ADVERTISEMENT

അതിതീവ്ര ശബ്ദങ്ങൾ കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനായി 1996-ൽ സെന്റർ ഓഫ് ഹിയറിങ് ആൻഡ് കമ്മ്യൂണിക്കേഷൻ (CHC) തുടങ്ങിവച്ച ഒരു ആഗോള കാമ്പെയ്‌നാണ് ഇന്റർനാഷണൽ നോയ്‌സ് അവയർനസ് ഡേ. എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ അവസാന ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്.

 

നമ്മൾ കേൾക്കുന്നതും കേൾക്കാത്തതുമായ പലവിധ ശബ്ദങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ശബ്ദത്തിന്റെ പ്രധാന ഉദ്ദേശ്യം നമുക്ക് മറ്റുള്ളവരുമായി എളുപ്പത്തിൽ ആശയം കൈമാറാൻ കഴിയുന്നു എന്നതുതന്നെയാണ്. നമ്മുടെ ശബ്ദമല്ലാതെ ചുറ്റിലും വേറെ  എന്തൊക്കെ ശബ്ദങ്ങൾ ആണുള്ളത്? സംഗീതം, വാദ്യോപകരണങ്ങൾ, മഴ, കിളികളുടെ ശബ്ദം ഇവയൊക്കെ നമുക്ക് മിക്കപ്പോഴും ഏറെ ആസ്വാദ്യകരമാണല്ലോ. ശാസ്ത്രത്തിനും മറ്റും ഏറെ ഉപകാരപ്പെടുന്ന മറ്റു ചില തരത്തിലുള്ള ശബ്ദവീചികളുമുണ്ട്. ഉദാഹരണത്തിന് അൾട്രസോണിക്, ഇൻഫ്രസൗണ്ട് തുടങ്ങിയവ. നമുക്ക് എപ്പോഴും കേട്ടിരിക്കാൻ കഴിയാത്ത, അല്ലെങ്കിൽ കർണ കഠോരമായ വേറെയും ശബ്ദങ്ങളില്ലേ. തീർച്ചയായും ഉണ്ട്. എല്ലാ ശബ്ദങ്ങളും ആസ്വാദ്യകരമല്ലെന്ന് പറയാം. 

നിങ്ങൾ ദിവസവും ഇയർഫോൺ വച്ച് പാട്ടുകൾ കേൾക്കുന്നവരാണോ, അല്ലെങ്കിൽ ഉയർന്ന ശബ്ദത്തിൽ സ്റ്റീരിയോ പ്രവർത്തിപ്പിക്കുന്നവരാണോ, എങ്കിൽ നിങ്ങൾക്ക് ഉച്ചത്തിൽ പാട്ട് കേട്ടതിനു ശേഷം കുറച്ചു സമയത്തേക്ക് കേൾവി കുറഞ്ഞതായി തോന്നിയിട്ടുണ്ടാകാം. ഉയർന്ന ശബ്ദത്തിന് നമ്മുടെ ചെവിക്കകത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സാരം. ഒരു പരിധിയിൽ കവിഞ്ഞ് ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുന്നത് നമ്മുടെ കേൾവിശക്തിയെ പ്രതികൂലമായി ബാധിക്കുന്നു. 

 

എങ്ങനെയാണ് നമ്മൾ കേൾക്കുന്നത്?

ശബ്ദം ചെവിയിലേക് കടക്കുന്നത് പുറംചെവിയിലൂടെയാണ്. നമ്മൾ കാണുന്ന ചെവിയുടെ ഭാഗമാണ് പുറം ചെവി(outer ear ). ഇതിലൂടെ ചെവിയുടെ കനാലിലേക്ക് ശബ്ദ തരംഗങ്ങൾ നീങ്ങുന്നു. തുടർന്ന് കർണപടത്തിലെത്തുന്നു. കർണപടത്തിൽ പ്രകമ്പനം തീർക്കുന്ന തരംഗങ്ങൾ തുടർന്ന് ചെവിയുടെ രണ്ടാമത്തെ ഭാഗമായിട്ടുള്ള  മധ്യ ചെവി(middle ear)യിലെ മൂന്ന് ചെറിയ അസ്ഥികളിലേക്ക് (ear ossicles ) എത്തുന്നു. ഈ അസ്ഥികൾ ശബ്ദ തരംഗങ്ങളെ  അധികരിപ്പിച്ചുകൊണ്ട് മൂന്നാമത്തെ ഭാഗമായ ഉൾചെവി(inner ear )യിലേക്ക് അയയ്ക്കുന്നു. 

