കുട്ടികളുടെ കുസൃതിക്ക് മുന്നില്‍ പകച്ചു നിൽക്കാറുണ്ടോ? അറിഞ്ഞിരിക്കേണ്ടതുണ്ട് ഈ കാര്യങ്ങൾ
Mail This Article
കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതും അവര്‍ക്കായി സമയം നീക്കി വയ്ക്കേണ്ടതും മാതാപിതാക്കളുടെ ചുമതലയാണല്ലോ? ചിലര്‍ കുട്ടികളുടെ കുസൃതിക്ക് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്നവരാണ്. അതുകൊണ്ട് ഓരോ കാലത്തും കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരാകേണ്ടതുണ്ട്. അശ്രദ്ധ, അമിതവികൃതി, എടുത്തുചാട്ടം എന്നീ മൂന്നുകാര്യങ്ങള്‍ ചേര്‍ന്ന മാനസിക പ്രശ്നമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) പഠനകാര്യങ്ങളിലും മറ്റു പ്രവൃത്തികളിലും ഈ പ്രശ്നമുള്ള കുട്ടികള്‍ അശ്രദ്ധരായതിനാല്‍ എല്ലാ കാര്യങ്ങളിലും മുന്നേറുന്നതിന് പല തടസ്സങ്ങളും നേരിടും. തലച്ചോറിലെ ഡോപ്പമിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ രാസവസ്തുക്കളുടെ പ്രവര്‍ത്തനവൈകല്യം മൂലമുള്ള അസുഖമായതിനാല്‍ മരുന്നുകളും സ്വഭാവരൂപീകരണ ചികിത്സയും ആവശ്യമാണ്. മാതാപിതാക്കളും അധ്യാപകരും കുട്ടിയും ഇതൊരു ക്ലിനിക്കല്‍ പ്രശ്നം ആണെന്ന് മനസ്സിലാക്കിയാല്‍ തന്നെ ചികിത്സ എളുപ്പമാകും.
അമിതവികൃതി, ശ്രദ്ധക്കുറവ്, വരുംവരായ്ക നോക്കാതെയുള്ള എടുത്തുചാട്ടം എന്നിവ ADHD പ്രശ്നത്തിന്‍റെ സൂചനകളാണ്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ഉള്ള കുട്ടി കൗമാരത്തിലെത്തിയാല്‍ അവസ്ഥ മാറും. വഴക്കാളി സ്വഭാവം പ്രകടിപ്പിക്കുക, നിഷേധിയാവുക, പെട്ടെന്ന് ദേഷ്യം വന്ന് മുതിര്‍ന്നവരുമായി സംസാരിക്കുക, അവരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുക, തങ്ങളുടെ തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും കാരണമില്ലാതെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന Opposition Defant Disorder (ODD) എന്നീ മാനസിക പ്രശ്നങ്ങളും ഇവരില്‍ കണ്ടേക്കാം. കള്ളത്തരങ്ങള്‍ പറയുക, മോഷ്ടിക്കുക, ക്ലാസ്സില്‍ കയറാതെ കറങ്ങിനടക്കുക, വീട്ടില്‍ നിന്ന് ഒളിച്ചോടി പോവുക തുടങ്ങി തീവ്രമായ സ്വഭാവദൂഷ്യങ്ങളും (Conduct Disorder) കാണാറുണ്ട്.
ഈ ലക്ഷണങ്ങളില്‍ ചിലതെല്ലാം കാണുകയും നിയന്ത്രിച്ചാലും സാധ്യമാകാത്തവിധം ആറുമാസത്തിന് മുകളില്‍ നിലനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ഉറപ്പിക്കാനായി ഒരു മന:ശാസ്ത്ര വിദഗ്ദനെ കാണിക്കാവുന്നതാണ്. ദേഷ്യം വരുമ്പോള്‍ മറ്റുള്ളവരെ ഇടിക്കുക, കടിക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം കുട്ടി ചെയ്യുന്നതിനര്‍ഥം അവന്‍റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സഹായം ആവശ്യമാണെന്നാണ്.
