ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിസ്റ്റുകളുടെ (ഐ.എ.ജി.ഇ) ദേശീയ സമ്മേളനം ആരംഭിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 

കീറിമുറിക്കലുകളില്ലാത്തതും വേദനാരഹിതവുമായ ശസ്ത്രക്രിയകളിൽ വരുന്ന ഓരോ നവീകരണവും രോഗിയും സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇമേജിങ്ങ് ഉൾപ്പെട്ട കീ  ഹോൾ ശസ്ത്രക്രിയാ രീതികൾ അധികം കാലപഴക്കമില്ലാത്ത വൈദ്യശാസ്ത്ര വിപ്ലവമാണ്. ഗൈനക്കോളജിയിൽ നിന്ന്  ഈ സാങ്കേതിക വിദ്യകൾ  മറ്റു ശസ്ത്രക്രിയാ ശാഖകൾ ഏറ്റെടുക്കാൻ വീണ്ടും സമയമെടുത്തു. ഹൃദ്രോഗ രംഗത്ത് കാത്ത് ലാബുകളുടെ രംഗപ്രവേശം ഇന്ന് അവിശ്വസനീയമായ നേട്ടം കൈവരിച്ചിട്ടുണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

 

ഗൈനക്കോളജിക്കൽ എൻഡോസ്‌കോപ്പിയിലെ ശാസ്ത്ര മുന്നേറ്റങ്ങളും നൂതന സാങ്കേതികവിദ്യകളും , ചികിത്സാ രീതികളുമാണ് മൂന്ന് ദിവസത്തെ സമ്മേളനം ചർച്ച ചെയ്യുന്നത്.

 

ഈ മേഖലയിലെ ഏറ്റവും പുതിയ മെഡിക്കൽ ടെക്നോളജി, ചികിത്സാ രീതികൾ, ദേശീയ അന്തർദേശീയ വിദഗ്ധരുടെ  സാങ്കേതികവുമായ വൈദഗ്ധ്യം എന്നിവ പങ്കിടുക, പൊതുജനാവബോധം സൃഷ്ടിക്കുക, എല്ലാവർക്കും മികച്ച ഗൈനക്കോളജിക്കൽ ചികിത്സയും പരിചരണവും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം നടക്കുന്നതെന്ന് ഓർഗനൈസിംഗ് ചെയർമാനും കലൂർ പോൾസ് ഹോസ്പിറ്റലിലെ ചീഫ് ഗൈനക്കോളജിസ്റ്റുമായ ഡോ. പോൾ പി.ജി പറഞ്ഞു.

 

വനിതകളുടെത് മാത്രമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നൂതന ചികിത്സാ രീതികൾ സംബന്ധിച്ച സാമാന്യമായ അറിവ് പൊതുജനത്തിനുണ്ടാവണം. സ്ത്രീകളുടെ പ്രത്യുൽപാദ വ്യൂഹത്തിന്റെ  ആന്തരിക ഘടനയും  അവയവങ്ങളും പ്രകാശം പരത്തുന്ന ടെലിസ്‌കോപ്പിക് വീഡിയോ  വഴി ലഭ്യമാവുന്ന കൃത്യതയേറിയ ലൈവ് ഇമേജുകൾ വഴി രോഗ നിർണ്ണയവും,  ഇന്റർവെൻഷൻ ശസ്തക്രിയകളും നടത്തുന്ന മേഖലയാണ് ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പി – ഡോ. പോൾ പി.ജി പറഞ്ഞു

 

എൻഡോസ്കോപ്പിയിൽ ലാപ്രോസ്കോപ്പിയും ഹിസ്റ്ററോസ്കോപ്പിയും ഉൾപ്പെടുന്നുണ്ട്. ലാപ്രോസ്കോപ്പിയിൽ, വയറിലെ ഭിത്തിയിൽ ചെറിയ കീറൽ വഴിയാണ്  ശസ്ത്രക്രിയകൾ  നടത്തുന്നത്. ഹിസ്റ്ററോസ്കോപ്പിയിൽ, ഗർഭാശയത്തിൻറെ പൂർണ്ണമായ ദൃശ്യങ്ങൾ ലഭിക്കുന്ന ഉപകരണം ഗർഭാശയത്തിലേക്ക് നേരിട്ട്  കടത്തിവിടുന്നതിനാൽ ചർമ്മത്തിൽ കീറലുകൾ ആവശ്യമില്ല.  