 

ഉൾചെവിയിലുള്ള പ്രധാനപ്പെട്ട  ഘടനയാണ് ഒച്ചിന്റെ ആകൃതിയിലുള്ള ദ്രാവകം നിറഞ്ഞ കോക്ലിയ. കോക്ലിയയിലെ ചെറിയ രോമകോശങ്ങളും (ഹെയർ സെല്ലുകൾ) പ്രകമ്പനം കൊള്ളുകയും ശബ്ദതരംഗങ്ങളെ  വൈദ്യുത സിഗ്നലുകളാക്കി മാറ്റി ശബ്ദനാഡി(auditory nerve)കളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. നാഡികളിലൂടെ ഇവ നമ്മുടെ തലച്ചോറിനകത്തെ ശ്രവണ കേന്ദ്രങ്ങളി(auditory centers) ലേക്കെത്തുകയും തുടർന്ന് നമുക്ക് കേൾക്കാനും കേട്ട കാര്യങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നു.

 

ഉച്ചത്തിലുള്ള ശബ്ദം പ്രധാനമായും ബാധിക്കുന്നത് ഉൾചെവിയെയാണ്. ചെവിയിലെ പ്രധാന ഭാഗം ഉൾചെവിയാണ്. ദീർഘനേരത്തിലുള്ള തീവ്രശബ്ദ സമ്പർക്കം ചെവിയിലെ രോമകോശങ്ങൾ അമിതമായി പ്രവർത്തിക്കാനും  നശിക്കാനും ഇടവരുത്തും. സമ്പർക്കം തുടരുന്നിടത്തോളം ശ്രവണനഷ്ടം കൂടുന്നു. ശബ്ദ സമ്പർക്കം നിർത്തിയാലും ചിലപ്പോൾ പരിണിത ഫലങ്ങൾ തുടർന്നേക്കാം. 

പെട്ടെന്നുള്ള അതിതീവ്ര ശബ്ദങ്ങൾ കേൾക്കുമ്പോൾ രോമകോശങ്ങൾക്ക് അവ താങ്ങാൻ കഴിയാതെ വരികയും അത് കേൾവിതകരാറുകൾക്ക് ഇടയാക്കുകയും ചെയ്യുന്നു. ഉൾചെവിയിലെ രോമകോശങ്ങളെ നശിപ്പിക്കുന്നതിനു പുറമേ, തലച്ചോറിലേക്ക് ശബ്ദങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുന്ന ശ്രവണ നാഡിക്കും ഉച്ചത്തിലുള്ള ശബ്ദം വില്ലനായേക്കും. കേൾവി പരിശോധനയിൽ ആദ്യമാദ്യം കേടുപാടുകൾ കാണിച്ചില്ലെങ്കിലും ബഹളമയമുള്ള അന്തരീക്ഷത്തിൽ ശബ്ദങ്ങൾ കേട്ട് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടിൽ തുടങ്ങി,  നിശബ്ദമായ സ്ഥലങ്ങളിൽ പോലും ശബ്ദം കേട്ട് മനസ്സിലാക്കാൻ കഴിയാതെ വന്നേക്കാം. 

 

ശബ്ദമലിനീകരണം തടയുന്നതിനായി എല്ലാ നാടുകളിലും അതാത് സർക്കാർ നിർദ്ദിഷ്ട മാനദണ്ഡങ്ങളുണ്ട്. അവ കൃത്യമായി പാലിക്കുകയാണെങ്കിൽ കേൾവി തകരാറിനെ ഒരു പരിധിവരെ തടയാവുന്നതാണ്. 

Read Also: ശ്വാസകോശ അര്‍ബുദം: എഴുന്നേല്‍ക്കുമ്പോൾ കാണപ്പെടാം ഈ നാലു ലക്ഷണങ്ങള്‍

ശബ്ദത്തിന്റെ യൂണിറ്റ് ഡെസിബൽ (dB) ആണ്. ഒരു സ്വകാര്യം പറയാൻ ഏകദേശം 30 dB ശബ്ദം ആണ് നമ്മളുപയോഗിക്കുക, സാധാരണ സംഭാഷണം ഏകദേശം 60 dB ആണ്, ഒരു മോട്ടോർ സൈക്കിൾ എഞ്ചിൻ 95 dB ആണ് ഉണ്ടാക്കുക. 70 ഡിബിക്ക് മുകളിലുള്ള ശബ്‌ദം ദീർഘനേരം കേൾക്കുന്നത് കേൾവിയെ തകരാറിലാക്കാൻ തുടങ്ങും. 120 dB യിൽ കൂടുതലുള്ള ഉച്ചത്തിലുള്ള ശബ്ദം ചെവിക്ക് ഉടനടി ദോഷം ചെയ്യും. പടക്കം പൊട്ടുമ്പോഴും മറ്റും നമ്മൾ ഇത്തരത്തിൽ അതിതീവ്ര ശബ്ദം ശ്രവിക്കേണ്ടി വരാറുണ്ട്. 

 

വ്യാവസായിക, വാണിജ്യ, റെസിഡൻഷ്യൽ ഏരിയകൾ, സൈലൻസ് സോണുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി ഉയർന്ന ശബ്ദങ്ങൾക്കുള്ള മാനദണ്ഡങ്ങൾ നമ്മുടെ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

 

റസിഡൻഷ്യൽ ഏരിയകൾക്ക്  'പകൽ സമയത്ത്' 55 dB, രാത്രി സമയത്ത് 45dB, ശബ്ദങ്ങളെ പാടുള്ളൂ. ‘പകൽ സമയം’, ‘രാത്രി സമയം’ എന്നിവ കണക്കാക്കുന്നത് യഥാക്രമം രാവിലെ 6മുതൽ രാത്രി10 വരെയും രാത്രി 10 മുതൽ രാവിലെ 6വരെയുമാണ്. 

 

ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (OSHA)യുടെ കണക്കനുസരിച്ചു 90 ഡെസിബെല്‍ ശബ്ദം തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ കേട്ടാല്‍ കേള്‍വിക്കുറവ് വരാം. ഈ ശബ്ദത്തിന്റെ തോത് ഓരോ 5 dB കൂടുന്തോറും ഇരട്ടി ദോഷമുണ്ടാക്കുന്നു. അതിനാൽ ഈ നിയന്ത്രീകൃത പരിധിക്കപ്പുറം നിർദ്ദിഷ്ട സമയത്തിലേറെ നേരം സമ്പർക്കം ഉണ്ടായാൽ കേൾവിതകരാരുകൾ സംഭവിക്കുന്നതാണ്. 

 

ജോലി സ്ഥലങ്ങളിൽ സ്ഥിരമായി ഉയർന്ന ശബ്ദം ശ്രവിക്കേണ്ടി വരുന്നവരുണ്ട്, ഉദാഹരണത്തിന് ഫാക്ടറി ജോലിക്കാർ, ട്രാഫിക് പൊലീസ്, ക്വാറി ജീവനക്കാർ തുടങ്ങിയവർ. തങ്ങളുടെ ശബ്ദ സുരക്ഷക്കായി ഇവർക്കും ഒക്യൂപേഷനൽ സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കാവുന്നതാണ്. ജോലിക്കിടയിൽ നിശബ്ദതയുള്ളിടത്ത് വിശ്രമം കണ്ടെത്തുക, ശബ്ദത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്ന ഇയർ പ്രൊട്ടക്‌ഷൻ ഉപകരണങ്ങൾ ശീലമാക്കുക എന്നിവ ഒരു പരിധിവരെ സഹായകരമാണ്. എല്ലാ വ്യാവസായിക മേഖലകളിലും ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ കേൾവി പരിശോധന നടത്തുകയും, എല്ലാവർക്കും കേൾവി സംരക്ഷണ ഉപകരണങ്ങൾ( ഇയർ മഫ്, ഇയർ പ്ലഗ്) വിതരണം ചെയ്യേണ്ടതും നിർബന്ധമാണ്.

 

ഫോണുകളുടെ അമിതോപയോഗം, ദീർഘനേരം ഇയർഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുക,  അനാവശ്യമായി ഹോണുകൾ മുഴക്കുക, അധികനേരം ഉച്ചഭാഷിണിയുടെ അടുത്ത് നിൽക്കുക എന്നിവയെല്ലാം കേൾവിയെ ദോഷകരമായി ബാധിക്കുന്നതാണ്. കഴിയാവുന്നത്ര തീവ്രശബ്ദങ്ങളിൽ നിന്ന് അകന്നു നിന്നാൽ കേൾവിയെ നമുക്ക് സംരക്ഷിക്കാം. കേൾവിക്കുറവ്, തലകറക്കം, കേട്ട് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, ചെവിവേദന, ചെവിയിൽ നിന്നുള്ള നീരോലിപ്പ് തുടങ്ങിയവ ഉണ്ടെങ്കിൽ ഉടൻതന്നെ കേൾവിപരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സ്പീച്ച് ആൻഡ്‌ ഹിയറിങ്ങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖിക)

Content Summary: International Noise Awareness Day 2023

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com