കരളിന്‍റെ ആരോഗ്യത്തിന് ന്യൂട്രീഷനിസ്റ്റ് ലവനീത് ബത്ര നിര്‍ദേശിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍
Mail This Article
ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരള്‍. രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നതു മുതല്‍ ദഹനവും വൈറ്റമിന്‍ ശേഖരണവും ഉള്‍പ്പെടെ പല പ്രവര്‍ത്തനങ്ങളും കരള്‍ നിര്‍വഹിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ കാര്യമായ തോതില്‍ സ്വാധീനിക്കാറുണ്ട്. ഉദാഹരണത്തിന് സംസ്കരിച്ച ഭക്ഷണവും റിഫൈന്‍ ചെയ്ത പഞ്ചസാരയും സാച്ചുറേറ്റഡ് കൊഴുപ്പുമെല്ലാം കഴിക്കുന്നത് കരളില്‍ കൊഴുപ്പടിഞ്ഞ് ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങള്‍ വരുത്തിവയ്ക്കും. കരളിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രശസ്ത ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര.
1. വീറ്റ് ഗ്രാസ്
ഗോതമ്പ് മുളപ്പിച്ചുണ്ടാക്കുന്ന വീറ്റ് ഗ്രാസ് ഉയര്‍ന്ന തോതില്‍ ക്ലോറോഫില്‍ അടങ്ങിയതാണ്. ഈ ക്ലോറോഫില്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്ത് കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
2. ബീറ്റ്റൂട്ട് ജ്യൂസ്
നൈട്രേറ്റുകളും ബെറ്റലെയ്ന്‍ എന്ന ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കരളിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു. കരളിനെ വിഷമുക്തമാക്കുന്ന പ്രക്രിയയെയും ഇത് മെച്ചപ്പെടുത്തും.
3. മുന്തിരി
ഗുണപ്രദമായ പല സസ്യ സംയുക്തങ്ങളും അടങ്ങിയ പഴമാണ് മുന്തിരി. ഇതിലെ റെസ് വെരാട്രോള്‍ ആന്‍റി ഓക്സിഡന്‍റുകളുടെ തോത് വര്‍ധിപ്പിക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും.
4. ബ്രോക്കളി
ബ്രോക്കളി, ബ്രസല്‍സ് സ്പ്രോട്സ്, കോളിഫ്ളവര്‍ പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ കരളിനെ പലവിധ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കരളിലെ എന്‍സൈമുകളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
5. വാള്‍നട്ട്
ഫാറ്റി ലിവര്‍ രോഗം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ വാള്‍നട്ട് സഹായിക്കുന്നു. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളും പോളിഫെനോള്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്ട് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും.
Content Summary: Foods imapct liver health