 

പരമ്പരാഗത സ്‌ട്രെയ്‌റ്റ് സ്റ്റിക്ക് കീഹോൾ സർജറി മുതൽ റോബോട്ടിക്‌സ് വരെയുള്ള ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിയുടെ വളർച്ചയും വികാസവും  ഡോ. പോൾ പി.ജി വിവരിച്ചു.   നൂതന 3D ഇമേജിംഗും റോബോട്ടിക് ലാപ്രോസ്‌കോപ്പിക് രീതികളും ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തെ വിശദമായ ത്രിമാന ഇമേജിംഗ് നൽകുന്നു. ശസ്ത്രക്രിയ സുഗമമാക്കുന്നതിനൊപ്പം രോഗവിമുക്തിയും അതിവേഗമാണ് ഡോ. പോൾ പി.ജി പറഞ്ഞു

 

ഐ.എ.ജി.ഇ പ്രസിഡന്റ് ഡോ. ഭാസ്‌കർ പാൽ,  പ്രസിഡന്റ് ഇലക്‌ട് ഡോ. പണ്ഡിറ്റ് പാലസ്‌കർ, സെക്രട്ടറി ഡോ. അതുൽ ഗണത്ര, ഓർഗനൈസിംഗ് ചെയർ ഡോ. പോൾ പി.ജി, ഡോ. സുബാഷ് മല്യ, ഡോ. കല്യാണ് ബർമഡെ, ഡോ. സുധാ ടണ്ടൻ, ഡോ.സുജൽ മുൻഷി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

 

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ധർ നടത്തുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയകൾ തത്സമയം സമ്മേളന വേദിയിലേക്ക് പ്രക്ഷേപണം ചെയ്യുന്ന ലൈവ് ഓപ്പറേറ്റീവ് വർക്ക് ഷോപ്പുകൾ ആദ്യ ദിവസം നടന്നു.  റോം, സൂറിച്ച്, മുംബൈ, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് തത്സമയ ശസ്ത്രക്രിയകൾ സംപ്രേക്ഷണം ചെയ്തത്.

 

ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിക് സർജറിയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന  വിദഗ്ധരുടെ പ്രസംഗങ്ങൾ, പ്ലീനറി സെഷനുകൾ, പാനൽ ചർച്ചകൾ, സംവാദങ്ങൾ, പേപ്പർ അവതരണങ്ങൾ തുടങ്ങിയവ വിവിധ ശാസ്ത്ര സെഷനുകളിലായി നടക്കും.

 

 ഗർഭപാത്രത്തിന് പുറത്തുള്ള എൻഡോമെട്രിയൽ ടിഷ്യു വളർച്ച (എൻഡോമെട്രിയോസിസ്), എൻഡോസ്കോപ്പിക് ശസ്ത്രക്രിയ, നൂതന ലാപ് ഗൈന ഓങ്കോളജി, അണ്ഡാശയ മുഴകൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ; അഡെനോമിയോസിസ് ആന്തരിക എൻഡോമെട്രിയോസിസിനുള്ള റോബോട്ടിക് ശസ്ത്രക്രിയ,  ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ നീക്കംചെയ്യുന്ന മയോമെക്ടമി,  ഗർഭപാത്രം നീക്കംചെയ്യൽ  അഥവാ ഹിസ്റ്റെരെക്ടമി, വിവിധ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയാ മാനേജ്മെന്റുകൾ എന്നിവയിൽ പ്രത്യേക സെഷനുകൾ നടക്കും.

 

ഇരുപത് അന്താരാഷ്ട്ര ഫാക്കൽട്ടികളും, അമ്പതിലധികം ദേശീയ ഫാക്കൽട്ടികളുമടക്കം അഞ്ഞൂറിലധികം  വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com