പ്രീ-സ്കൂള്‍ പ്രായമാകുമ്പോള്‍ തന്നെ പല കുട്ടികള്‍ക്കും വാശി നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് ആക്രമണകാരിയായേക്കാം. ദേഷ്യം വരുമ്പോള്‍ മറ്റുള്ളവരെ ഇടിക്കുക, കടിക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം കുട്ടി ചെയ്യുന്നതിനര്‍ഥം അവന്‍റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ സഹായം ആവശ്യമാണെന്നാണ്. പലപ്പോഴും ചെറിയ നടപടികളിലൂടെ ഈ സ്വഭാവം നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും മറ്റു ചില പ്രശ്നങ്ങളുടെ ഭാഗമായും ഇതു പ്രകടമാകാം. ഉദാഹരണത്തിന് വികാരങ്ങളെ പറഞ്ഞു ഫലിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കുഞ്ഞ് ആക്രമണകാരിയാകാം. ആക്രമണസ്വഭാവം കാണിക്കുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ ഈ സ്വഭാവം തുടരും.
ശിക്ഷ എന്നു തോന്നിപ്പിക്കാത്ത തരത്തിലുള്ള നടപടികളിലൂടെ വേണം വീട്ടുകാര്‍ ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടത്. ഇഷ്ടമുള്ള കളിപ്പാട്ടം കുറച്ചുനേരത്തേക്ക് നല്‍കാതിരിക്കുക, സ്വന്തം കളിപ്പാട്ടം നശിപ്പിച്ചാല്‍ പുതിയത് വാങ്ങി കൊടുക്കാതിരിക്കുക, ഇഷ്ടമുള്ള പ്രവൃത്തിയില്‍ നിന്നു കുറച്ചുനേരത്തേക്ക് വിലക്കുക (ഉദാ. കളിക്കാന്‍ വിടാതിരിക്കുക, ടി.വി. ഓഫ് ചെയ്യുക) തുടങ്ങിയവ ചെയ്യാം.
മാനസികപിരിമുറുക്കം, പിരുപിരിപ്പ്, അമിതമായ കുസൃതി, സ്കൂളില്‍ പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം കുട്ടിയുടെ മാനസിക പ്രശ്നങ്ങളായി കണക്കാക്കാം. അച്ഛനമ്മമാരുടെ വേര്‍പിരിയല്‍, കുട്ടിക്ക് ആവശ്യത്തിന് ശ്രദ്ധ കിട്ടാതിരിക്കുക, രോഗങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം തുടങ്ങിയവയെല്ലാം കുട്ടിയുടെ മാനസികനിലയെ സാരമായി തന്നെ ബാധിച്ചേക്കാം. പ്രായം കുറഞ്ഞ കുട്ടികളില്‍ ഇത് ഭക്ഷണത്തോടും ഉറക്കത്തോടുമൊക്കെയുള്ള താത്പര്യക്കുറവായി കാണപ്പെടാം.
പഠനനിലവാരം താഴുക, അകാരണമായ ഭയം, മാതാപിതാക്കളോടും കൂട്ടുകാരോടും മറ്റും വഴക്കിടുക തുടങ്ങിയവ കുറിച്ച് മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങളാണ്.
വാശിക്കുടുക്കില്‍ കുരുങ്ങരുത്
യാത്രക്കിടയിലോ സൂപ്പര്‍മാര്‍ക്കറ്റിലോ കുട്ടികളുമായി ചെല്ലുന്ന മിക്ക അച്ഛനമ്മമാരും കൊച്ചുവാശിക്കാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞുപോകും. ആര്‍ത്തുള്ള കരച്ചിലും തറയില്‍ കിടക്കലുമൊക്കെ ചില അടവുകള്‍ ഒടുവില്‍ വിജയിക്കുന്നത് കുട്ടി തന്നെയാകും. 1 മുതല്‍ 4 വരെയുള്ള പ്രായക്കാര്‍ക്കിടയിലാണ് വാശി കൂടുതലായും കാണുക. വാശിയുടെ ശക്തി കണ്ട് എല്ലാം അംഗീകരിച്ചു കൊടുക്കുന്നത് ശരിയായ രീതിയല്ല.
അനാവശ്യമായി വാശി പിടിക്കുന്നതിന് ശ്രദ്ധ കൊടുക്കാതിരിക്കുകയാണ് വേണ്ടത്. തന്‍റെ ഈ അടവ് പാലിക്കുന്നില്ലെന്ന് കണ്ടാല്‍ കുട്ടി പതുക്കെ നിര്‍ത്തിക്കോളും. വളരെ ക്ഷമയോടെ, വാശികൊണ്ട് ഒരു കാര്യവും നടക്കില്ല എന്ന് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുകയാണ് ഏക പോംവഴി.
സ്വഭാവ വൈകല്യങ്ങള്‍
മാനസിക പിരിമുറുക്കം കുറയ്ക്കാനായി കുട്ടികള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. നഖംകടി, മുടി പിടിച്ചു വലിക്കല്‍, ശബ്ദമുണ്ടാക്കുക, തലയിട്ടടിക്കുക, ശരീരഭാഗങ്ങളില്‍ പിടിച്ച് വലിക്കുക, സ്വയം വേദനിക്കുക തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമാണ്.
