ADVERTISEMENT

അതിസങ്കീർണമായ പല ശസ്ത്രക്രിയകൾക്കും ആശുപത്രികൾ റോബട്ടിനെ ആശ്രയിച്ചു തുടങ്ങിയത് വിപ്ലവകരമായ ചുവടുവയ്പാണെന്ന് രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു. മലയാള മനോരമയും രാജഗിരി ആശുപത്രിയും ചേർന്നു നടത്തിയ ‘അറിയാം റോബട്ടിക് സർജറിയെ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ, ഓങ്കോളജി സർജൻ ഡോ. ടി.എസ് സുബി, ഗ്യാസ്ട്രോളജി വിഭാഗത്തിലെ ഡോ. ജോസഫ് ജോർജ്, ജനറൽ സർജൻ ഡോ. രവികാന്ത്, പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനു, ട്രാൻസ്പ്ലാന്റ് സർജൻ ഡോ. ബിനു ചന്ദ്രൻ എന്നിവരും സെമിനാറിൽ പങ്കെടുത്തു.

റോബട്ടിക് സർജറി എന്ത്, എന്തുകൊണ്ട്?
സങ്കീർണമായ ശസ്ത്രക്രിയകളിൽ  സർജന് സഹായമാകുന്ന മിനിമലി ഇൻവേസിവ് സർജറിയാണ് റോബട്ടിക് സർജറി. റോബട്ടിക് സർജറിയെന്നാൽ പൂർണമായും റോബട്ട് ആണ് സർജറി ചെയ്യുന്നതെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. ഇതു ശരിയല്ല. റോബട്ടിന്റെ സഹായത്തോടെ സർജനാണ് ശസ്ത്രക്രിയ നടത്തുക. കൺസോളിൽ ഇരിക്കുന്ന സർജൻ്റെ കൈയുടെ ചലനങ്ങൾ തത്സമയം വിവർത്തനം ചെയ്യുകയാണ് റോബട്ട് ചെയ്യുന്നത്. അതായത് സർജന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ശസ്ത്രക്രിയ ഉപകരണങ്ങൾ വളയ്ക്കുകയും തിരിക്കുകയും ചെയ്യുന്നു. ഓപ്പൺ സർജറി, ലാപ്രോസ്കോപ്പി തുടങ്ങിയ പരമ്പരാഗത രീതിയിൽ ചെയ്യാൻ പ്രയാസമുള്ള ശസ്ത്രക്രിയകൾക്കാണ് സാധാരണ റോബട്ടിക് ശസ്ത്രക്രിയ രീതി തിരഞ്ഞെടുക്കുന്നത്. റോബട്ടിക് സർജറിക്ക് ഒരു തരത്തിൽ കീഹോൾ സർജറിയുമായി സമാനതയുണ്ട്. ലാപ്രോസ്കോപിക് കീഹോൾ സർജറിയേക്കാൾ സാങ്കേതിക മികവിന്റെ കാര്യത്തിലും സൂക്ഷ്മതയുടെ കാര്യത്തിലും കുറച്ചുകൂടി മുന്നിലാണ് റോബട്ടിക് സർജറി. റോബട്ടിന്റെ നാല് കരങ്ങളിലൊന്നിൽ പല ആംഗിളുകളിൽ തിരിയുന്ന എൻഡോസ്കോപ്പും (ക്യാമറ), മറ്റു മൂന്നു കരങ്ങളിൽ ശസ്ത്രക്രിയ ഉപകരണങ്ങളും സർജറിക്ക് വേണ്ടുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. എന്നാൽ ഈ റോബട്ടിക് കരങ്ങളുടെ കൺട്രോൾ സർജന്റെ കയ്യിലായിരിക്കുമെന്നു മാത്രം. രോഗിയിൽ നിന്ന് അൽപം അകലെയുള്ള കൺസോളിലിരുന്നാണ് ശസ്ത്രക്രിയാ വിദഗ്ധൻ ഈ കരങ്ങളെ നിയന്ത്രിക്കുന്നത്.

