അന്നനാളം നീക്കം ചെയ്യാതെ ലേക്‌ഷോറിൽ അപൂർവ ശസ്ത്രക്രിയ; ദേവകിയമ്മയ്ക്ക് പുതുജീവൻ
Mail This Article
കൊച്ചി ∙ അന്നനാള കാൻസർ എൻഡോ റോബട്ടിക് ശസ്ത്രക്രിയ വഴി ഭേദമാക്കി ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാർ. ലോകത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയയെന്ന് അധികൃതർ അവകാശപ്പെട്ടു. ഇത്തരം കാൻസർ ചികിത്സിക്കാൻ അന്നനാളം നീക്കം ചെയ്യുകയാണ് പതിവ്. റോബട്ടിക് സംവിധാനത്തിലൂടെ പുതിയ ചികിത്സാരീതി വികസിപ്പിച്ചിരിക്കുകയാണ് വിപിഎസ് ലേക്‌ഷോർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി, മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ.
പാലക്കാടുകാരിയായ ദേവകിയമ്മയ്ക്കാണ് (75) പുതിയ ചികിത്സാരീതിയിലൂടെ പുതുജീവൻ ലഭിച്ചത്. ഒരു വർഷം മുൻപാണ് ദേവകിയമ്മയ്ക്ക് കാൻസർ ബാധിച്ചതെങ്കിലും 6 മാസത്തോളം ആരോടും പറഞ്ഞില്ല. കോയമ്പത്തൂരിൽ നടത്തിയ റേഡിയേഷൻ ചികിത്സ ഫലിച്ചില്ല. ലേക്‌ഷോറിൽ നടത്തിയ പരിശോധനയിൽ മറ്റു ഭാഗങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടില്ലെന്നു കണ്ടെത്തിയതോടെയാണ് ശസ്ത്രക്രിയയെപ്പറ്റി ആലോചിച്ചത്.
ഈ അവസ്ഥയിൽ തൊണ്ടയും അന്നനാളവും നീക്കം ചെയ്ത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് എടുത്ത ടിഷ്യു കൊണ്ട് അന്നനാളം പുനർനിർമിക്കുന്നതാണ് നിലവിലെ ചികിത്സ. ദൈർഘ്യമേറിയതും രോഗിക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും ഏറെ പണച്ചെലവുള്ളതുമായ ശസ്ത്രക്രിയയാണിത്. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സ്വാഭാവികശേഷിയും ഇതോടെ നഷ്ടപ്പെടും. ഇതിനു പരിഹാരമാണ് പുതിയ ചികിത്സാ രീതിയെന്ന് ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി മേധാവി ഡോ. ഷോൺ ടി ജോസഫ്, മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. റോയ് ജെ. മുക്കട, അനസ്തീസിയോളജിസ്റ്റ് ഡോ. ജയ സൂസൻ ജേക്കബ് എന്നിവർ പറഞ്ഞു.
റോബട്ടിനു എത്താൻ പറ്റാത്ത ഭാഗത്ത് ഗ്യാസ്ട്രോ എൻഡോസ്കോപ്പിയും ഉപയോഗിച്ചു. കാൻസർ പൂർണമായി നീക്കി എന്ന് പത്തോളജി പരിശോധന വഴി ഉറപ്പുവരുത്തുകയും ചെയ്തു. 7 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഉണ്ടായ പരുക്ക് കവിളിന്റെ ഉൾഭാഗത്തെ ടിഷ്യു ഉപയോഗിച്ച് ഡോക്ടർമാർ പുനർനിർമിച്ചു. ഇതിനും റോബട്ടിക് ശസ്ത്രക്രിയ രീതി ഉപയോഗിച്ചു. ഇത്തരം പുനർനിർമാണ ശസ്ത്രക്രിയയും പുതിയതാണെന്ന് ഡോക്ടർമാർ പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത രോഗി സംസാരിക്കാനും വെള്ളം കുടിക്കാനും തുടങ്ങി. ആദ്യ ശസ്ത്രക്രിയ ആയതിനാൽ ഏകദേശം 8 ലക്ഷം രൂപയോളം ചെലവായി. ഇതിലും കുറഞ്ഞ തുകയ്ക്ക് ഇനി ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് ആശുപത്രി എംഡി എസ്.കെ. അബ്ദുല്ല പറഞ്ഞു.