വൈകി ഉറങ്ങുന്നവര്‍ക്ക് പ്രമേഹ സാധ്യത അധികമാണെന്നു പഠനം
Mail This Article
രാത്രിയില്‍ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും പ്രമേഹരോഗ സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്‌പിറ്റലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചു.
ശരിയായ ഉറക്ക ശീലങ്ങള്‍ ഇല്ലാത്തവര്‍ക്ക് പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമായിരിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 63676 നഴ്‌സുമാരില്‍ 2009-2017 കാലയളവിലാണ് പഠനം നടത്തിയത്.
പഠനത്തില്‍ പങ്കെടുത്ത 11 ശതമാനം പേര്‍ തങ്ങള്‍ വൈകി ഉറങ്ങുന്നവരും വൈകി എഴുന്നേല്‍ക്കുന്നവരുമാണെന്ന് റിപ്പോര്‍ട്ട് ചെയ്‌തു. 35 ശതമാനം പേര്‍ നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്ന വിഭാഗത്തിലും പെടുന്നു. ശേഷിക്കുന്നവര്‍ തങ്ങള്‍ ഈ രണ്ട് വിഭാഗത്തിലും കൃത്യമായി പെടുന്നവരല്ലെന്നും രണ്ടിന്റെയും ഇടയിലുള്ള സമയമാണ് പാലിക്കാറുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്‌തു.
വൈകി ഉറങ്ങുന്ന 11 ശതമാനം പേരില്‍ പ്രമേഹ സാധ്യത മറ്റ് രണ്ട് സംഘങ്ങളെ അപേക്ഷിച്ച് 19 ശതമാനം അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ അമിതമായി മദ്യപിക്കാനും പുകവലിക്കാനും നിലവാരം കുറഞ്ഞ ഭക്ഷണം കഴിക്കാനും അലസമായ ജീവിതശൈലി നയിക്കാനും സാധ്യത അധികമാണെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും വെളുത്ത വംശജരായ നഴ്‌സുമാരാണെന്നത് ഗവേഷണത്തിലെ ഒരു പരിമിതയാണ്. മറ്റ് ജനവിഭാഗങ്ങളിലും ഇതേ ട്രെന്‍ഡ് ആവര്‍ത്തിക്കപ്പെടുമോ എന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
Content Summary: Diabetes and late night sleep