ADVERTISEMENT

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്ന പ്രവണത അടുത്ത കാലത്തായി വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ മാസത്തില്‍ രണ്ടും മൂന്നും തവണ കുട്ടികളില്‍ കാണപ്പെടുന്നതായി പുണെയിലെ ചില ശിശുരോഗ വിദഗ്ധരെ ഉദ്ധരിച്ച് ഫോര്‍ബ്ക്യു റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളില്‍ നിന്ന് രോഗബാധിതരാകുന്ന കുട്ടികള്‍ വീട്ടിലെത്തി മുതിര്‍ന്നവരിലേക്കും ഈ വൈറല്‍ രോഗം പകരുന്ന സാഹചര്യമുണ്ടെന്ന് പുണൈയിലെ ഡോ. സഞ്ജയ് മാന്‍കര്‍ പറയുന്നു. 

 

ഉയര്‍ന്ന ‍ഡിഗ്രി പനി, വിട്ടുമാറാത്ത ചുമ, മൂക്കൊലിപ്പ് എന്നിവയാണ് ഇവരില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. മാസത്തില്‍ രണ്ടും മൂന്നും തവണയൊക്കെ കുട്ടികള്‍ക്ക് വൈറല്‍ പനി വരുന്നത് അസാധാരണമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഫ്ളുവന്‍സ, പാരാഇന്‍ഫ്ളുവന്‍സ, എന്‍റെറോവൈറസുകള്‍, റെസ്പിറേറ്ററി സിന്‍സൈഷ്യല്‍ വൈറസ്(ആര്‍എസ് വി), എച്ച്1എന്‍1, പന്നിപ്പനി, കൊറോണ വൈറസ്, ഡെങ്കി പനി തുടങ്ങിയ നിരവധി രോഗാണുക്കള്‍ നഗരത്തില്‍ നിലവില്‍ ചുറ്റിത്തിരിയുന്നുണ്ടെന്ന് ഡോ. സഞ്ജയ് കൂട്ടിച്ചേര്‍ത്തു. 

 

 

കുട്ടികള്‍ ഒരു വൈറസ് ബാധയില്‍ നിന്ന് മുക്തി നേടുമ്പോഴേക്ക് അടുത്ത വൈറസ് അവരെ പിടികൂടുന്ന സ്ഥിതിവിശേഷമാണ്. കുട്ടികള്‍ക്ക് പരീക്ഷകളും മറ്റും ഉള്ളതിനാല്‍ രോഗമുള്ള കുട്ടികളെ പലരെയും മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് സ്കൂളിലേക്ക് വിടാറുണ്ട്. ഇതും കൂടുതല്‍ പേരിലേക്ക് വൈറസുകള്‍ പരത്തുന്നു. കിന്‍ഡര്‍ഗാര്‍ഡന്‍, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളിലാണ് പനി വ്യാപകമായി കാണപ്പെടുന്നതെന്നും ശിശുരോഗവിദഗ്ധര്‍ പറയുന്നു. മുതിര്‍ന്ന കുട്ടികളെ അപേക്ഷിച്ച് ഇവരുടെ പ്രതിരോധശക്തി കുറവാണെന്നതാണ് കാരണം. 

 

ഇത്തരം വ്യാപകമായ വൈറല്‍ പനി നിയന്ത്രിക്കാന്‍ ചെറിയ ക്ലാസുകള്‍ താത്ക്കാലികമായി അടച്ചിടണമെന്ന് സൂര്യ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ധന്‍ ഡോ. സച്ചിന്‍ ഷാ നിര്‍ദ്ദേശിക്കുന്നു. സ്കൂളുകള്‍ക്ക് പരീക്ഷകള്‍ പുനഃക്രമീകരിക്കുന്ന കാര്യവും  ആലോചിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പുണൈയിലെ മേഘാവൃതമായ അന്തരീക്ഷം അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളുടെ വ്യാപനത്തെ സഹായിക്കുന്നതായും ഡോ. ഷാ കൂട്ടിച്ചേര്‍ത്തു. കുട്ടികളില്‍ മാത്രമല്ല ഫീല്‍ഡ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്നവര്‍ക്കും ദീര്‍ഘകാലത്തേക്ക് രോഗം വിട്ടുമാറാത്ത അവസ്ഥയുണ്ടെന്ന് പുണൈയിലെ ജനറല്‍ പ്രാക്ടീഷ്യനറായ ഡോ. സന്താജി കദമും അഭിപ്രായപ്പെടുന്നു.

Content Summary: Many schoolkids now down with fever, cough and cold twice or thrice a month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com