ADVERTISEMENT

പൊതുവേ കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന പ്രമേഹമായി നാം കരുതിയിരുന്നത് ടൈപ്പ് 1 പ്രമേഹമായിരുന്നു. ശരീരത്തിലെ പാന്‍ക്രിയാറ്റിക് ബീറ്റ കോശങ്ങള്‍ നശിക്കുന്നതിനെ തുടര്‍ന്ന്  ആവശ്യത്തിന് ഇന്‍സുലിന്‍ ഉൽപാദനം നടക്കാത്തതാണ് ടൈപ്പ് 1 പ്രമേഹത്തിലേക്ക് നയിക്കുന്നത്. നേരെ മറിച്ച് പ്രായമായി ഇന്‍സുലിന്‍ സംവേദനത്വം നഷ്ടപ്പെടുമ്പോൾ  വരുന്ന പ്രമേഹമായിട്ടായിരുന്നു  ടൈപ്പ് 2 പ്രമേഹത്തെ കണക്കാക്കിയിരുന്നത്.

 

ജീവിതശൈലിയുടെ ഭാഗമായിട്ടാണ് ടൈപ്പ് 2 പ്രമേഹം ഒരാളെ പിടികൂടുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ടൈപ്പ് 2 പ്രമേഹം ബാധിക്കുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി പ്രമേഹരോഗവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചും ഈ ട്രെന്‍ഡ് പ്രകടമാണ്. 

 

25 വയസ്സിന് താഴെയുള്ളവരുടെ പ്രമേഹ ബാധയില്‍ 25 ശതമാനവും ഇപ്പോള്‍ ടൈപ്പ് 2 പ്രമേഹം മൂലമാണ് ഉണ്ടാകുന്നതെന്ന് മാക്സ് ഹെല്‍ത്ത്കെയറിലെ ചെയര്‍മാന്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് ഡയബറ്റിസ് ഡോ. അംബരീഷ് മിത്തല്‍ ദ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു. അമിതഭാരം, മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിവയാണ് യുവാക്കളിലെ വര്‍ധിച്ചു വരുന്ന ടൈപ്പ് 2 പ്രമേഹബാധയ്ക്ക് പിന്നിലെന്നും ഡോ. മിത്തല്‍ ചൂണ്ടിക്കാട്ടി. ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികള്‍ പലപ്പോഴും മെലിഞ്ഞവരായിരിക്കുമ്പോൾ  ടൈപ്പ് 2 പ്രമേഹബാധിതരായ ചെറുപ്പക്കാരില്‍ 80 ശതമാനവും പൊണ്ണത്തടിയുള്ളവരാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. 

 

ഉയര്‍ന്ന രക്തസമ്മര്‍ദം, അസാധാരണ തോതിലെ കൊളസ്ട്രോള്‍, ഫാറ്റി ലിവര്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്നിവയുമായും ടൈപ്പ് 2 പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹ ബാധിതരായ ഇന്ത്യന്‍ യുവാക്കളില്‍ പകുതിയോളം പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളതായി ഐസിഎംആര്‍ റജിസ്ട്രി കണക്കുകളും  വ്യക്തമാക്കുന്നു. ടൈപ്പ് 1 പ്രമേഹം പലപ്പോഴും ജനിതക പ്രശ്നം കൊണ്ട് വരുന്നതായതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റ് കുറവുള്ളതും ഫൈബറും പ്രോട്ടീനും ഉയര്‍ന്നതുമായ ഭക്ഷണക്രമം കൊണ്ടും വ്യായാമം ഉള്‍പ്പെടെയുള്ള സജീവ ജീവിതശൈലി കൊണ്ടും ടൈപ്പ് 2 പ്രമേഹത്തെ ഒരളവ് വരെ  നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഡോ. മിത്തല്‍ പറയുന്നു. കുട്ടിക്കാലത്തും കൗമാരത്തിലും അമിതവണ്ണം വരാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Summary: Type 2 diabetes is becoming common among young Indians in their 20s and 30s

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com