പുറം വേദന വരുന്നവരുടെ എണ്ണം വര്‍ധിക്കുമെന്ന് ലാന്‍സെറ്റ് പഠനം
Mail This Article
2050–ാടു കൂടി ലോകമാസകലം 840 ദശലക്ഷം പേര്‍ക്ക് പുറം വേദന പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാമെന്ന് ഓസ്‌ട്രേലിയ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ഇതിന്റെ പ്രത്യാഘാതം കൂടുതലുണ്ടാകുകയെന്നും ലാന്‍സെറ്റ് റുമാറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
വര്‍ധിക്കുന്ന ജനസംഖ്യ, കൂടുതല്‍ പേര്‍ക്ക് പ്രായമാകുന്ന അവസ്ഥ എന്നിങ്ങനെ പലവിധ കാരണങ്ങള്‍ പുറം വേദനയ്ക്ക് പിന്നിലുണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. ഈ മോഡലിങ് പഠനത്തിന്റെ ഭാഗമായി 204 രാജ്യങ്ങളില്‍ നിന്നുള്ള ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് ഡേറ്റ ഗവേഷകര്‍ പരിശോധിച്ചു.
2020ലെ കണക്കനുസരിച്ച് ലോകത്തില്‍ 619 ദശലക്ഷം പേര്‍ക്കാണ് പുറം വേദന അനുഭവപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പുറം വേദന കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. പുറം വേദന കേസുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്ഥിരതയില്ലെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ശസ്ത്രക്രിയ, ഒപ്പിയോയ്ഡുകള്‍ എന്നിങ്ങനെ പുറം വേദനയ്ക്ക് ശുപാര്‍ശ ചെയ്യപ്പെടുന്ന ചികിത്സരീതികള്‍ പലതും കാര്യക്ഷമമല്ലെന്ന അഭിപ്രായവും റിപ്പോര്‍ട്ട് ഉന്നയിക്കുന്നു. പുറം വേദന അനുഭവിക്കുന്ന പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമയത്തിന് ചികിത്സ ലഭിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികള്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളില്‍ നിന്നുണ്ടാകണമെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.
Content Summary: Over 800 million people globally may suffer back pain by 2050