ഓടാൻ പ്രായം തടസ്സമേയല്ല; സപ്തതി 70 കിലോമീറ്റർ ഓടി ആഘോഷിച്ച് ഡിക്സൻ
Mail This Article
പ്രായം കൂടും തോറും ഓട്ടത്തിന്റെ സ്പീഡും കൂടും’. ചങ്ങനാശേരി സ്വദേശി ഡിക്സൻ സ്കറിയ മാറാട്ടുകളം വെറുതേ പറയുകയല്ല, ജീവിതത്തിൽ ഓടിത്തെളിയിക്കുകയാണ് ഈ ആശയം. 70 കിലോമീറ്റർ ഓടി സപ്തതി ആഘോഷം നടത്തിയ ഡിക്സന്റെ കാഴ്ചപ്പാടിൽ പ്രായം എന്നത് കേവലം അക്കങ്ങൾ മാത്രമാണ്.
ശാരീരികക്ഷമത കാത്തുസൂക്ഷിച്ചാൽ പ്രായമാകുമ്പോഴും തരക്കേടില്ലാതെ കഴിയാം എന്ന പിതാവിന്റെ ഉപദേശത്തെത്തുടർന്നാണ് 16–ാം വയസ്സിൽ ഇദ്ദേഹം ഓട്ടം ജീവിതത്തിന്റെ ഭാഗമാക്കിയത്. 1974ൽ ജോലിക്കായി അബുദാബിയിലേക്ക് പോയപ്പോഴും ഓട്ടത്തോടുള്ള കൂട്ടു വിട്ടില്ല. അവിടത്തെ റണ്ണിങ് ക്ലബ്ബിൽ അംഗമായി. 1999ൽ ജോലിയിൽ നിന്നു വിരമിച്ച് തിരികെ നാട്ടിൽ എത്തിയപ്പോൾ ഓടാൻ കൂടുതൽ സമയം ലഭിച്ചു.
കൊച്ചിയിൽ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഹാഫ് മാരത്തണിലാണ് ആദ്യം പങ്കെടുത്തത്. നൂറിലേറെ മാരത്തണുകളിൽ ഇതിനോടകം പങ്കെടുത്തു. സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഓർമയിൽ യുഎസ് സൈന്യം നടത്തിയ മാരത്തൺ, കനത്ത മഞ്ഞിൽ ജാക്കറ്റ് ഇട്ട് ഓടിയ ഫിലഡൽഫിയ മാരത്തൺ, മകൾക്കൊപ്പം ഓടുകയും 60നു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ സ്വർണം നേടുകയും ചെയ്ത അറ്റ്ലാന്റിക് സിറ്റി മാരത്തൺ ഇങ്ങനെ നീളുന്നു പട്ടിക. മൂന്നാർ അൾട്രാ മാരത്തണും (71 കിലോമീറ്റർ) പൂർത്തിയാക്കിയിട്ടുണ്ട്.
വിശ്രമജീവിതം തുടങ്ങിയതിനു ശേഷമാണ് ദീർഘദൂര ഓട്ടത്തിൽ സജീവമായത്. മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാരത്തണിൽ പങ്കെടുക്കാൻ ഭാര്യയ്ക്കൊപ്പം കാറോടിച്ചാണു പോകുന്നത്. 3 പെൺമക്കളും ഒരു മകനുമുണ്ട്. ഇവരെല്ലാം ഓട്ടത്തിൽ താൽപര്യമുള്ളവരാണ്. ബോസ്റ്റൺ മാരത്തണിൽ പങ്കെടുക്കുകയാണ് ഏറ്റവും വലിയ സ്വപ്നം. 4 മണിക്കൂർ 20 മിനിറ്റിൽ മാരത്തൺ പൂർത്തിയാക്കിയവർക്കാണ് ഇതിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനാവൂ. അടുത്ത വർഷം ആദ്യം നടക്കുന്ന മുംബൈ മാരത്തണിൽ ഈ ദൂരം പിന്നിടാനാകുമെന്നും അതിലൂടെ ബോസ്റ്റനിലേക്ക് ക്വാളിഫൈ ആകാൻ കഴിയുമെന്നുമാണ് ഡിക്സന്റെ പ്രതീക്ഷ.
4 മണിക്കൂർ 22 മിനിറ്റാണ് നിലവിൽ ഡിക്സന്റെ മികച്ച സമയം.
ജീവിതക്രമം
പുലർച്ചെ 4ന് ഉണരും. 5ന് ഓടാൻ ഇറങ്ങും. ഒന്നു മുതൽ 3 മണിക്കൂർ വരെ ആഴ്ചയിൽ ആറു ദിവസം ഓടും. ഒരു ദിവസം വിശ്രമം. രാത്രി 9ന് ഉറങ്ങും. ചില ദിവസങ്ങളിൽ സൈക്കിളിങ്ങും ഉണ്ട്. ഇത്തരം ദിവസങ്ങളിൽ ഓട്ടത്തിന്റെ സമയം കുറയ്ക്കും. ഏതെങ്കിലും സാഹചര്യത്തിൽ രാത്രി ഉറങ്ങാൻ വൈകിയാൽ അടുത്ത ദിവസം ഓട്ടം ഒഴിവാക്കും. ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നാണ് ഡിക്സന്റെ അഭിപ്രായം. ദിവസവും 3 ലീറ്റർ വെള്ളമെങ്കിലും കുടിക്കും.
എങ്ങനെ ഓടാം
20 മിനിറ്റ് നടക്കുക, പിന്നെ 30 സെക്കൻഡ് ഓടുക, വീണ്ടും 20 മിനിറ്റ് നടക്കുക, 30 സെക്കൻഡ് ഓടുക.. ആദ്യ 2 ആഴ്ച ദിവസവും ഒരു മണിക്കൂർ വീതം ഇത്തരത്തിൽ ആവർത്തിക്കുക. പിന്നീട് 20 എന്നതിനു പകരം 19 മിനിറ്റ് നടക്കുക, ഒരു മിനിറ്റ് ഓടുക.
രണ്ട് ആഴ്ചകൾക്കു ശേഷം 18 മിനിറ്റ് നടത്തം, 2മിനിറ്റ് ഓട്ടം എന്ന രീതിയിലാക്കുക.
ക്രമേണ ഒരു മണിക്കൂർ പൂർണമായും ഓടാൻ കഴിയുന്ന വിധത്തിലേക്കു മാറാൻ കഴിയും. ഓടാൻ തീരുമാനിച്ചാൽ നല്ല ഷൂസ് വാങ്ങണം. നിരപ്പായ പ്രദേശത്തു കൂടി ആദ്യം ഓടി ശീലിക്കുക.