ADVERTISEMENT

സഹോദരങ്ങളുടെ എണ്ണം കൂടും തോറും കൗമാരക്കാരുടെ മാനസികാരോഗ്യവും സന്തോഷവും കുറയുമെന്ന് പഠനം. കുട്ടികളുടെ എണ്ണം കൂടും തോറും ഓരോ കുട്ടിക്കും ലഭിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കുറയുമെന്നും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒഹിയോ സറ്റേറ്റ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രഫസര്‍ ഡഗ് ഡൗണിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയിലെയും ചൈനയിലെയും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളിലാണ് ഗവേഷണം നടത്തിയത്. അമേരിക്കയിലെ 9100 വിദ്യാര്‍ഥികളും ചൈനയിലെ 9400 വിദ്യാര്‍ഥികളും പഠനത്തില്‍ പങ്കെടുത്തു. 14 വയസ്സായിരുന്നു ഇവരുടെ ശരാശരി പ്രായം. ചൈനയില്‍ സഹോദരങ്ങളില്ലാത്ത കുട്ടികളിലാണ് ഏറ്റവും മികച്ച മാനസികാരോഗ്യം നിരീക്ഷിക്കപ്പെട്ടത്. അമേരിക്കയില്‍ സഹോദരങ്ങളില്ലാത്ത കുട്ടികളും ഒരേയൊരു സഹോദരനോ സഹോദരിയോ ഉള്ള കുട്ടികളും സമാനമായ മാനസികാരോഗ്യം പ്രകടിപ്പിച്ചു. 

Representative image. Photo Credit: Doucefleur/istockphoto.com
Representative image. Photo Credit: Doucefleur/istockphoto.com

മൂത്ത സഹോദരങ്ങളുള്ള കൗമാരക്കാരിലും ഒരു വയസ്സിന്റെ ഇടവേളകളില്‍ സഹോദരങ്ങളുണ്ടായിരുന്ന കുട്ടികളിലുമാണ് ഏറ്റവും മോശം മാനസികാരോഗ്യം നിരീക്ഷിക്കപ്പെടതെന്നും ഗവേഷകര്‍ പറയുന്നു. അംഗങ്ങള്‍ അധികമുള്ള വലിയ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കു ചെറിയ കുടുംബങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികാരോഗ്യം അല്‍പം കുറവാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

എന്നാല്‍ ഇതിനു പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടാകാമെന്നു കരുതപ്പെടുന്നു. ഉദാഹരണത്തിന് ഉയര്‍ന്ന സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കൗമാരക്കാരാണ് ഏറ്റവും മികച്ച മാനസികാരോഗ്യം പ്രകടിപ്പിച്ചത്. ചൈനയിലും അമേരിക്കയിലുമൊക്കെ ഇത്തരം കുടുംബങ്ങള്‍ പലതും ഒന്നോ പരമാവധി രണ്ടോ കുട്ടികള്‍ മാത്രമുള്ളവരായിരിക്കും. ജേണല്‍ ഓഫ് ഫാമിലി ഇഷ്യൂസിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. 

Image Credit: Deepak Sethi/ Istock
Image Credit: Deepak Sethi/ Istock

അതേ സമയം ഡഗ് ഡൗണിയുടെ നേതൃത്വത്തില്‍ മുന്‍പ് നടത്തിയ ഒരു പഠനം കൂടുതല്‍ സഹോദരങ്ങളുള്ള കുട്ടികള്‍ നഴ്‌സറികളില്‍ മറ്റ് വിദ്യാര്‍ഥികളോടു പെട്ടെന്ന് ഇണങ്ങുമെന്നും പില്‍ക്കാലത്ത് അവര്‍ വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തിയിരുന്നു. അടുത്ത ബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ സഹോദരങ്ങള്‍ വഴി ലഭിക്കുന്ന പരിശീലനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. 2016ല്‍ ഒരു ലക്ഷം നോര്‍വീജിയന്‍ കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ മറ്റൊരു പഠനം അംഗസംഖ്യ കൂടിയ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് മാനസികാരോഗ്യം കൂടുതലെന്ന് പറയുന്നു. 

സ്ട്രെസ് അകറ്റാൻ 3 ടെക്നിക്: വിഡിയോ

English Summary:

Study says, Teenagers with more siblings have Problems with mental health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com