അർബുദ ചികിത്സയുടെ ആദ്യ മരുന്ന് രോഗിയുടെ ആത്മവിശ്വാസവും മനോധൈര്യവുമാണെന്നാണ് പറയാറ്. ആ മരുന്ന് ആവശ്യത്തിലധികം ഉണ്ടായിരുന്നുവെന്നതു മാത്രമല്ല, വളരെ തമാശരൂപേണ രോഗത്തെ കണ്ട് മുന്നോട്ടു പോയി എന്നതായിരുന്നു ഇന്നസന്റിന്റെ പ്രത്യേകത. ‘‘ഇത് ഞാൻ അമ്പലത്തീന്നോ അരമനേന്നോ മോഷ്ടിച്ചതൊന്നുമല്ല, എല്ലാവർക്കും വരണപോലെ വന്നതല്ലേ’’ – രോഗത്തിന്റെ കാഠിന്യനാളുകളിൽ അദ്ദേഹം ആശ്വസിച്ചതിങ്ങനെയായരുന്നു. മാത്രമല്ല കാൻസറിന്റെ പിടിയിൽ അമർന്നിട്ടും മനസ്സുതകരാതെ ഇന്നസന്റ് വീണ്ടും അഭിനയിച്ചു. കാൻസർ പിടിമുറുക്കിയ 2020ൽ ഒഴികെ എല്ലാ വർഷവും അദ്ദേഹം വിവിധ ചലച്ചിത്രങ്ങളിൽ സജീവമായിരുന്നു.
നാവിന് തടിപ്പായാണു രോഗത്തിന്റെ തുടക്കം. കാൻസറിന്റെ വകഭേദമായ ലിംഫോമയാണെന്ന് ആദ്യം മനസ്സിലായില്ല. തൊണ്ടയ്ക്ക് എന്തോ പ്രശ്നം എന്നേ കരുതിയുള്ളു. കാൻസറാണെന്ന് അറിഞ്ഞപ്പോഴും സാധാരണ രോഗികളെപ്പോലെ തീർത്തും തകർന്നുപോകാവുന്ന ഒരവസ്ഥ ഇന്നസന്റിൽ ഉണ്ടായില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.വി.പി.ഗംഗാധരൻ ഓർക്കുന്നു. മനസ്സിനെ ഏറ്റവുമധികം പ്രസാദാത്മകമായി കാത്തുസൂക്ഷിച്ചതുകൊണ്ടാകാം അസുഖത്തിൽനിന്നുള്ള മോചനവും വേഗത്തിലായതെന്ന് ഡോക്ടർ പറയുന്നു.
ഇൻജക്‌ഷനെടുക്കുന്ന ഡോക്ടറോട് ‘‘നിങ്ങള് ക്രിസ്ത്യാനി തന്നെ അല്ലേ?, കരുണ, കരുണ എന്ന് കർത്താവു പറഞ്ഞതൊന്നും കുട്ടി കേട്ടിട്ടില്ലാ?’’ എന്നു ചോദിക്കാൻ ഇന്നസന്റിനേ കഴിയൂ. ‘‘ധൈര്യം ഉള്ളവനേ തമാശ പറയാനും കഴിയൂ’’ എന്ന് അഭിപ്രായപ്പെട്ട ഇന്നസന്റ് തന്റെ രോഗാവസ്ഥയിൽ ആ സ്വഭാവഗുണം മുഴുവൻ പുറത്തെടുത്തു. ‘‘ഒരു പുതിയ സുഹൃത്ത് കൂടെയുണ്ട്; അതേ ഞാൻ കരുതുന്നുള്ളൂ. അസുഖത്തെ ഒരു സുഹൃത്തായി കാണാനാണ് എനിക്കിഷ്‌ടം.’’ ഇതായിരുന്നു നിലപാട്. കാൻസറിനു ശേഷമുള്ള ജീവിതത്തെ ‘ബോണസ് ജീവിതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നതും.
രോഗം കാൻസറാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചപ്പോൾ ഒരിക്കൽ മാത്രമേ താൻ കരഞ്ഞുള്ളുവെന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്. അത് രോഗവിവരം സെമിത്തേരിയിൽ വന്ന് ഉറ്റവരോടു പറയുമ്പോഴായിരുന്നു.
‘തനിക്കു കാൻസറാണ് എന്ന കാര്യം ആദ്യംതന്നെ ഇന്നസന്റ് ലോകത്തോടു തുറന്നുപറഞ്ഞു എന്നതാണ് പ്രധാനം. എത്രയോ പ്രശസ്തർ കാൻസറിനു രഹസ്യമായി ചികിത്സിക്കുന്നത് എനിക്കറിയാം.’-ഡോ.ഗംഗാധരൻ ഒരിക്കൽ പറഞ്ഞു. ഭാര്യ ആലീസിന് കാൻസർ സ്ഥിരീകരിച്ചപ്പോൾ ഇന്നസന്റ് ആകെ തകർന്നു പോയിരുന്നു. പക്ഷേ അവിടെയും നർമം കൈവിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ആലീസ് തന്നോടുള്ള സ്നേഹം കൊണ്ടതു പ്രാർഥിച്ചു നേടിയതാണ് എന്നായിരുന്നു അന്ന് ഇന്നസന്റ് പറഞ്ഞത്.
Content Summary: Actor Innocent's Cancer Days