ADVERTISEMENT

പതിനാറായിരത്തോളം ഹൃദയശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള, 41കാരനായ കാര്‍ഡിയോളജിസ്റ്റ് ഹൃദയാഘാതം വന്നു മരിച്ചെന്ന വാര്‍ത്തയെ ഞെട്ടലോടെയാണ് നാമെല്ലാം കേട്ടത്. ഗുജറാത്തിലെ ജാംനഗറിലുള്ള ഡോ. ഗൗരവ് ഗാന്ധിയുടെ മരണം തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. സജീവമായ ജീവിതശൈലിയുള്ള, ജിമ്മില്‍ നിത്യവും പോയിരുന്ന, ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങളില്‍ പങ്കെടുത്തിരുന്ന, പുകവലിയോ മദ്യപാനമോ ഒന്നുമില്ലാത്ത യുവഡോക്ടറിന്‍റെ മരണം  വൈദ്യലോകത്തെയും ആശങ്കയിലാഴ്ത്തി. എന്നാല്‍ രോഗനിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് ഡോക്ടറിന്‍റെ മരണത്തിന് കാരണമായതെന്നും ഹൃദ്രോഗലക്ഷണങ്ങളില്‍ ചിലതെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നവയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

മരണം നടന്ന ജൂണ്‍ ആറിന് വെളുപ്പിനെ രണ്ട് മണിക്ക് നെഞ്ചിന് അസ്വസ്ഥത തോന്നിയ ഡോക്ടര്‍ ഗൗരവ് ശാര്‍ദ ഹോസ്പിറ്റലിലെത്തി ഇസിജി എടുത്തിരുന്നു. എന്നാല്‍ ഇസിജിയില്‍ എല്ലാം സാധാരണമായിട്ടാണ് കാണിച്ചത്. തുടര്‍ന്ന് ഇത് അസിഡിറ്റി മൂലമാണെന്ന് കരുതി ഇതിനൊരു കുത്തിവയ്പ്പെടുത്തു. അര മണിക്കൂര്‍ ആശുപത്രിയിലിരുന്ന ശേഷം ഡോക്ടര്‍ വീട്ടിലേക്ക് തിരികെ പോയി.എന്നാല്‍ രാവിലെ ആറ് മണിയോടെ ബാത്റൂമിലെ തറയില്‍ ഡോക്ടര്‍ ബോധരഹിതനായി കിടക്കുന്നത് ഭാര്യ കണ്ടു. ഉടനെ ആശുപത്രിയിലെത്തിച്ച് വെന്‍റിലേറ്ററിലാക്കി. കാര്‍ഡിയോഗ്രാമില്‍ ഹൃദയത്തിന് നേരിയ ചലനം മാത്രമേ കണ്ടെത്താന്‍ സാധിച്ചുള്ളൂ. 45 മിനിറ്റോളം സിപിആര്‍ കൊടുത്ത് നോക്കിയെങ്കിലും ഡോക്ടറെ രക്ഷിക്കാനായില്ല. 

 

ഇസിജി റീഡിങ് സാധാരണമായി കാണിച്ചാലും ചിലപ്പോള്‍ ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ടെന്ന് ജാംനഗറിലെ ഗുരുഗോബിന്ദ് സിങ് ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്‍റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സൗഗത ചാറ്റര്‍ജി ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രക്തധമനികളില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങളില്ലാത്ത ബ്ലോക്കുകളെ ഇസിജി റീഡിങ് ചിലപ്പോള്‍ കാണിച്ചെന്ന് വരില്ലെന്നും ഡോ. സൗഗത ചൂണ്ടിക്കാട്ടി. 20-30 ശതമാനം കേസുകളില്‍ ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുമ്പോൾ  പോലും ഇസിജി റീഡിങ് നോര്‍മലായി കാണപ്പെടാം. സംശയം തോന്നുന്ന രോഗികളെ 12 മുതല്‍ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ച് തുടര്‍ച്ചയായ ഇസിജികള്‍ എടുക്കുകയും ട്രോപോണിന്‍, ക്രിയാറ്റിനിന്‍ തുടങ്ങി ഹൃദയനാശത്തെ സൂചിപ്പിക്കുന്ന ബയോമാര്‍ക്കറുകള്‍ക്കായി പരിശോധന നടത്തുകയും ചെയ്യാറുണ്ടെന്ന് ഡോ. സൗഗത കൂട്ടിച്ചേര്‍ത്തു.  

 

ദീര്‍ഘനേരം ജോലി ചെയ്യുന്നതു മൂലമുള്ള ശാരീരിക, മാനസിക സമ്മര്‍ദങ്ങള്‍, ആശുപത്രിയില്‍ നിന്ന് അണുബാധകള്‍ ഏല്‍ക്കാനുള്ള സാധ്യത എന്നിവ ഡോക്ടര്‍മാര്‍ക്ക് അധികമാണെന്ന് ഫരീദാബാദ് അമൃത ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. വിവേക് ചതുര്‍വേദി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. ഹൃദ്രോഗ ലക്ഷണങ്ങളെ അസിഡിറ്റിയാണെന്ന് കരുതി തള്ളിക്കളയരുതെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നെഞ്ചു വേദന, ശ്വാസംമുട്ടല്‍, കൈകള്‍ക്കോ താടിക്കോ അസ്വസ്ഥത, പെട്ടെന്ന് ശരീരം വിയര്‍ക്കല്‍, ഓക്കാനം, തലകറക്കം, രക്തസമ്മര്‍ദത്തിലും ഹൃദയനിരക്കിലുമുള്ള വ്യതിയാനം, ചര്‍മത്തിന്‍റെ നിറം മാറ്റം എന്നിവയെല്ലാം ഹൃദയാഘാത ലക്ഷണങ്ങളാണ്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Content Summary: Top cardiologist died of heart attack due to confusing symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com