ADVERTISEMENT

ജീവിതത്തിന്‍റെ ഒഴുക്കിനെ പല തരത്തില്‍ ബാധിക്കുന്ന ഒരു സ്വാഭാവിക പ്രകൃതിപ്രതിഭാസമാണ് വാര്‍ധക്യം. ഇതിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. പ്രായമാകുമ്പോൾ  പല വിധ അസുഖങ്ങളും കൂടെക്കൂടും. ഇതും ജീവിതം ദുഷ്ക്കരമാക്കാം. എന്നാല്‍ വാര്‍ധക്യത്തിന്‍റെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ നമ്മുടെ ഭക്ഷണക്രമവും ചില ശീലങ്ങളും വഴി കഴിയും. 

പ്രായമാകുമ്പോൾ  നിത്യജീവിതത്തില്‍ പിന്തുടരാവുന്ന ചില ഭക്ഷണശീലങ്ങള്‍ പരിചയപ്പെടുത്തുകയാണ് എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വെസ്റ്റ എല്‍ഡര്‍കെയര്‍ സിഒഒ ഡോ. പ്രതീക് ഭരദ്വാജ്.

 

1. കാല്‍സ്യം സമ്പന്ന ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് കാല്‍സ്യം ലഭിക്കാന്‍ സഹായിക്കും. പ്രായമാകുമ്പോൾ  എല്ലുകള്‍ ദുര്‍ബലമാകുന്നതിനെ തടയാൻ  ഇത്തരം കാല്‍സ്യം ഭക്ഷണങ്ങള്‍ ആവശ്യമാണ്. 

 

2. ആരോഗ്യകരമായ കൊഴുപ്പ്

എണ്ണ ഭക്ഷണത്തിലും മാംസത്തിലും ചില പാലുൽപന്നങ്ങളിലുമുള്ള സാച്ചുറേറ്റഡ് കൊഴുപ്പ് വാർധക്യത്തിൽ കുറയ്ക്കേണ്ടതാണ്. പകരം അവോക്കാഡോ, മീന്‍, സസ്യ എണ്ണകള്‍ എന്നിവ പോലെ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.

 

3. നാരുകള്‍ ചേര്‍ന്ന ഭക്ഷണം

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിങ്ങനെ നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് മലബന്ധം തടയും. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍, മറ്റ് പോഷണങ്ങള്‍ എന്നിവയും ഇതുവഴി ലഭിക്കും. 

 

4. ലീന്‍ പ്രോട്ടീനുകള്‍

പ്രായമാകുമ്പോൾ  ഭാരം കുറയാനും പേശികള്‍ നഷ്ടമാകാനും സാധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനം ലഘൂകരിക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. മീന്‍, മുട്ടയുടെ വെള്ള, ബീന്‍സ് എന്നിങ്ങനെ ലീന്‍ പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. 

 

5. വെള്ളവും ആരോഗ്യ പാനീയങ്ങളും

ശരീരത്തിന് സംഭവിക്കുന്ന നിര്‍ജലീകരണം പ്രായമാവരില്‍ മലബന്ധം, വൃക്കയില്‍ കല്ലുകള്‍, ശരീരം അമിതമായി ചൂടാകല്‍, മൂഡ് മാറ്റം, അവ്യക്തമായ ചിന്ത എന്നിവയിലേക്ക് നയിക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ഇതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. കൊഴുപ്പില്ലാത്തതോ കുറഞ്ഞതോ ആയ പാല്‍, മധുരം ചേര്‍ക്കാത്ത സമ്പുഷ്ടീകരിച്ച പാല്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ് എന്നിവയെല്ലാം പ്രതിദിന കാലറി ആവശ്യകതയ്ക്കുള്ളിലാകുന്ന തരത്തില്‍ കഴിക്കാം. 

 

ഓരോ വ്യക്തിയുടെയും ആരോഗ്യ സാഹചര്യവും രോഗാവസ്ഥകളും വ്യത്യസ്തമായതിനാല്‍ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടേണ്ടതാണ്.

Content Summary: Dietary habits for seniors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com