നുണപറച്ചില്‍
നുണ പറയുന്നത് കുട്ടികളെ സംബന്ധിച്ച് സ്വാഭാവികമായ കാര്യം മാത്രം. താന്‍ ചെയ്ത ഒരു വികൃതി മറച്ചു വയ്ക്കാന്‍ നുണപറയുന്നവരുമുണ്ട്. വഴക്ക് പറയാതെ, നുണ പറയുന്നത് നല്ല കുട്ടികള്‍ക്ക് ചേര്‍ന്നതല്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാം.
നിഷേധ സ്വഭാവം
കുട്ടികളാണോ ഒരിക്കലെങ്കിലും നിഷേധസ്വഭാവം കാണിച്ചിരിക്കും. സമചിത്തതയോടെ വേണം ഇതിനെ നേരിടാനും കുട്ടിയെ തിരുത്താനും. പലപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്നതിന്‍റെ ഭാഗമായിട്ടായിരിക്കും കുട്ടി ഇങ്ങനെ പെരുമാറുന്നത്. കുട്ടി വല്ലാതെ നിഷേധസ്വഭാവം കാണിക്കുന്നെങ്കില്‍ അത് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) യുടെ ലക്ഷണമാകാം.
ADHD Conduct Disorder എന്നുറപ്പായാല്‍ മരുന്ന് ചികിത്സയ്ക്ക് സൈക്യാട്രിസ്റ്റിനെ സമീപിക്കണം. പാര്‍ശ്വഫലങ്ങള്‍ നന്നേ കുറഞ്ഞ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. അവരുടെ മസ്തിഷ്കത്തിന്‍റെ ഏകോപനത്തില്‍ സന്തുലിതാവസ്ഥയിലെത്തിയാല്‍ CBT (Cognitive behavioural therapy) Cognitive Restructing പോലുള്ള പെരുമാറ്റ ചികിത്സാരീതികള്‍ സ്വീകരിക്കാവുന്നതാണ്. ഇതിന് മന:ശാസ്ത്ര ചികിത്സ ആവശ്യമാണ്.
പ്ലേ സ്കൂളിലും മുത്തശ്ശിമാരുടെയും കൂടെ മാത്രം വളരുന്ന ഇന്നത്തെ കുട്ടികള്‍ക്ക് ജീവിതത്തില്‍ ഇല്ലാതാകുന്നത് പെരുമാറ്റ മര്യാദകളാണ്. വിവേകമില്ലാത്തതും ആരെയും കൂസാത്തതുമായ പ്രകൃതമാണ് ഇപ്പോള്‍ മിക്ക കുട്ടികള്‍ക്കും ധാര്‍ഷ്ഠ്യവും പരുക്കന്‍ സ്വാഭാവവും അവരുടെ സവിശേഷതയായി മാറിയിരിക്കുന്നു.
കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതും അവര്‍ക്കായി സമയം നീക്കി വയ്ക്കേണ്ടതും മാതാപിതാക്കളുടെ ചുമതലയാണല്ലോ? കുട്ടികള്‍ തെറ്റുചെയ്താലും നേര്‍വഴിക്കെത്തിക്കേണ്ടത് മാതാപിതാക്കളാണ്. ചിലര്‍ കുട്ടികളുടെ കുസൃതിക്ക് മുന്നില്‍ എന്തുചെയ്യുമെന്നറിയാതെ അന്തിച്ചുനില്‍ക്കുന്നവരാണ്. അതുകൊണ്ട് ഓരോ കാലത്തും കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരാകേണ്ടതുണ്ട്.
കുട്ടികളുടെ പെരുമാറ്റദൂഷ്യങ്ങള്‍ മാറ്റാനുള്ള ചില പോംവഴികള്‍
∙ കുട്ടികളെ അമിതമായി ലാളിക്കേണ്ടതില്ല. തെറ്റു ചെയ്താല്‍ അപ്പോള്‍ തന്നെ തിരുത്തിക്കൊടുക്കുക. നല്ലതു ചെയ്താല്‍ അപ്പോള്‍ തന്നെ അഭിനന്ദിക്കാനും മറക്കരുത്.
∙ കുട്ടികള്‍ സ്നേഹവും ലാളനയും ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് സങ്കടമോ തനിച്ചാണെന്ന തോന്നലോ ഉണ്ടാകുന്നുവെങ്കില്‍ വാത്സല്യത്തോടെ അവരെ തലോടുക.
∙ ഓരോ കുട്ടിക്കും അവന്‍റേതായ വ്യക്തിത്വം ഉണ്ട്. ചിലര്‍ നാണമുള്ളവരും മറ്റു ചിലര്‍ നേരെ തിരിച്ചുമാകാം. അതുകൊണ്ട് കുട്ടിയുടെ വ്യക്തിത്വം അടിമുടി മാറ്റാന്‍ ശ്രമിക്കേണ്ടതില്ല.
∙ കുട്ടികള്‍, എന്തെങ്കിലും ചെയ്യാന്‍ തയാറെടുക്കുന്നതിന് മുമ്പേ അതിനു നിര്‍ബന്ധിക്കേണ്ടതില്ല.
∙ കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നുവെങ്കില്‍ പാരിതോഷികം നല്‍കാന്‍ മറക്കരുത്. ഭാവിയിലും നല്ലത് ചെയ്യുവാന്‍ അവര്‍ക്കത് പ്രചോദനമാകും.
∙ കുട്ടികള്‍ പരുക്കന്‍ സ്വഭാവം കാണിക്കുകയാണെങ്കില്‍ അതിന്‍റെ കാരണം കണ്ടെത്തുക. ചില മാതാപിതാക്കള്‍ മക്കളുടെ ദേഷ്യത്തിന്‍റെ കാരണം കണ്ടെത്താതെ അവരെ ശിക്ഷിക്കാന്‍ ശ്രമിക്കും. ശിക്ഷാപ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുകയല്ല. മറിച്ച് വിഷയം വഷളാക്കുകയാണ് ചെയ്യുക. ക്ഷമയോടെയും ബുദ്ധിയോടെയുമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്.
∙ ദിവസവും ചെയ്യേണ്ട പ്രവര്‍ത്തികളുടെ പട്ടിക തയാറാക്കുകയും അതിനര്‍ഹിക്കുന്ന പാരിതോഷികം നല്‍കുകയും ചെയ്യുക. സ്വാഭാവികമായി വീണ്ടും അതു ചെയ്യുമ്പോള്‍ കുട്ടി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കും തീര്‍ച്ച.
∙ കുട്ടികള്‍ തെറ്റുചെയ്താല്‍ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് പരസ്യമായി കുറ്റപ്പെടുത്താതിരിക്കുക, കുറ്റപ്പെടുത്തുന്നത് തുടര്‍ന്നാല്‍ പ്രതീക്ഷിക്കുന്നതാവില്ല ഫലം.
∙ കുട്ടിയുടെ സ്വഭാവദൂഷ്യത്തിന് അവരെയൊരിക്കലും ചീത്തകുട്ടിയായി മുദ്രകുത്തരുത്. ചീത്തസ്വഭാവങ്ങള്‍ തിരുത്താന്‍ കൂടെ നില്‍ക്കുകയാണ് വേണ്ടത്.
∙ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോഴൊക്കെ കുട്ടികളോടും ചര്‍ച്ച ചെയ്യുക. അവരും വീട്ടില്‍ തുല്യ ഉത്തരവാദിത്വം ഉള്ളവരാണെന്ന് തിരിച്ചറിയും. ഷോപ്പിങ്ങിന് പോകുമ്പോള്‍ കുട്ടികളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചോദിക്കാന്‍ മറക്കരുത്.
∙ കുട്ടികള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പട്ടിക തയാറാക്കുമ്പോള്‍ അതില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അവരോടും ചോദിക്കുക.
∙ കുട്ടികളുടെ ക്ഷമാശീലം വളര്‍ത്തിയെടുക്കാനും കോപം നിയന്ത്രിക്കാനും പഠിപ്പിക്കുക. കുട്ടി അമിതദേഷ്യം പ്രകടിപ്പിക്കുന്നു എങ്കില്‍ അത്തരം സ്വഭാവം അംഗീകരിക്കേണ്ടതില്ല. അത് നല്ലതല്ല എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക.
∙ കുട്ടികള്‍ സ്നേഹവും ലാളനയും ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് സങ്കടമോ തനിച്ചാണെന്ന തോന്നലോ ഉണ്ടാകുന്നുവെങ്കില്‍ വാത്സല്യത്തോടെ അവരെ തലോടുക.
(തൊടുപുഴ സ്മിത ഹോസ്പിറ്റൽ ആൻഡ് റിസേർച് സെന്ററിലെ സീനിയർ കൺസൽറ്റന്റ് സൈക്കോളജിസ്റ്റ് ആണ് ലേഖിക)
Content Summary: ADHD in Children; Know the symptoms