ADVERTISEMENT

ഒരു തുള്ളി രക്തത്തില്‍ നിന്ന് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ നിര്‍ണയിക്കാന്‍ കഴിയുന്ന പരിശോധന വികസിപ്പിച്ച് ഡെന്‍മാര്‍ക്ക്  കോപ്പന്‍ഹേഗന്‍ സര്‍വകലാശാല ഹോസ്പിറ്റലിലെ ഗവേഷകര്‍. സാധാരണ രക്ത പരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി രക്തത്തുള്ളികളെ ഉണക്കി സൂക്ഷിക്കുന്ന ഡ്രൈഡ് ബ്ലഡ് സ്പോട്ട് പരിശോധനയാണ് ഇത്. 

 

നിലവില്‍ ഉപയോഗിക്കുന്ന ആശുപത്രി പരിശോധന ഉപകരണം വച്ചു തന്നെ ഈ പരിശോധന നടത്താന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സര്‍വകലാശാല ക്ലിനിക്കല്‍ മൈക്രോബയോളജി വകുപ്പിലെ സ്റ്റീഫന്‍ നില്‍സണ്‍-മോളര്‍ പറഞ്ഞു. സാധാരണ രക്ത സാംപിളുകള്‍ റൂം താപനിലയില്‍ ആറ് മണിക്കൂറിനുള്ളില്‍ അവലോകനം ചെയ്യപ്പെടണം. എന്നാല്‍ ഉണക്കിയ രക്ത സ്പോട്ടുകള്‍ ഫ്രിജില്‍ വയ്ക്കാതെ തന്നെ ഒന്‍പത് മാസം സൂക്ഷിക്കാനാകുമെന്ന പ്രത്യേകതയുണ്ട്. 

 

ഈ പരിശോധനയില്‍ രക്തമെടുക്കാന്‍ സിറിഞ്ച് ആവശ്യമില്ല. കൈയില്‍ ചെറുതായി കുത്തി ഒരു ഫില്‍റ്റര്‍ പേപ്പറിലേക്ക് രക്തത്തുള്ളികള്‍ ഇറ്റിച്ച ശേഷം ഇത് ഉണങ്ങാന്‍ അനുവദിക്കും. ഈ ഉണങ്ങിയ രക്തത്തില്‍ നിന്ന് ലാബുകളില്‍ സാധാരണ ഉപയോഗിക്കുന്ന ഹോളോജിക് പാന്തര്‍ സിസ്റ്റം ഉപയോഗിച്ച് ട്രാന്‍സ്ക്രിപ്ഷന്‍-മെഡിറ്റേറ്റഡ് ആംപ്ലിഫിക്കേഷന്‍ സങ്കേതത്തിലൂടെയാണ്  അവലോകനം നടത്തുക. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസുകളുടെ ന്യൂക്ലിക് ആസിഡാണ് പരിശോധനയില്‍ തിരിച്ചറിയുക. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ സാന്നിധ്യമുള്ള 20 വീതം സാംപിളുകളില്‍ ഡ്രൈഡ് ബ്ലഡ് സ്പോട്ട് മാര്‍ഗ്ഗത്തിലൂടെ പരിശോധന നടത്തിയതില്‍ എല്ലാം സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചു. 

 

ജയിലുകള്‍, ലഹരിമരുന്ന് പുനരധിവാസ കേന്ദ്രങ്ങള്‍ പോലെ സുരക്ഷ കാരണങ്ങളാല്‍ സൂചി ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത ഇടങ്ങളില്‍ ഡ്രൈഡ് സ്പോട്ട് ടെസ്റ്റ് ഏറ്റവും അനുയോജ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ആറ് മണിക്കൂറിനകം ലാബുകളില്‍ രക്തസാംപിളുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലും ഇത് ഫലപ്രദമായി രക്തപരിശോധനകള്‍ക്ക് ഉപയോഗിക്കാം. കോപ്പന്‍ഹേഗനില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.

Content Summary: New test may detect HIV, hepatitis B and C from a single drop of blood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com