robotic-surgery-3

റോബട്ട് ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ
ശസ്ത്രക്രിയയുടെ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കാൻ റോബട്ടിക് സാങ്കേതീക വിദ്യ സഹായിക്കുന്നു എന്നതാണ് റോബട്ടിക് സർജറിയുടെ പ്രധാന സവിശേഷത. സർജിക്കൽ സൈറ്റിന്റെ 3D ഹൈ-ഡെഫനിഷൻ കാഴ്ച സർജൻ ഇരിക്കുന്ന കൺസോളിൽ ലഭിക്കും. റോബട്ടിന്റെ മാഗ്നിഫൈഡ് വ്യൂ (സ്റ്റീരിയോ വ്യൂവർ) ഉപയോഗിച്ച് ഡോക്ടർക്ക് സർജറി ചെയ്യുന്ന ഭാഗം കൂടുതൽ കൃത്യതയോടെ കാണാൻ കഴിയും. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ വേദന കുറവായിരിക്കുമെന്നതിനാൽ അധികനാൾ ആശുപത്രിവാസം തുടരേണ്ടി വരില്ല. ശരീരത്തിൽ വളരെ ചെറിയ മുറിവു മാത്രമേ ഉണ്ടാകുന്നുള്ളു എന്നതുകാരണം ഓപ്പൺ സർജറിയിൽ സംഭവിക്കുന്നതുപോലെ അധിക രക്തസ്രാവവും ഉണ്ടായിരിക്കില്ല. മുറിവിൽ നിന്നുള്ള അണുബാധയുടെ സാധ്യതയും കുറയുന്നു.

robotic-surgery-1

റോബട്ടിക് സർജറിയുടെ സാധ്യതകൾ
കാൻസർ സർജറികൾ : ശ്വാസകോശ കാൻസർ, നെഞ്ചിലെ മുഴകൾ എന്നിവ നീക്കം ചെയ്യുന്നതിനുളള അതിസൂക്ഷ്മ ശസ്ത്രക്രിയകളിൽ റോബട്ടിക് സർജറി ഏറെ പ്രയോജനകരമാണ്. തൈറോയിഡ് കാൻസറും, ഇതര തൈറോയിഡ് മുഴകളും കഴുത്തിൽ പാടുകൾ ഇല്ലാതെ തന്നെ റോബട്ടിക് സർജറി വഴി നീക്കം ചെയ്യാൻ സാധിക്കുന്നു. കുടൽ, ആമാശയം, അന്നനാളം, മലാശയം എന്നിവയുമായി ബന്ധപ്പെട്ട കാൻസർ സർജറികൾക്കും, വൻകുടൽ ശസ്ത്രക്രിയകളിലും കൃത്യത ഉറപ്പാക്കുന്നതിന് റോബട്ടിക് സംവിധാനങ്ങൾ ഏറെ സഹായകരമാണ്.

∙ഗർഭാശയ കാൻസറുകൾക്കും, അതിസങ്കീർണമായ ഗർഭാശയ ആരോഗ്യപ്രശ്നങ്ങൾക്കും വലിയ രക്തനഷ്ടം കൂടാതെ പരിഹാരം കണ്ടെത്തുന്നതിന് റോബോട്ടിക് സർജറി സഹായിക്കുന്നു.

യൂറോളജിക്കൽ സർജറി: കിഡ്നി ട്യൂമറുകൾക്കും മൂത്രനാളിയിലെ തകരാറുകൾക്കുമുള്ള ഭാഗിക നെഫ്രെക്ടമി പോലുള്ള വൃക്ക ശസ്ത്രക്രിയകളിലും റോബട്ടിക് സംവിധാനങ്ങൾ കൂടുതൽ കൃത്യത ഉറപ്പാക്കുന്നു.

∙ പ്രോസ്റ്റേറ്റ് കാൻസർ ശസ്ത്രക്രിയയ്ക്ക് റോബട്ടിക് പ്രോസ്റ്ററ്റെക്ടമി കൂടുതൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാക്കുന്നു. റോബട്ടിന്റെ സൂക്ഷ്മതയും വൈദഗ്ധ്യവും ചുറ്റുമുള്ള ഞരമ്പുകളും ടിഷ്യൂകളും സംരക്ഷിക്കാൻ സഹായിക്കുന്നു.

ശിശുരോഗ ശസ്ത്രക്രിയ: പൈലോപ്ലാസ്റ്റി, നെഫ്രെക്ടമി തുടങ്ങിയ സങ്കീർണ്ണ പീഡിയാട്രിക് സർജറികൾ റോബട്ടിന്റെ സഹായത്തിൽ ചെയ്യുന്നത് കുട്ടികളിൽ രോഗം പെട്ടെന്ന് സുഖപ്പെടുന്നതിന് സഹായകരമാണ്.

വൃക്ക, കരൾ എന്നിവ മാറ്റി വെക്കുമ്പോൾ ദാതാവിൽ റോബോട്ടിക് സർജറി ഉപയോഗിക്കുന്നത് മൂലം രക്ത നഷ്ടം, കോശങ്ങളുടെ നാശം എന്നിവ കുറയ്ക്കാൻ സാധിക്കുന്നു. ആന്തരികാവയവങ്ങൾക്കുള്ളിലെ പരിമിതമായ ഇടങ്ങളിൽ കൃത്യതയോടെ നാവിഗേറ്റ് ചെയ്യാൻ റോബട്ടിന്റെ കൈകൾക്ക് കഴിയും.

ബാരിയാട്രിക് ശസ്ത്രക്രിയ: ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാനും പൊണ്ണത്തടി നിയന്ത്രിക്കാനുമുള്ള ഗ്യാസ്ട്രിക് ബൈപാസ്, സ്ലീവ് ഗ്യാസ്ട്രെക്ടമി തുടങ്ങിയവയ്ക്കും റോബട്ടിന്റെ സഹായം തേടാം.

റോബട്ടിക് സർജറി എങ്ങനെ?
കൺസോളിൽ ഇരുന്ന് സ്റ്റീരിയോ വ്യൂവറിലൂടെ നോക്കിയാണ് സർജൻ റോബട്ടിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. അതായത് സ്റ്റീരിയോ വ്യൂവറിൽ നിന്ന് സർജന്റെ ശ്രദ്ധ മാറിയാൽ റോബട്ടിക് കരങ്ങൾ നിശ്ചലമാകുന്നു. ഇത് സർജറിയുടെ സൂക്ഷ്മത ഉറപ്പാക്കുന്നു. അതിസൂക്ഷ്മമായ ടിഷ്യൂകൾ കൈകാര്യം ചെയ്യുന്നതിനും തുന്നലുകൾ നടത്തുന്നതിനും, മുഴകൾ നീക്കം ചെയ്യുന്നതിനും മറ്റു നടപടിക്രമങ്ങൾക്കും ശസ്ത്രക്രിയാ വിദഗ്ധന് വളരെ സഹായകരമാണ്. റോബട്ടിക് സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തുന്നതെങ്കിലും, സുപ്രധാനമായ ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നത് സർജൻ തന്നെയായിരിക്കുമെന്ന് ചുരുക്കം.

മുൻകാലങ്ങളിലേത് പോലെ ശരീര ഭാഗങ്ങൾ തുറന്നുള്ള സർജറി വേണോ, അതോ ലാപ്രോസ്കോപ്പിക് സർജറി വേണോ, അതോ നവീനവും, നൂതനവുമായ റോബട്ടിക് സർജറി വേണോ? ശാസ്ത്രം എന്തിനും ഏതിനും തയ്യാറാണ്. ഡോക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാർഗങ്ങൾ തിരഞ്ഞെടുക്കേണ്ടത് രോഗിയും, രോഗിയുടെ ബന്ധുക്കളുമാണ്.

റോബട്ടിക് സർജറിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ബന്ധപ്പെടുക : +91 87146 74900

English Summary:

Rajagiri Hospital Kochi Robotic Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com