വെള്ളംകുടിയിലും വേദനസംഹാരി ഉപയോഗത്തിലും വേണം ശ്രദ്ധ; ക്രിയാറ്റിൻ അളവ് മാത്രം പരിഗണിച്ച് വൃക്കയെ അളക്കരുത്
Mail This Article
ഉദരത്തിനകത്ത് നട്ടെല്ലിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന, മനുഷ്യശരീരത്തിലെ പ്രധാന വിസര്‍ജനാവയവങ്ങളാണ് വൃക്കകള്‍ (kidneys). മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ വൃക്കയുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്കു തള്ളുന്ന രക്തത്തിന്‍റെ 20 ശതമാനവും പോകുന്നത്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. അതുകൊണ്ടുതന്നെ വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിന്റെ പ്രാധാന്യം, വൃക്കരോഗങ്ങളുടെ വ്യാപ്തി, അവയെ എങ്ങനെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ചിലെ രണ്ടാം വ്യാഴം ലോക വൃക്കദിനമായി ആചരിക്കുന്നു. ശരീരത്തിലെ വിസര്‍ജ്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുന്നതുകൊണ്ടുതന്നെ പലപ്പോഴും വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതും മൂത്രത്തിൽതന്നെയാണ്. വൃക്കയുടെ ആരോഗ്യകാര്യത്തിൽ യൂറോളജിയും നെഫ്രോളജിയും ഒരേ പങ്കുവഹിക്കുന്നുണ്ട്. വൃക്കയ്ക്കുണ്ടാകുന്ന കേടുപാടുകൾ നമ്മളെ ഏതെല്ലാം രീതിയിൽ ബാധിക്കാമെന്നും വൃക്കയെ തകരാറിലാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്നും ജീവിതശൈലീ രോഗങ്ങളെ ശരിയായി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ അവ എങ്ങനെ വൃക്കയെ തകരാറിലാക്കുമെന്നും വിശദീകരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജിസ്റ്റ് ഡോ. നോബിൾ ഗ്രേഷ്യസും വഴുതക്കാട് ക്യുവർ യൂറോളജി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് യൂറോളജിസ്റ്റ് ഡോ.കെ.വി.വിനോദും.