ക്രമം തെറ്റിയ ആര്‍ത്തവം സ്‌ത്രീകളില്‍ ഹൃദ്രോഗ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ?
Mail This Article
ശരിയായ തോതിലുള്ള ആര്‍ത്തവം സ്‌ത്രീയുടെ പ്രത്യുത്‌പാദനക്ഷമതയുടെ മാത്രം അടയാളമല്ല. ഒരു സ്‌ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും സൂചകമാണ് ആര്‍ത്തവചക്രം. അതിനാല്‍ ക്രമം തെറ്റിയ ആര്‍ത്തവമുറ (Irregular Menstrual Cycles) ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല രോഗങ്ങളെ കുറിച്ച്ും സൂചന നല്‍കാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ആര്‍ത്തവചക്രം നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്ക്ു വഹിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്‌ട്രജനും പ്രൊജസ്‌ട്രോണും. ഈ ഹോര്‍മോണുകള്‍ക്ക് ഹൃദയാരോഗ്യ സംവിധാനത്തിലും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഹൃദയത്തെ സംരക്ഷിക്കുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയ ഹോര്‍മോണാണ് ഈസ്‌ട്രജന്‍. ഇവ രക്തധമനികളുടെ പിരിമുറുക്കം ഇല്ലാതാക്കുകയും നീര്‍ക്കെട്ട് കുറയ്‌ക്കുകയും കൊളസ്‌ട്രോള്‍ തോത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ ആര്‍ത്തവമുള്ള സ്‌ത്രീകളില്‍ ഹൃദ്രോഗസാധ്യത കുറയ്‌ക്കാനും ഈസ്‌ട്രജന്‍ സംഭാവനകള്‍ നല്‍കുന്നു. ആര്‍ത്തവമുറയുടെ ക്രമം തെറ്റുന്ന സ്‌ത്രീകളില്‍ ഹോര്‍മോണല്‍ അസന്തുലനം മൂലമാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. ഇത് അവരുടെ ഹൃദയാരോഗ്യത്തെ ഉള്‍പ്പെടെ ബാധിക്കുന്നു. ക്രമം തെറ്റിയ ആര്‍ത്തവ മുറയിലേക്ക് നയിക്കുന്ന ഹോര്‍മോണല്‍ തകരാറുകളില്‍ ഒന്നാണ് പോളിസിസ്‌റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). പിസിഒഎസ് ഉള്ള സ്‌ത്രീകളില്‍ പുരുഷ ഹോര്‍മോണുകളായ ആന്‍ഡ്രോജന്റെ തോതും ഇന്‍സുലിന്‍ പ്രതിരോധവും വണ്ണവും കൂടുതലായിരിക്കും. ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്. അമിതമായ വ്യായാമം, കുറഞ്ഞ ശരീര ഭാരം, ഭാരം വര്‍ദ്ധിക്കുമോ എന്ന ഭീതി(അനോറെക്‌സിയ നെര്‍വോസ) എന്നിവയുടെ ഫലമായി ചില സ്‌ത്രീകളില്‍ ആര്‍ത്തവം തന്നെ നടക്കാത്ത അവസ്ഥയുണ്ടാകാം. അമെനോറിയ എന്നാണ് ഈ അവസ്ഥയുടെ പേര്. അമെനോറിയ ഉള്ള സ്‌ത്രീകളില്‍ ഈസ്‌ട്രജന്‍ തോത് കുറഞ്ഞിരിക്കുന്നത് അവരെ ഹൃദ്രോഗ സാധ്യതകളിലേക്ക് നയിക്കുന്നു.
ക്രമം തെറ്റിയ ആര്‍ത്തവം ചയാപചയ പ്രശ്‌നം മൂലവും സംഭവിക്കാം. ഇത് ഉയര്‍ന്ന രക്തസമ്മർദം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, അമിതവണ്ണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം സ്‌ത്രീകളിലെ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാം. നിരന്തരമായ സമ്മർദവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ആര്‍ത്തവ ചക്രത്തെ ബാധിക്കാറുണ്ട്. ഇവ മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്‌മ, പുകവലി എന്നിവ പോലുള്ള, ഹൃദയത്തെ ബാധിക്കുന്ന ജീവിതശൈലി തിരഞ്ഞെടുപ്പുകളിലേക്കും നയിക്കാറുണ്ട്. ക്രമം തെറ്റിയ ആര്‍ത്തവ മുറ ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല വിധ ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നതിനാല്‍ ഇക്കാര്യത്തെ കുറിച്ച് സ്‌ത്രീകള്‍ ബോധവാന്മാരായിരിക്കണമെന്നും ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. എന്ത് കാരണം കൊണ്ടാണ് ആര്‍ത്തവ മുറയുടെ ക്രമം തെറ്റിയിരിക്കുന്നത് എന്നു കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇവ കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഹൃദയത്തെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ സഹായകമാകും.
പ്രസാരിത പാദോത്തനാസന ശീലമാക്കുന്നതിലൂടെ പിസിഒഡി മാറുന്നതെങ്ങനെ - വിഡിയോ