ആർട്ടിസ്റ്റ് നമ്പൂതിരിയെ രക്ഷിച്ച കൈകൾ: വൃക്കരോഗ ചികിത്സയിൽ 50 വർഷം പിന്നിട്ട് ഡോ. എം. തോമസ് മാത്യു

Mail This Article
കോഴിക്കോട്∙ ഇന്ന് ലോക വൃക്കദിനം. സംസ്ഥാനത്തെ നെഫ്രോളജിയുടെ (വൃക്കരോഗ വിഭാഗം) പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.തോമസ് മാത്യു വൃക്കരോഗ ചികിത്സയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. അദ്ദേഹവും ഡോ. റോയ് ചാലിയുമടക്കമുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ട് നാൽപതു വർഷം പൂർത്തിയാവുകയാണ്.
അഭിഭാഷകനും പ്ലാന്ററുമായ പത്തനംതിട്ട കുറിയന്നൂർ എം.എം.തോമസിന്റെയും അന്നമ്മയുടെയും മൂത്തമകനായാണ് 1945ൽ ഡോ. എം.തോമസ് മാത്യുവിന്റെ ജനനം. അച്ഛനുമമ്മയും താമരശ്ശേരിയിലേക്ക് കുടിയേറിയപ്പോൾ തോമസ് മാത്യു കോഴിക്കോട്ടുകാരനായി മാറി. കോഴിക്കോട് മെഡിക്കൽകോളജിൽനിന്ന് എംബിബിഎസ് പഠനം 1967ൽ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽകോളജിൽനിന്നാണ് 1972ൽ ബിരുദാനന്തര ബിരുദം നേടിയത്. പഠനം പൂർത്തിയാവുമ്പോഴേക്ക് അമേരിക്കയിൽ ജോലിയും ഉപരിപഠനത്തിനുള്ള പ്രവേശനവും ലഭിച്ചു. പക്ഷേ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഗുരുനാഥനായ ഡോ.കെ.എൻ.പൈ ഒരു കാര്യമാണ് തോമസ് മാത്യുവിനോടു ചോദിച്ചത്. ‘‘ ഇത്രയും കാലം പഠിച്ചത് വെള്ളക്കാരെ ചികിത്സിക്കാനായിരുന്നോ? നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ഡോക്ടർമാരുടെ സേവനം അത്യാവശ്യമല്ലോ?’’ ഇതോടെ തോമസ് മാത്യു അമേരിക്കാ യാത്രയിൽനിന്നു പിൻതിരിഞ്ഞു.
Read Also രോഗം തിരിച്ചറിയാൻ വൈകിയേക്കാം; വൃക്കയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം
∙ വൃക്കരോഗ ചികിത്സയിലേക്ക്
വൃക്കരോഗചികിത്സയ്ക്ക് സംസ്ഥാനത്ത് ഒരു വിദഗ്ധനില്ലെന്നും ആ മേഖലയിൽ ഉപരിപഠനം നടത്തണമെന്നും കെ.എൻ.പൈ ആവശ്യപ്പെട്ടു. പക്ഷേ ഇന്ത്യയിൽ ഇതു പഠിക്കാനുള്ള സ്ഥാപനങ്ങളില്ല. അക്കാലത്ത് കേന്ദ്രസർക്കാരിനുകീഴിലുള്ള ചണ്ഡീഗഡ് പിജിഐഎംഇആറിലെ വിദ്യാർഥിയായ ഡോ. ബാലകൃഷ്ണനെ ഡോ.കെ.എൻ.പൈക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം ചണ്ഡീഗഡിൽ അന്വേഷിച്ചു. പഞ്ചാബിയായ പ്രഫ. കെ.എസ്. ചഗ്സ് വൃക്കരോഗ വിദഗ്ധനാണ്. തുടർന്ന് തോമസ് മാത്യുവിനു ഉപരിപഠന സാധ്യതയുണ്ടോ എന്നറിയാൽ ഡോ. പൈ അദ്ദേഹത്തിന് ഒരു കത്തയച്ചു. ഒരാഴ്ചയ്ക്കകം മറുപടി ലഭിച്ചു. ഒരു വിദ്യാർഥി പഠനത്തിനുചേർന്നിട്ടുണ്ടെന്നും രണ്ടാമത്തെ വിദ്യാർഥിയായി തോമസ് മാത്യുവിനു ചേരാമെന്നുമാണ് കത്തിലുണ്ടായിരുന്നത്. അങ്ങനെ ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും നെഫ്രോളജി വിദഗ്ധനായി ഡോ.തോമസ് മാത്യു ചണ്ഡീഗഡ്ഡിൽനിന്ന് പഠനം പൂർത്തിയാക്കി 1974ൽ പുറത്തിറങ്ങി. ഡോ.തോമസ് മാത്യുവിനുമുൻപ് പഠനം തുടങ്ങിയ സഹപാഠിയായ ചെന്നൈ സ്വദേശി ഡോ. അമരേശൻ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്.
