പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഒന്‍പത് ഭക്ഷണങ്ങള്‍
Mail This Article
മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന് പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്. പ്രമേഹം ഇന്ന് യുവാക്കളിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്.
പ്രമേഹ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഗ്ലൈസിമിക് സൂചിക കുറഞ്ഞ ഒന്‍പത് ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് തന്റെ ഇന്‍സ്‌റ്റാഗ്രാം പോസ്‌റ്റിലൂടെ പോഷകാഹാര വിദഗ്‌ധ അഞ്‌ജലി മുഖര്‍ജി.
1. ഫൈബര്‍ സമ്പന്നമായ പച്ചക്കറികള്‍
ബീന്‍സ്, ചീര, ബ്രോക്കളി, പച്ചിലകള്‍ എന്നിങ്ങനെ ഫൈബര്‍ തോത് അധികമുള്ള പച്ചക്കറികള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. ഇവ പ്രമേഹത്തിന്റെ തോത് നിയന്ത്രിക്കുമെന്ന് മാത്രമല്ല വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നതിനാല്‍ അമിതമായി ഭക്ഷണം അകത്ത് ചെല്ലാതിരിക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിനും ഇവ നല്ലതാണ്.
2. പയര്‍ വര്‍ഗങ്ങള്‍
ഗ്ലൈസിമിക് സൂചിക കുറഞ്ഞതും ഫൈബറും പ്രോട്ടീനുമെല്ലാം അടങ്ങിയതുമായ പയര്‍ വര്‍ഗങ്ങളും പ്രമേഹ നിയന്ത്രണത്തില്‍ സഹായിക്കുന്നു.
3. നട്‌സ്
ആല്‍മണ്ട്, വാള്‍നട്ട് എന്നിങ്ങനെയുള്ള നട്‌സ് വിഭവങ്ങളില്‍ ഫൈബറും പ്രോട്ടീനും ഒമേഗ-3 കൊഴുപ്പുമെല്ലാം നിറയെ അടങ്ങിയിരിക്കുന്നു. ഇവ പതിയെ മാത്രം ദഹിക്കുമെന്നതിനാല്‍ വിശപ്പടക്കാനും രക്തത്തിലെ പഞ്ചസാരയെ കാര്യക്ഷമമായി നിയന്ത്രിക്കാനും സഹായിക്കും.
4. ബാര്‍ലി
അരിക്ക് പകരം ബാര്‍ലി ഉപയോഗിച്ച് തുടങ്ങുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇവയുടെ ഗ്ലൈസിമിക് സൂചിക വളരെ കുറവാണ്.
5. ഓട്‌സ്
പ്രഭാതഭക്ഷണം ഓട്‌സ് കഴിച്ചു കൊണ്ടാകാം. ഫൈബര്‍ സമൃദ്ധമായി അടങ്ങിയ ഈ ഭക്ഷണം ഗ്ലൂക്കോസിന്റെ ആഗീരണത്തെ മെല്ലെയാക്കുന്നു. ഇതുവഴി പഞ്ചസാരയുടെ തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ ഓട്‌സ് സഹായിക്കും.
6. പാവയ്‌ക്ക
പാവയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന ആക്ടീവ് സംയുക്തങ്ങള്‍ പ്രമേഹ നിയന്ത്രണത്തില്‍ സഹായകമാണ്. ജ്യൂസായി പാവയ്‌ക്ക കുടിക്കുന്നതിന് ഗുണമേറും.
7. ഉലുവ
ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ശേഷം രാവിലെ ഈ വെള്ളവും ഉലുവയും കൂടി വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഈ ശീലം കാര്‍ബോഹൈഡ്രേറ്റ്‌സ് അതിവേഗം ആഗീരണം ചെയ്യപ്പെടുന്നതിനെ തടയും. ഇത് വഴി രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് വര്‍ധിക്കുന്നതിനെ തടയാന്‍ സാധിക്കും.
8. ഗ്രീന്‍ ടീ
പോളിഫെനോളും ആന്റി ഓക്‌സിഡന്റുകളുമുള്ള ഗ്രീന്‍ ടീയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാന്‍ സഹായകമാണ്.
9. ഫ്‌ളാക്‌സ് വിത്തുകള്‍
ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ഫൈബറും അടങ്ങിയ ഫ്‌ളാക്‌സ് വിത്തുകളും പ്രമേഹനിയന്ത്രണത്തിന് ഫലപ്രദമായ ഭക്ഷണവിഭവമാണ്.
Content Summary: 9 Low Glycemic Foods That Can Help Control Blood Sugar Levels