sections
MORE

അമിതമായി ചോറ് കഴിക്കുന്നത് പ്രമേഹത്തിനു കാരണമാകുമോ?

meals
SHARE

മലയാളിയുടെ ഇഷ്ടഭക്ഷണമാണ് ചോറ്. പ്രധാന ആഹാരവും ഇതു തന്നെ. പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന അത് ഇന്നും ഭക്ഷണസംസ്ക്കാരത്തിന്‍റെ ഭാഗമായി തുടരുന്നു. ആധുനിക കാലത്തെ ആരോഗ്യപ്രശ്നങ്ങളില്‍ പ്രധാനമായ ജീവിതശൈലിരോഗങ്ങള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ഇന്ത്യയില്‍ എട്ടില്‍ ഒരാള്‍ വീതം പ്രമേഹരോഗികളാണെങ്കില്‍, കേരളത്തില്‍ അത് അഞ്ചില്‍ ഒന്നാണ്. ജീവിതശൈലിരോഗങ്ങള്‍ ഇങ്ങനെ വ്യാപകമാവുന്നതില്‍ നമ്മുടെ ചോറിന് എത്രമാത്രം പങ്കുണ്ടെന്ന് പഠിക്കേണ്ടിയിരുന്നു.

രാവിലെ അരിആഹാരം അല്ലെങ്കില്‍ പഴയകഞ്ഞി, ഉച്ചയ്ക്ക് ചോറ്, വൈകിട്ടും ചോറ് ഇതാണ് പലപ്പോഴും ശരാശരി മലയാളിയുടെ ഭക്ഷണരീതി. പ്ലേറ്റ് നിറച്ച് ചോറും അല്പം കറികളും ആണ്  കൂടുതല്‍ ആള്‍ക്കാരും കഴിക്കുന്നത്. ചോറ് വയറ്റിനുള്ളില്‍ ചെന്ന് ദഹിക്കുമ്പോള്‍  ഗ്ലൂക്കോസ് ആയിട്ടാണ് മാറുന്നത്. ഈ ഗ്ലൂക്കോസ് രക്തത്തിലേയ്ക്ക് കടക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര ഉയരുമ്പോള്‍ അതിനെ നിയന്ത്രിക്കുവാന്‍ പാന്‍ക്രിയാസിലെ ബീറ്റകോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നു.

നാം ഓരോ പ്രാവശ്യവും ചോറ് ഉണ്ണുമ്പോള്‍ ഇത് സംഭവിക്കുന്നു. ബീറ്റകോശങ്ങളെകൊണ്ട് കൂടെ കൂടെ ഇങ്ങനെ അധികജോലി ചെയ്യിക്കുമ്പോള്‍ അത് ക്ഷീണിക്കുകയും ഇന്‍സുലിന്‍റെ ഉല്‍പ്പാദനം കുറയുകയും പ്രമേഹത്തിലേയ്ക്ക് അടുക്കുകയും ചെയ്യുന്നു. ചോറ് കൂടുതലുണ്ടാല്‍ അത് അമിതവണ്ണത്തിന് കാരണമാവാം. കാരണം ചോറ് ദഹിച്ച് ഗ്ലൂക്കോസ് ആയി മാറുന്നു. ഈ ഗ്ലൂക്കോസ് ശരീരം ഊര്‍ജ്ജാവശ്യത്തിന് ഉപയോഗിക്കുന്നു. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഊര്‍ജ്ജം ചിലവാകുന്ന പ്രവര്‍ത്തികള്‍ കുറവായതിനാല്‍ ഗ്ലൂക്കോസ് (കാലറി) കൊഴുപ്പായി മാറ്റി ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഇത് അമിതവണ്ണത്തിനും പ്രമേഹം, ഹൃദ്രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്കും ഒക്കെ കാരണമാവുകയും ചെയ്യുന്നു.

ചോറുണ്ണുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

∙ ദിവസം ഒരു നേരം മാത്രം ചോറുണ്ണുക. ഒരു ദിവസം ഒരു പ്രാവശ്യം ഒരു ധാന്യം നമുക്ക് മതിയാവും.

∙ ചോറിന്‍റെ അളവ് കുറയ്ക്കുക. കറികള്‍ കൂടുതലായി ഉപയോഗിക്കുക. ചോറും കറിയും എന്ന പ്രയോഗം മാറ്റി കറിയും ചോറും എന്നാക്കുക. 

∙ ഒരു പ്ലേറ്റിന്‍റെ നാലില്‍ ഒരു ഭാഗം മാത്രം ചോറ് എടുക്കുക. ബാക്കി മൂന്നുഭാഗവും വിവിധ കറികള്‍ എടുക്കുക. അതില്‍ പ്രോട്ടീന്‍ അടങ്ങിയവയും പച്ചക്കറികളും   ഇലക്കറികളും ഉണ്ടാവണം.

∙ തവിടുള്ള അരിയുടെ ചോറ് ഉപയോഗിക്കുക. തവിടുള്ള കുത്തരി മാര്‍ക്കറ്റില്‍ ലഭ്യമാണ്. തവിടില്‍ നാരുകള്‍, ചില വിറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചോറ് സാവധാനമേ ദഹിക്കുകയുള്ളൂ. സാവധാനമേ രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തുകയുള്ളൂ. ഇത് ആരോഗ്യപരമായി ഗുണം ചെയ്യും.

(കോട്ടയം പൊന്‍കുന്നം ശാന്തിനികേതന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA