ADVERTISEMENT

അതിമാരകമായ വായു മലിനീകരണത്തിന്റെ കടുത്ത ഘട്ടങ്ങളിലൂടെ കടന്ന്‌ പോകുകയാണ്‌ ഡല്‍ഹി ഉള്‍പ്പെടെയുള്ള പല ഇന്ത്യന്‍ നഗരങ്ങളും. നാം ശ്വസിക്കുന്ന വായുവിലെ ഉയര്‍ന്ന തോതിലുള്ള പുകപടലങ്ങളും പൊടിയും രാസവസ്‌തുക്കളും ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യത കുത്തനെ ഉയര്‍ത്തുന്നു. സാധാരണ പുകവലിക്കാരിലാണ്‌ ശ്വാസകോശ അര്‍ബുദം വരാറുള്ളതെങ്കിലും വായുവിലെ വര്‍ദ്ധിച്ച മലിനീകരണം ആര്‍ക്കു വേണമെങ്കിലും ഈ അര്‍ബുദം വരാമെന്നുള്ള സ്ഥിതി സംജാതമാക്കിയിട്ടുണ്ട്‌. 

ശ്വാസകോശ അര്‍ബുദവുമായി ബന്ധപ്പെട്ടു ശരീരം നല്‍കുന്ന സൂചനകള്‍ കരുതിയിരിക്കേണ്ടത്‌ ഇതിനാല്‍ തന്നെ അത്യാവശ്യമാണ്‌. ശ്വാസകോശ അര്‍ബുദത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങള്‍ ഇവയാണ്‌. 

1. നിരന്തരമായ ചുമ
ഒന്നോ രണ്ടോ ആഴ്‌ചയില്‍ കൂടുതലായി തുടരുന്ന ചുമയെ ഒരിക്കലും അവഗണിക്കരുത്‌. കഫം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം ചുമകള്‍ ശ്വാസകോശ അര്‍ബുദത്തിന്റെ കൂടി ലക്ഷണമാകാം. ചുമയ്‌ക്കുമ്പോള്‍ രക്തം വരുന്നതും അര്‍ബുദം ശ്വാസനാളിയിലേക്കു പടരുന്നതിന്റെ ലക്ഷണമാണ്‌. 

2. ശ്വാസമെടുക്കുന്നതില്‍ വ്യത്യാസം
ശ്വാസമെടുക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ട്‌, ക്ഷീണം എന്നിവയെല്ലാം അര്‍ബുദം ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്‌. അര്‍ബുദ മുഴകള്‍ വായു കടന്നു പോകുന്ന നാളികളെ തടസ്സപ്പെടുത്തുന്നത്‌ ശ്വാസം മുട്ടല്‍ ഉണ്ടാക്കാം. 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

3. നെഞ്ച്‌ വേദന
തോളിലേക്കും പുറത്തേക്കും പടരുന്ന നിരന്തരമുള്ള നെഞ്ച്‌ വേദനയും ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണമാണ്‌. ലിംഫ്‌ നോഡുകളുടെ വീക്കമോ അര്‍ബുദ വ്യാപനമോ ഈ വേദനയ്‌ക്കു പിന്നിലുണ്ടാകാം. 

4. തലവേദനയും എല്ല്‌ വേദനയും
നിരന്തരമായ തലവേദന, എല്ലുകള്‍ക്കുള്ള വേദന, രാത്രിയില്‍ തീവ്രമാകുന്ന വേദന എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദം തലച്ചോറിലേക്കും എല്ലുകളിലേക്കും പടരുന്നതിന്റെ ലക്ഷണമാണ്‌. 

5. രക്തം കട്ടപിടിക്കല്‍
ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനു ശ്വാസകോശ അര്‍ബുദം കാരണമാകാം. ഇത്‌ കാലുകളിലെ ഡീപ്‌ വെയ്‌ന്‍ ത്രോംബ്രോസിസിലേക്കോ ശ്വാസകോശത്തിലെ പള്‍മനറി എംബോളിസത്തിലേക്കോ നയിക്കാം. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം ക്ലോട്ട്‌ ശ്വാസകോശത്തിലേക്കു നീങ്ങിയതിന്റെ ലക്ഷണമാണ്‌. 

6. അകാരണമായ ഭാരനഷ്ടം
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ഭാരം കുറയുന്നതും ക്ഷീണവും ദുര്‍ബലതയും വിശപ്പില്ലായ്‌മയുമെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്‌. 

Photo credit : create jobs 51 / Shutterstock.com
Photo credit : create jobs 51 / Shutterstock.com

എക്‌സ്‌റേ, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ പോലുള്ള പരിശോധനകളിലൂടെയാണ്‌ ശ്വാസകോശത്തിലെ അസ്വാഭാവികതകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്‌. ബയോപ്‌സി പരിശോധന അര്‍ബുദ കോശങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കും. ശസ്‌ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, ടാര്‍ജറ്റഡ്‌ തെറാപ്പി എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങള്‍ ശ്വാസകോശ അര്‍ബുദത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കാറുണ്ട്‌. അര്‍ബുദത്തിന്റെ ഘട്ടം, തരം, രോഗിയുടെ ആരോഗ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ചികിത്സ നിര്‍ണ്ണയിക്കുന്നത്‌. നേരത്തെ അര്‍ബുദം കണ്ടെത്തുന്നത്‌ ചികിത്സയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. 

കാൻസറിനെ തോൽപ്പിച്ച മിടുക്കി: വിഡിയോ

English Summary:

Symptoms of Lung Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com