ADVERTISEMENT

ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അതിനെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണ്. മനുഷ്യന്റെ ആരോഗ്യത്തിനും സൗഖ്യത്തിനും ഒരു പ്രധാന ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. വായു മലിനീകരണം മുതൽ ജലമലിനീകരണം വരെ ഇതിൽപെടുന്നു. ഇതിൽ പ്ലാസ്റ്റിക് മലിനീകരണം ആകട്ടെ ഒന്നിലധികം മാർഗങ്ങളിലൂടെ മനുഷ്യാരോഗ്യത്തെ ബാധിക്കുന്നു. 

 

നമ്മൾ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം തുടങ്ങി എല്ലായിടവും മൈക്രോപ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. അഞ്ച് മില്ലി മീറ്ററിലും കുറവ് വലുപ്പമുള്ള പ്ലാസ്റ്റിക് ആണ് മൈക്രോപ്ലാസ്റ്റിക് എന്നറിയപ്പെടുന്നത്. സമുദ്രം, മണ്ണ്, വെള്ളം, വായു തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവയുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്ട്രോകൾ തുടങ്ങിയവയിൽ നിന്നാണ് മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നത്. ഉദരത്തിൽ വളരുന്ന ഗർഭസ്ഥ ശിശുവിൽ പോലും മൈക്രോപ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ആരോഗ്യത്തിന് ഭീഷണിയാണെന്നും ഗവേഷണങ്ങൾ പറയുന്നു. പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് ഉപയോഗം കരുതലോടെ മാത്രമേ ആകാവൂ. 

 

പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതിങ്ങനെ :

∙പ്ലാസ്റ്റിക് ജലാശയങ്ങളിലെത്തുന്നു. തുടർന്ന് ഇത് സമുദ്രജലത്തിലെത്തുന്നു. പക്ഷികളിലും മത്സ്യങ്ങളിലും െചടികളിലും ഇവ പ്രവേശിക്കുന്നു. ഇത് മനുഷ്യൻ ഉപയോഗിക്കുമ്പോൾ മനുഷ്യശരീരത്തിലും മൈക്രോപ്ലാസ്റ്റിക് കടന്നുകൂടുന്നു. ഇത് പെരുമാറ്റ വൈകല്യങ്ങൾ, ശ്വാസംമുട്ട്, ഭക്ഷണം കഴിക്കാൻ പറ്റാതെ വരുക, തുടങ്ങി ജനിതക മാറ്റത്തിനു വരെ കാരണമാകുന്നു. 

 

∙മൈക്രോപ്ലാസ്റ്റിക്കുകൾ മനുഷ്യൻ ശ്വസിക്കാനിടയാകുകയും വെള്ളത്തിലൂടെ ചർമം ഇത് ആഗിരണം ചെയ്യുപ്പെടുകയോ ചെയ്യും. ഈ മൈക്രോപ്ലാസ്റ്റിക്കുകൾ അവയവങ്ങളിലെത്തുകയും അവിടെ അടിഞ്ഞുകൂടുകയും ചെയ്യും. നവജാത ശിശുക്കളിലെ മറുപിളള (placenta)യിലും ഇവയുടെ സാന്നിധ്യം ഉണ്ടാകാം. 

 

∙ശരീരത്തിലെത്തുന്ന അതിസൂക്ഷ്മ പ്ലാസ്റ്റിക് കണികകൾ ശ്വസനത്തെയും ബാധിക്കാം. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുകയും ചില കേസുകളിൽ ശ്വാസകോശാർബുദത്തിന് (lung cancer) വരെ കാരണമാകുകയും ചെയ്യും. 

 

∙തലച്ചോറിനെയും മൈക്രോപ്ലാസ്റ്റിക് ബാധിക്കും. തലച്ചോറിൽ അടിഞ്ഞുകൂടുന്ന ഇവ ക്രമേണ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. 

 

∙നമ്മൾ കഴിക്കുന്ന പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും പ്ലാസ്റ്റിക് ശരീരത്തിലെത്താം. മണ്ണിലൂടെ അരിച്ചെത്തുന്ന പ്ലാസ്റ്റിക് പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലും എല്ലാം കടന്ന് ക്രമേണ നമ്മുടെ ശരീരത്തിലും എത്തും.

Content Summary: Impact of Plastic Pollution On Human Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com