ADVERTISEMENT

മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് മസ്തിഷ്കം. മസ്തിഷ്കത്തിന്റെ തകരാറിനുകാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം. 1817ല്‍ ആദ്യമായി ജെയിംസ് പാര്‍ക്കിന്‍സണ്‍ എന്ന വ്യക്തി പാർക്കിൻസൺസ് രോഗത്തെ ലോകത്തിന് ഔപചാരികമായി പരിചയപ്പെടുത്തിയതിന്‍റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രില്‍ 11ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. 

 

പുതിയ പഠനങ്ങളനുസരിച്ച്,  ഓരോ ആറ് മിനിറ്റിലും ഒരാൾക്ക് പാർക്കിൻസൺസ് ഡിസീസ് (പിഡി) രോഗം നിർണയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, 2023 ലെ ലോക പാർക്കിൻസൺസ് ദിനത്തിന്റെ തീം #Take6forPD എന്നതാണ്.

 

കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുക വഴി ഞരമ്പുകളാൽ  നിയന്ത്രിക്കപ്പെടുന്ന ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ് ഡിസീസ്. തലച്ചോറിലെ സുപ്രധാനമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ചില കോശങ്ങള്‍ക്ക് സംഭവിക്കുന്ന നാശമാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്കാണ് പ്രധാനമായും ഇത്തരത്തില്‍ നാശം സംഭവിക്കുന്നത്. 

Read Also: പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങള്‍ ചിലരില്‍ 40 വയസ്സിന് മുന്‍പേ ആരംഭിക്കാം

ചെറിയ രീതിയിലുള്ള നാശം സംഭവിക്കുന്ന ഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍  പ്രകടമാകാറില്ലെങ്കിലും എഴുപത് ശതമാനത്തോളം നാശം സംഭവിച്ച് തുടങ്ങുമ്പോഴേക്കും ശക്തമായ രീതിയില്‍ തന്നെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാകാം. അനിയന്ത്രിതമായ ശരീര ചലനങ്ങള്‍, ചലനങ്ങള്‍ മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലന്‍സിലും ഏകോപനത്തിലും വരുന്ന താളപ്പിഴകള്‍, ശരീരത്തിന്‍റെ പിരിമുറക്കം എന്നിവയെല്ലാമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ചില ലക്ഷണങ്ങൾ. കാലുകള്‍, കൈകള്‍, താടി, തല എന്നിവയ്ക്ക് വരുന്ന വിറയലാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ പ്രാഥമികമായി പ്രത്യക്ഷപ്പെടുന്ന ലക്ഷണം. വ്യക്തികളുടെ ചലനശേഷിയെയും പതിയെ പാര്‍ക്കിന്‍സണ്‍സ് ബാധിച്ച് തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 

എന്തുകൊണ്ടാണ് ഈ രോഗം ഉണ്ടാവുന്നത് എന്ന് വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങള്‍  മൂലം ഈ രോഗം ഉണ്ടാകാം. ജനിതകമായി ഈ രോഗം വരാൻ സാധ്യതയുള്ളവരിൽ പരിസ്ഥിതി മലിനീകരണമോ ചില കീടനാശിനികളുടെ ഉപയോഗമോ മൂലം ഈ രോഗം വരാൻ സാധ്യതയുണ്ട്. 50 വയസ്സിനു മുകളിൽ പ്രായം ഉള്ളവരിൽ 3:2 അനുപാതത്തിൽ പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അപൂർവമായി ചെറു പ്രായക്കാരിലും പാർക്കിൻസൺസ് രോഗം കണ്ടുവരുന്നു. ജനിതകമായ കാരണങ്ങൾ മൂലമാവാം ഇവരിൽ ഈ രോഗം ഉണ്ടാകുന്നത്.

 

പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും. അടുത്ത ആളുകളെ പോലും തിരിച്ചറിയാതെ വരും. ഈ രോഗം ഓര്‍മയെയും ചലനത്തെയും ബാധിക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തും. വിഷാദരോഗം, ഉത്കണ്ഠ  എന്നിവയിലേക്ക് ഇത് നയിക്കാം.

Content Summary: World Parkinson's Day; Parkinson's Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com