ADVERTISEMENT

റിഫൈന്‍ ചെയ്‌ത കാര്‍ബോഹൈഡ്രേറ്റ്‌സ്‌ ഉയര്‍ന്ന അളവില്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവരുടെ മുഖത്തിന്‌ ആകര്‍ഷണീയത കുറവായിരിക്കുമെന്ന്‌ ഫ്രാന്‍സില്‍ നടന്ന പഠനം. യൂണിവേഴ്‌സിറ്റി ഓഫ്‌ മോണ്ട്‌പെല്ലിയറിലെ ശാസ്‌ത്രജ്ഞരാണ്‌ ഇത്‌ സംബന്ധിച്ച ഗവേഷണം നടത്തിയത്‌.

കാര്‍ബോഹൈഡ്രേറ്റ്‌ ഉയര്‍ന്ന തോതില്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുടെ രക്തത്തിലെ പഞ്ചസാരയിലും ഇന്‍സുലിനിലും വരുന്ന വ്യതിയാനങ്ങളാണ്‌ മുഖത്തിന്റെ ആകര്‍ഷണീയതയെ ബാധിക്കുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു. ചര്‍മ്മത്തിന്റെ ബാഹ്യരൂപത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ സെക്‌സ്‌ ഹോര്‍മോണുകളിലും ദീര്‍ഘകാല ഫലങ്ങള്‍ ഉളവാക്കാമെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി.

junk-food-Liudmila-Chernetska-istockphoto
Representative image. Photo Credit: Liudmila Chernetska/istockphoto.com

നമ്മുടെ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ക്ക്‌ നമ്മുടെ രൂപഭംഗിയെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ എവല്യൂഷണറി ബയോളജിസ്‌റ്റ്‌ ഡോ. ക്ലെയര്‍ ബെര്‍ട്ടിക്യാറ്റ്‌ പറയുന്നു. 52 പുരുഷന്മാരെയും 52 സ്‌ത്രീകളെയുമാണ്‌ ക്ലെയറും സംഘവും ഗവേഷണത്തിനായി തിരഞ്ഞെടുത്തത്‌. 20നും 30നും ഇടയിലായിരുന്നു ഇവരുടെ പ്രായം.

ഇവര്‍ക്ക്‌ 500 കലോറി റിഫൈന്‍ ചെയ്‌തതും അല്ലാത്തതുമായ കാര്‍ബോഹൈഡ്രേറ്റ്‌ ഭക്ഷണം നല്‍കി. കഴിക്കുന്നതിന്‌ മുന്‍പും ശേഷവും ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത്‌ ഗവേഷകര്‍ അളക്കുകയും നിയന്ത്രിത വെളിച്ചത്തില്‍ മുഖത്തിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്‌തു. ഈ ചിത്രങ്ങള്‍ കണ്ട്‌ ഇവര്‍ക്ക്‌ എത്ര പ്രായം തോന്നിക്കുന്നുണ്ടെന്നും മുഖം എത്ര ആകര്‍ഷകമാണെന്നും പൗരുഷവും സ്‌ത്രീത്വവും എത്ര മാത്രമുണ്ടെന്നും വിലയിരുത്താന്‍ ഒരു സംഘത്തിനെ ഏല്‍പ്പിച്ചു. ഇതില്‍ നിന്നാണ്‌ റിഫൈന്‍ ചെയ്‌ത കാര്‍ബോഹൈഡ്രേറ്റ്‌ കഴിച്ചവര്‍ക്ക്‌ ആകര്‍ഷണീയത കുറവാണെന്നത്‌ നിരീക്ഷിച്ചത്‌.

ഉയര്‍ന്ന തോതിലുള്ള പഞ്ചസാര ചര്‍മ്മത്തിന്റെ പ്രായം വര്‍ധിപ്പിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. കാര്‍ബോ ഹൈഡ്രേറ്റ്‌ തോത്‌ കുറച്ച്‌ പഴങ്ങളും പച്ചക്കറികളും സമൃദ്ധമായി അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത്‌ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്ന്‌ ഗവേഷണ റിപ്പോര്‍ട്ട്‌ നിര്‍ദ്ദേശിക്കുന്നു.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? വിഡിയോ

English Summary:

Researchers Uncover the Surprising Impact of Morning Carbs on Skin Aging and Attractiveness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com