ദിവസം തുടങ്ങുന്നത് ചൂടുവെള്ളം കുടിച്ചാണോ? അറിയാം ചില ആരോഗ്യകാര്യങ്ങൾ
Mail This Article
ആരോഗ്യകരമായ ജീവിതത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റാലുടൻ ചൂടുവെള്ളം കുടിക്കുന്നവർ നിരവധിയാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും രാവിലെ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. മലബന്ധം അകറ്റാനും ദഹനം എളുപ്പമാക്കാനും സ്ട്രെസ്സ് അകറ്റാനും ഇതു സഹായിക്കും. ചൂടുവെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കുമെന്നും വെള്ളം കൊഴുപ്പിനെ വിഘടിപ്പിച്ച് ശരീരഭാരം വേഗത്തിൽ കുറയ്ക്കുമെന്നും പലരും കരുതുന്നു. അമിതഭാരം കുറയ്ക്കാൻ ദിവസം ആറുമുതൽ എട്ടു വരെ ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്ന് പോഷകാഹാര വിദഗ്ധരും നിർദേശിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്നു കരുതി പകൽ മുഴുവൻ ചൂടുവെള്ളം കുടിക്കുന്നവരുണ്ട്. എന്നാൽ ഈ ശീലം രോഗപ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ചൂടുവെള്ളം അന്നനാളത്തിലെ കല (tissues) കളെ നശിപ്പിക്കുകയും രുചി മുകുളങ്ങളെയും നാവിനെയും പൊള്ളിക്കുകയും ചെയ്യും.
എത്ര ചൂടുള്ള വെള്ളം കുടിക്കാം?
ചൂടുള്ള വെള്ളമോ കാപ്പി, ചായ തുടങ്ങിയ പാനീയങ്ങളോ പലപ്പോഴും തിളയ്ക്കുന്ന ചൂടിലാണ് നമ്മുടെ മുന്നിലെത്തുക. പൊള്ളുന്ന ചൂടിൽ ഇവ കുടിക്കരുത്. ചൂടുവെള്ളം ഇഷ്ടമില്ലാത്തവരാണെങ്കിൽ ശരീരതാപനിലയെക്കാൾ അല്‍പം കൂടി ചൂടുള്ള വെള്ളം കുടിക്കാം. 136 ഡിഗ്രി ഫാരൻഹീറ്റ് അല്ലെങ്കിൽ 57.8 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് കുടിക്കാൻ പാകത്തിലുള്ളത്. ഈ ചൂട് പൊള്ളലുണ്ടാക്കില്ല. പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് ഏറ്റവും പ്രധാനം. ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം പ്രതിരോധശക്തിയും ഉപാപചയപ്രവർത്തനവും മെച്ചപ്പെടുത്താൻ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും, നട്സ്, പയർവർഗങ്ങൾ, സീഡ്സ് ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയിലെ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും രോഗാണുക്കളെ പ്രതിരോധിക്കും. ആന്റിഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. മിതമായ വ്യായാമം ശീലമാക്കുന്നത് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ഉറക്കവും പ്രതിരോധശക്തിയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. ഉറക്കമില്ലായ്മ രോഗങ്ങളെ ക്ഷണിച്ചു വരുത്തും. അതുകൊണ്ട് നല്ല ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കുക. സമ്മർദവും ഉത്കണ്ഠയും അകറ്റുന്നത് പ്രതിരോധ ശക്തി വർധിപ്പിക്കും. ദീർഘകാലമായുള്ള സ്ട്രെസ്സ് ഇൻഫ്ലമേഷന് കാരണമാകുകയും പ്രതിരോധ കോശങ്ങളുടെ അസന്തുലനത്തിനു കാരണമാകുകയും ചെയ്യും. അതുകൊണ്ട് സ്ട്രെസ്സ് കുറയ്ക്കാൻ ശ്രദ്ധിക്കാം.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