∙ നെഫ്രോളജിക്ക് ഒരു വകുപ്പ്
തിരികെ കോഴിക്കോട്ടെത്തിയ അദ്ദേഹം മെഡിക്കൽ കോളജിലാണ് ജോലി തുടങ്ങിയത്. എന്നാൽ അക്കാലത്ത് കേരളത്തിൽ ഒരിടത്തും നെഫ്രോളജി വിഭാഗം ഇല്ലായിരുന്നു. ആളുകൾ ഡയാലിസിസിനെക്കുറിച്ച് കേട്ടിട്ടേയില്ല. മലബാറിലെ ജനങ്ങൾ എലിപ്പനിയും പാമ്പുകടിയുമൊക്കെ കാരണം വൃക്ക തകരാറിലായി മരിച്ചുപോവുന്നതായിരുന്നു പതിവ്. ചികിത്സ തേടുന്നവരിൽ 75 ശതമാനം പേരും മരിക്കുന്ന അവസ്ഥ. ഇതിനൊരു പരിഹാരമായി ഡയാലിസിസ് ചികിത്സാരീതി നടപ്പാക്കണമെന്ന് ഡോ. തോമസ് മാത്യു തീരുമാനിച്ചു. പക്ഷേ സർക്കാർ സ്ഥാപനത്തിൽ ഒരാൾക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്ത് നടപ്പാക്കാൻ കഴിയില്ല. അദ്ദേഹം മുന്നോട്ടുവച്ച പ്രതിസന്ധികളും പരിഹാരങ്ങളും അക്കാലത്ത് മലയാള മനോരമയിൽ വാർത്തയായി. പിന്നീട് കെ.പി.കേശവമേനോനുമായി ചർച്ച നടത്തി. ധനമന്ത്രി കെ.ജി.അടിയോടി കോഴിക്കോട്ടെത്തിയപ്പോൾ നേരിട്ടുകണ്ട് സംസാരിക്കാനുള്ള അവസരം ലഭിച്ചു. ഇതിനൊപ്പം ആരോഗ്യമന്ത്രിയുമായും നേരിട്ടു സംസാരിച്ചു. ഇതിന്റെ ഫലമായി കോഴിക്കോട്ട് നെഫ്രോളജി വിഭാഗം തുടങ്ങാൻ തീരുമാനമായി.
∙ മലയാളി ആദ്യം കണ്ട ഡയാലിസിസ്
ഡയാലിസിസ് ചെയ്യാനുള്ള യന്ത്രം വാങ്ങുകയെന്നതായിരുന്നു അടുത്ത പ്രതിസന്ധി. യന്ത്രത്തിനു വൻ വിലയാണ്. സർക്കാരിൽനിന്ന് പണം ലഭിക്കാൻ ബുദ്ധിമുട്ടാണ്. വിവരമറിഞ്ഞ ചണ്ഡീഗഡിലെ ഡോ.ചഗ്സ് അമേരിക്കയിൽനിന്ന് സൗജന്യമായി ഒരു ഡയാലിസിസ് യന്ത്രം കപ്പലിൽ എത്തിച്ചുകൊടുത്തു. കൊച്ചിയിൽപ്പോയി യന്ത്രവുമായി തിരികെയെത്തി. ഇങ്ങനെയാണ് 1975ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് തുടങ്ങിയത്. ഇതോടെ മരണനിരക്ക് 75 ശതമാനത്തിൽനിന്ന് 15 ശതമാനത്തിലേക്ക് കുറയ്ക്കാനുമായി. വൃക്കരോഗ ചികിത്സയുടെ കേന്ദ്രമായി അക്കാലത്ത് കോഴിക്കോട് വളർന്നു.
Read Also : കണങ്കാലിലെ നീര് നിസ്സാരമല്ല; ഈ ഏഴ് രോഗങ്ങളുടെ സൂചന.
