനും ഇടയിലുള്ള ഭാഗത്തെ വേദനയും മൂത്രത്തില്‍ രക്തവും വയറിന്‍റെ ഭാഗത്തുള്ള വളര്‍ച്ചയുമെല്ലാം വൃക്ക അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. മൂത്രത്തില്‍ രക്തം 40 ശതമാനം വൃക്ക അര്‍ബുദ രോഗികളിലും കാണപ്പെടുന്നു. പുകവലി ഒഴിവാക്കിയും ശരീര ഭാരവും രക്തസമ്മര്‍ദവും നിയന്ത്രിച്ചും വൃക്കയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാവുന്നതാണ്. 

Content Summary: High blood pressure and Kidney Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com