ഈ അഞ്ച് രോഗങ്ങള്‍ ഇന്ത്യയില്‍ പകര്‍ച്ചവ്യാധികളായി പൊട്ടിപ്പുറപ്പെടാം; ജാഗ്രതാനിര്‍ദേശം
Mail This Article
ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ രാജ്യത്ത് പടര്‍ന്നു പിടിക്കാമെന്ന മുന്നറിയിപ്പു നല്‍കി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി). ഇതു സംബന്ധിച്ച 209 മുന്നറിയിപ്പുകള്‍ ഈ മാസം നല്‍കിയതായും 90 ഇടങ്ങളില്‍ പ്രദേശിക പകര്‍ച്ചവ്യാധികളായി ഈ രോഗങ്ങള്‍ മാറിയെന്നും എന്‍സിഡിസി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഈ രോഗങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വരും ദിവസങ്ങളില്‍ എടുക്കണമെന്നും എന്‍സിഡിസി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍റഗ്രേറ്റഡ് ഡിസീസ് സര്‍വയലന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമാണ് ഈ മുന്നറിയിപ്പുകള്‍.
എന്‍ററിക് ഫീവര്‍ എന്നും അറിയപ്പെടുന്ന ടൈഫോയ്ഡ് സാല്‍മണെല്ല ബാക്ടീരിയയാണ് പരത്തുന്നത്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഈ ബാക്ടീരിയ മനുഷ്യശരീരത്തില്‍ എത്തുന്നത്. ഉയര്‍ന്ന ഡിഗ്രി പനി, കുളിര്, തലവേദന, വയര്‍വേദന, മലബന്ധം, അതിസാരം എന്നിവയെല്ലാം ടൈഫോയ്ഡ് ലക്ഷണങ്ങളാണ്.
കൊതുക്ജന്യ രോഗമായ മലേറിയ ഇന്ത്യയില്‍ കാലവര്‍ഷത്തിന്‍റെ സമയത്താണ് ഏറ്റവും കൂടുതല്‍ പരക്കുന്നത്. പ്ലാസ്മോഡിയം പാരസൈറ്റ് മൂലം വരുന്ന ഈ രോഗം കൊതുക് കടിയിലൂടെയാണ് പകരുന്നത്. പനിയും കുളിരും, തലവേദന, ഛര്‍ദ്ദി, ഓക്കാനം, അതിസാരം, വയര്‍വേദന, പേശിവേദന, ക്ഷീണം, സന്ധിവേദന, ചുമ, വേഗത്തിലുള്ള ശ്വാസോച്ഛാസം എന്നിവയെല്ലാം മലേറിയയുടെ ലക്ഷണങ്ങളാണ്.
ഈഡിസ് വര്‍ഗത്തിലുള്ള കൊതുകുകള്‍ പരത്തുന്ന വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. വയര്‍വേദന, ഛര്‍ദ്ദി, മൂക്കില്‍ നിന്നും മോണകളില്‍ നിന്നും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍, മലത്തില്‍ രക്തം, ക്ഷീണം എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഒറിയന്‍ഷ്യ സുസുഗമൂഷി എന്ന ബാക്ടീരിയ മൂലം വരുന്ന രോഗമാണ് സ്ക്രബ് ടൈഫസ്. മൈറ്റ് ലാര്‍വേ എന്ന ഒരു തരം ചെള്ളുകളാണ് ഇത് പരത്തുന്നത്. പനി, തലവേദന, ശരീരവേദന, ചര്‍മത്തില്‍ തിണര്‍പ്പ് എന്നിവയെല്ലാം സ്ക്രബ് ടൈഫസ് ലക്ഷണങ്ങളാണ്.
ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം വരുന്ന കരള്‍ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. കരള്‍ സ്തംഭനത്തിലേക്ക് വരെ നയിക്കാവുന്ന ഗുരുതര വൈറസാണ് ഹെപ്പറ്റൈറ്റിസ് എ. മലിനമാക്കപ്പെട്ട ഭക്ഷണമോ വെള്ളമോ വഴിയാണ് ഇത് പകരുന്നത്. വയര്‍, സന്ധികള്‍, പേശികള്‍ എന്നിവിടങ്ങളില്‍ വേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി, പനി, വിശപ്പില്ലായ്മ, കടുത്ത നിറത്തിലെ മൂത്രം, ചൊറിച്ചില്‍, ഭാരനഷ്ടം, കണ്ണുകള്‍ക്കും ചര്‍മത്തിനും മഞ്ഞ നിറം എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. ഹെപ്പറ്റൈറ്റിസ് എ പ്രതിരോധിക്കുന്നതിന് കുത്തിവയ്പ്പുകള്‍ ലഭ്യമാണ്.
Content Summary: Alert Issued In India Over Top 5 Diseases