∙ ചരിത്രമെഴുതിയ ആദ്യ വൃക്കമാറ്റിവയ്ക്കൽ
1985ലാണ് സംസ്ഥാനത്തെ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽകോളജിൽ നടന്നത്. കാസർകോട് തായലങ്ങാടി സ്വദേശിയായ അബ്ദുൽ അസീസിന് അദ്ദേഹത്തിന്റെ സഹോദരി ആയിഷയുടെ വൃക്കയാണ് മാറ്റിവച്ചത്. യൂറോ സർജൻമാരായ ഡോ.റോയ് ചാലി, ഡോ.വി.എം.മണി, ഡോ.എസ്.സുബ്രഹ്മണ്യം, അനസ്തീഷ്യോളജി പ്രഫസർ ഡോ.എലിസബത്ത് തോമസ്, കാർഡിയോ തൊറാസിക് സർജൻ ഡോ.നന്ദകുമാർ തുടങ്ങിയവരുടെ വലിയ സംഘത്തിനൊപ്പമാണ് നെഫ്രോളജി വിഭാഗം തലവനായ ഡോ.തോമസ് മാത്യു, ഡോ.കെ.രാജരത്നം എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായത്. പിൽക്കാലത്ത് സംസ്ഥാനത്ത് വൃക്ക മാറ്റിവയ്ക്കൽ സജീവമായി. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഡയാലിസിസ് കേന്ദ്രങ്ങൾ സജീവമായി.
∙ ആർടിസ്റ്റ് നമ്പൂതിരിയെ രക്ഷിച്ച കൈകൾ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രകാരൻ ആർടിസ്റ്റ് നമ്പൂതിരി എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായി. വിദഗ്ധചികിത്സയ്ക്കായി ഡോ.തോമസ് മാത്യുവിനടുത്താണ് എത്തിയത്. ഡയാലിസിസിലൂടെ ആർടിസ്റ്റ് നമ്പൂതിരിയെ ജീവിതത്തിലേക്ക്് തിരികെക്കൊണ്ടുവന്നു. പിൽക്കാലത്ത് ആർടിസ്റ്റ് നമ്പൂതിരി മനോഹരമായ കലാസൃഷ്ടികൾ മലയാളികൾക്കു സമ്മാനിക്കുകയും ചെയ്തു. മെഡിക്കൽകോളജിലെ പ്രശസ്തനായ ഡോ. എൻ.എസ്.വേണുഗോപാലിനും ഒരിക്കൽ രോഗം ബാധിച്ചു. ഡയാലിസിസിനായി ചെന്നൈയിലേക്ക് പോവാൻ വിമാനം വരെ തയാറായി. പക്ഷേ വേണുഗോപാലിന്റെ നിർബന്ധത്താൽ ഡോ.തോമസ് മാത്യുവിന്റെ ചികിത്സയിലേക്ക് മാറുകയും ജീവിതത്തിലേക്ക് തിരികെവരികയും ചെയ്തു.

∙ ചരിത്രം തിരുത്തിയെഴുതിയ യാത്ര
സംസ്ഥാന സർക്കാരിന്റെ വൃക്കമാറ്റിവയ്ക്കൽ ഓതറൈസേഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ഡോ.തോമസ് മാത്യുവായിരുന്നു. സംസ്ഥാനത്ത് ആദ്യമായി കാലിക്കറ്റ് സർവകലാശാലയിൽ നെഫ്രോളജി ഡിഎം കോഴ്സ് തുടങ്ങിയതും അദ്ദേഹമായിരുന്നു. 1990ലായിരുന്നു അത്. 1997ലാണ് അദ്ദേഹം വിരമിച്ചത്. പിന്നീട് ബേബി മെമ്മോറിയൽ ആശുപത്രിയിലും ഫാത്തിമ ആശുപത്രിയിലുമടക്കം വിവിധ ആശുപത്രികളിലും ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചികിത്സകനായും പരിശീലകനായും അദ്ദേഹം നിറഞ്ഞുനിൽക്കുകയാണ്. 1984 ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ പ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം 1996ൽ തോമസ് മാത്യുവിനെ തേടിയെത്തി. അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യയുടെ ആജീവനാന്ത പുരസ്കാരം 2008ലും അദ്ദേഹത്തിനു ലഭിച്ചു. 1966ൽ എംബിബിഎസ് പഠനകാലത്തു ലഭിച്ച സ്വർണമെഡലുകൾ മുതൽ ഈ വർഷം ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ആജീവനാന്ത പുരസ്കാരം വരെ അനേകമനേകം പുരസ്കാരങ്ങളാണ് അദ്ദേഹത്തിനു ലഭിച്ചത്. എലിസബത്താണ് ഭാര്യ. മകൻ ഡോ.ജയന്തും നെഫ്രോളജിസ്റ്റാണ്. നെഫ്രോ പാത്തോളജിസ്റ്റായ മകൾ ഡോ. അനിലയാണ് സമീപകാലത്ത് സൗന്ദര്യവർധക വസ്തുക്കൾ വൃക്കരോഗമുണ്ടാക്കുന്നതു സംബന്ധിച്ച പഠനത്തിലൂടെ ശ്രദ്ധേയയായത്. സംഗീതത്തെ സ്നേഹിക്കുന്ന തോമസ് മാത്യു കോഴിക്കോട് മാർതോമ പള്ളിയിലെ ഗായകസംഘത്തിലെ വയലിനിസ്റ്റുകൂടിയാണ്.